SignIn
Kerala Kaumudi Online
Saturday, 01 August 2026 3.09 AM IST

അവരെ ഇങ്ങനെയും ശ്വാസംമുട്ടിക്കരുത്

a

സാധാരണക്കാർക്ക് ആശ്വാസമാകുന്നതോ പ്രയോജനപ്പെടുന്നതോ ആയ എന്തു പദ്ധതി ഏതു സർക്കാർ പ്രഖ്യാപിച്ചാലും ശരി, ആ ആശ്വാസം അനുഭവത്തിൽ വരണമെങ്കിൽ ബന്ധപ്പെട്ട വകുപ്പിലെ ജീവനക്കാർ വിചാരിക്കണം. നിർഭാഗ്യവശാൽ, നമ്മുടെ സർക്കാർ ഓഫീസുകളിലെ വലിയൊരു വിഭാഗം ജീവനക്കാർ 'ഉടക്കുവയ്പു'കാരാണ്! അതായത്, എന്തെങ്കിലും സർക്കാർ സേവനത്തിനോ ആനുകൂല്യത്തിനോ അപേക്ഷയുമായി എത്തുന്ന സാധാരണക്കാർക്ക് അത് എങ്ങനെ നടത്തിക്കൊടുക്കാതിരിക്കാം എന്നാവും ഇക്കൂട്ടരുടെ ചിന്ത! കണ്ണിൽച്ചോരയില്ലാത്ത ഇത്തരമൊരു ഉടക്കുവയ്പിനെക്കുറിച്ചുള്ള യാഥാർത്ഥ്യം പുറത്തു കൊണ്ടുവരുന്നതായിരുന്നു 'ജീവൻ രക്ഷിക്കാൻ വൈദ്യുതി ഫ്രീ ഇല്ല' എന്ന തലക്കെട്ടിൽ ഞങ്ങൾ ഇന്നലെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്.

വീടുകളിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി പൂർണ സൗജന്യമാക്കിക്കൊണ്ട് 2021ൽ വൈദ്യുതി ബോർഡ് ഉത്തരവിറക്കിയിരുന്നു. കടുത്ത ശ്വാസകോശ രോഗങ്ങൾ കാരണം ജീവിതകാലം മുഴുവൻ വീട്ടിൽത്തന്നെ ശ്വസനോപകരണങ്ങളെ ആശ്രയിക്കേണ്ടിവരുന്ന ആയിരക്കണക്കിനു പേർ സംസ്ഥാനത്തുണ്ട്. അവർക്ക് വലിയൊരളവ് ആശ്വാസം പകരുന്നതായിരുന്നു ആ ഉത്തരവ്. 2014ൽ ഇക്കാര്യത്തിൽ ആദ്യ ഉത്തരവ് ഇറങ്ങിയപ്പോൾ 100 യൂണിറ്റ് വരെയുള്ള വൈദ്യുതിക്കായിരുന്നു സൗജന്യം. എന്നാൽ വിലയേറിയ ശ്വസനോപകരണങ്ങൾ വീട്ടിൽത്തന്നെ സജ്ജീകരിക്കാനുള്ള ചെലവിനു പുറമേ,​ ഇവ തുടർച്ചായി ഉപയോഗിക്കേണ്ടതിനാൽ പ്രതിമാസം അടയ്ക്കേണ്ടിവരുന്ന അധിക വൈദ്യുതി ചാർജ് കൂടി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇങ്ങനെ ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഇളവ് അനുവദിച്ച് 2019ൽ കെ.എസ്.ഇ.ബി പുതിയ ഉത്തരവിറക്കിയത്. അക്കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു 2021ലെ ഉത്തരവ്.

ഇത്തരം വൈദ്യുതി സൗജന്യത്തിന് അപേക്ഷിക്കുന്നവരുടെ വീട് സന്ദർശിച്ച് ശ്വസനോപകരണങ്ങൾക്കുള്ള വൈദ്യുതിയുടെ അളവ് തിട്ടപ്പെടുത്തേണ്ട ചുമതല ബന്ധപ്പെട്ട വൈദ്യുതി ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്കാണ്. ഈ മെനക്കേട് ഒഴിവാക്കാൻ ഓരോരോ മുടന്തൻ ന്യായം പറഞ്ഞ് സൗജന്യം നിഷേധിക്കുകയാണ് പല വൈദ്യുതി ഓഫീസുകളുടെയും രീതിയെന്നാണ് ആക്ഷേപം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ,​ സക്ഷൻ ഉപകരണം,​ എയർ ബെഡ് തുടങ്ങിയവയുടെ സഹായത്തോടെ ജീവൻ നിലനിറുത്തിപ്പോരുന്ന ശ്വാസകോശ രോഗികളുടെ കാര്യത്തിലാണ് ഒരു വിഭാഗം ജീവനക്കാരുടെ ക്രൂരതയെന്ന് ഓർക്കണം! വൈദ്യുതി നിലയ്ക്കുന്നത്രയും നേരം ജീവവായു തടസപ്പെടാതിരിക്കാൻ ഇൻവെർട്ടറുകളുടെ സഹായത്തോടെ ശ്വസനോപകരണം പ്രവർത്തിപ്പിക്കേണ്ടത്ര അടിയന്തര സാഹചര്യത്തിലുള്ളവരാണ് ഈ രോഗികൾ. ജോലിഭാരം എന്നു പറഞ്ഞ് ബോർഡ് ജീവനക്കാർ നിരസിക്കുന്നത് നിസഹായരായ രോഗികളുടെയും അവരുടെ ബന്ധുക്കളുടെയും അതിജീവന ശ്രമങ്ങളെയാണ്.

ഈയിടെ മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസപ്പെട്ട അവസരങ്ങളിൽ സഹായം തേടി കെ.എസ്.ഇ.ബി ഓഫീസുകളിലേക്ക് വിളിച്ച ഇത്തരം രോഗികളോട് 'ഇൻവെർട്ടർ വച്ചാൽ ഈ പ്രശ്നമുണ്ടോ' എന്നായിരുന്നത്രേ ജീവനക്കാരുടെ ചോദ്യം. ഈ വിഷയം നേരത്തെയും മുഖപ്രസംഗത്തിലൂടെ ഞങ്ങൾ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ ലോഡ് ഷെഡിംഗ് സമയത്ത് ജീവൻരക്ഷാ ഉപകരണം തുടർച്ചയായി പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതുകൊണ്ട് മണിക്കൂറുകൾക്കകം ഒരു രോഗി മരിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തതാണ്. ഇതൊന്നും കേട്ടിട്ടും തുറക്കാത്ത കണ്ണും കാതുമാണോ സംസ്ഥാന വൈദ്യുതി ബോർഡിന്റേത്?​ വീട്ടിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്കുള്ള വൈദ്യുതി സൗജന്യമായി നല്കാനുള്ള സ്വന്തം വകുപ്പിന്റെ ഉത്തരവ് അനുസരിക്കാനുള്ള കാരുണ്യം ഈ ജീവനക്കാർക്ക് എന്നുണ്ടാകും?​ വൈദ്യുതി മന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ട് ഈ രോഗികൾക്ക് ആശ്വാസം പകരുന്ന നടപടിക്ക് ഒരുദിവസം പോലും വൈകരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY