SignIn
Kerala Kaumudi Online
Monday, 08 June 2026 3.38 AM IST

സലിംകുമാറിന്റെ മായാത്ത ചിരി

k

നമ്മുടെ നാടിന്റെ മണ്ണിൽ വേരുകളുറപ്പിച്ച ചിരിയായിരുന്നു സലിംകുമാറിന്റേത്. നാട്ടിൻപുറത്തിന്റെ മണവും ഗുണവുമുള്ള ചിരി. ചിറ്റാറ്റുകരയിലെ ഗ്രാമീണ മനുഷ്യരും അവരുടെ കഷ്ടപ്പാട് നിറഞ്ഞ ദരിദ്രജീവിതവുമാണ് സലിംകുമാറിനെ ജീവിതത്തെനോക്കി ചിരിക്കാനും സ്വയം പരിഹസിച്ച് തനിയെ ചിരിക്കാനും പഠിപ്പിച്ചത്. തെരുവു നാടകങ്ങളിലൂടെ, മിമിക്രിയിലൂടെ സിനിമയിലെത്തിയപ്പോൾ ആ ചിരി മലയാളികളുടെ മൊത്തം ചിരിയായി മാറി.

സലിംകുമാറിന്റെ ചിരിക്ക് ഒരു പൂർവമാതൃക കണ്ടെത്തുക പ്രയാസമാണ്. അടൂർഭാസിയും എസ്.പി. പിള്ളയും ബഹദൂറും മണവാളൻ ജോസഫും പട്ടം സദനും മുതൽ ജഗതി ശ്രീകുമാർ വരെയുള്ളവരുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു സലിംകുമാർ തീർത്ത ചിരിയുടെ അടരുകൾ.

വീണ്ടും വീണ്ടും ഓർത്തോർത്ത് ചിരിക്കാൻ പോകുന്ന എന്തോ ഒന്ന് ഓരോ ചെറിയ ചിരിയിലും സലിംകുമാർ നിക്ഷേപിച്ചിരുന്നു. അന്തസാര ശൂന്യമല്ലാത്ത, അർത്ഥബോധമുള്ള ആ ചിരിയാണ് സലിംകുമാറിന്റെ ഏറ്റവും വലിയ സംഭാവന. അതുകൊണ്ടുതന്നെയാണ് ആരോഗ്യ പ്രശ്നങ്ങളാൽ വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും എങ്ങോട്ടുംപോകാതെ നമ്മെ തുടർന്നും ചിരിപ്പിച്ചുകൊണ്ടിരുന്ന ഒരാൾ എന്ന തോന്നൽ നമ്മിൽ സൃഷ്ടിക്കാൻ സലിംകുമാറിനായത്. സോഷ്യൽ മീഡിയയിലെ ട്രോളുകൾ അതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സിനിമയിലും പുറത്തും സലിംകുമാറിന് ചുറ്റും എന്നും ചിരിയായിരുന്നു. താൻ കാണുകയും അനുഭവിക്കുകയും ചെയ്ത ജീവിത യാഥാർത്ഥ്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങൾ നർമ്മത്തിലൂടെ ആയിരുന്നു ആ നടൻ സമൂഹവുമായി പങ്കുവച്ചിരുന്നത്.

സിനിമയ്ക്ക് അകത്ത് മാത്രം മുഴങ്ങിയ ഒരു ചിരി ആയിരുന്നില്ല അത്. സമൂഹത്തിലും ആ ചിരിയുടെ അലയൊലികൾ സാധാരണക്കാരെ ഹരം കൊള്ളിക്കുകയും ചിരിയോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ തന്നെ ഒരു പരിച്ഛേദമാണ് സിനിമയും. ഗ്ളാമറിന്റെയും പണത്തിന്റെയും തൂക്കത്തിലാണ് അവിടെ മനുഷ്യബന്ധങ്ങൾ ഉടലെടുത്ത്, നിലനിന്ന്, പൊലിയുന്നത്. സ്വന്തമായ നിലപാടുകൾ ഉള്ളവർ രാഷ്ട്രീയ രംഗത്തെന്നപോലെ സിനിമാരംഗത്തും കുറവാണ്. നിലപാടുകളിൽ ഉറച്ച് നിൽക്കുമ്പോൾ സ്വാഭാവികമായും അതിനെ എതിർക്കുന്നവർ ശത്രുപക്ഷത്ത് അണിനിരക്കാം. അതിലൂടെ പല ഭൗതിക നഷ്ടങ്ങളും ഉണ്ടായേക്കാം. എന്നാൽ, ഇതൊന്നും നോക്കാതെ തന്റെ മനസിൽ സത്യമെന്ന് തോന്നുന്ന കാര്യങ്ങൾ, ഏതൊരു സംഭവത്തെക്കുറിച്ചുള്ള പ്രതികരണത്തിലായാലും പച്ചയായി തുറന്നുപറയാൻ തന്റേടം കാണിച്ചിട്ടുള്ള നടൻ കൂടിയാണ് അദ്ദേഹം.

സഹോദരനയ്യപ്പൻ ജനിച്ച അതേ മണ്ണിൽ നിന്നുവന്ന ഒരാൾ അങ്ങനെയൊക്കെ പ്രതികരിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. സൂപ്പർ താരങ്ങളുടെ അമിതമായ ഇടപെടൽ സിനിമയ്ക്ക് ദോഷകരമാണെന്ന് പോലും ഒരു ഘട്ടത്തിൽ സലിംകുമാർ തുറന്നു പറഞ്ഞിരുന്നു. അതുകൊണ്ട് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടായി കാണില്ല. എങ്കിലും വ്യക്തിത്വമുള്ള, ദാസ്യഭാവമില്ലാത്ത ഒരു നടൻ എന്ന ഇമേജ് സാധാരണ ജനങ്ങൾക്കിടയിൽ നേടിക്കൊടുക്കാൻ ഇടയാക്കി. അടിയുറച്ച ഒരു കോൺഗ്രസ് വിശ്വാസിയായിരുന്നു സലിംകുമാർ. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രചാരണത്തിന് പോകുമായിരുന്നു. തിരഞ്ഞെടുപ്പും പ്രചാരണവും കഴിഞ്ഞാൽ ഒറ്റ ഒരെണ്ണം തിരിഞ്ഞുനോക്കാറില്ല എന്നു പറഞ്ഞ് കോൺഗ്രസ് പാർട്ടിയെ കളിയാക്കി ഉറക്കെ ചിരിക്കാനും സലിംകുമാറിന് മടിയില്ലായിരുന്നു. അതേസമയം 'ഞങ്ങളുടെ എം.എൽ.എ വി.ഡി. സതീശൻ അക്കൂട്ടത്തിൽപ്പെടുന്ന ആളല്ല' എന്ന് അഭിമുഖങ്ങളിൽ സലിംകുമാർ എടുത്തുപറയുകയും ചെയ്തിരുന്നു.

സ്ഥാനമാനങ്ങൾ മോഹിച്ചല്ല മറ്റു പലരെയും പോലെ കോൺഗ്രസ് നേതാക്കളുമായി സലിംകുമാർ സൗഹൃദം പുലർത്തിയത്. ഇടതുപക്ഷ വിശ്വാസം പുലർത്തിയിരുന്ന സിനിമാ പ്രവർത്തകരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും പ്രത്യേകിച്ച്,

കണ്ണൂരിലെ നിലപാടുകളുള്ള നേതാവായ പി. ജയരാജനുമായും മറ്റും വളരെ അടുത്ത ബന്ധമാണ് സലിംകുമാറിന് ഉണ്ടായിരുന്നത്. ഉദയനാണ് താരത്തിൽ എടാ രാജപ്പാ എന്ന് വിളിച്ചിട്ട് സൂപ്പർസ്റ്റാർ സരോജ് കുമാറിന്റെ കരണക്കുറ്റിക്ക് അടിക്കുന്നത്, മീശമാധവനിലെ വക്കീലായി വന്ന് ഭയങ്കര ബുദ്ധിയാ, ഒരു ലുക്കില്ലെന്നേ ഉള്ളൂ, മായാവിയിലെ കണ്ണൻ സ്രാങ്കിന്റെ 'ഇതൊക്കെ എന്ത്' എന്ന ഡയലോഗ് തുടങ്ങി എത്രയെത്ര മുഹൂർത്തങ്ങളാണ് സലിംകുമാറുമായി ബന്ധപ്പെട്ട് പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നത്.

ഹാസ്യം പോലെതന്നെ ക്യാരക്ടർ റോളുകളും അനായാസമായി തനിക്ക് പകർന്നാടാൻ കഴിയുമെന്ന് ആദാമിന്റെ മകൻ അബു, പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട് തുടങ്ങിയ സിനിമകളിലൂടെ സലിംകുമാർ തെളിയിക്കുകയും ചെയ്തിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ 2006ൽ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2012ൽ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഥമ പുരസ്കാരവും സലിംകുമാറിനെ തേടിയെത്തിയിരുന്നു. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളുടെ ഏറ്റവും വലിയ നേട്ടങ്ങൾ പുറത്തുവരേണ്ട ഒരു പ്രായത്തിലാണ് സലിംകുമാർ വിട പറഞ്ഞിരിക്കുന്നത്; കാലം കുറഞ്ഞ ദിനമെങ്കിലും മായാത്ത ചിരികൾ നമുക്ക് സമ്മാനിച്ചിട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY