
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിർമ്മിതികളും പ്രവർത്തനങ്ങളും തന്നിഷ്ടം പോലെ ആവർത്തിച്ചാൽ അതിന്റെ തിരിച്ചടി രൂക്ഷമായിരിക്കും എന്നത് നേരിൽ അനുഭവമുള്ള നാടുകളിൽ ഒന്നാണ് കേരളം. നമ്മുടെ നാടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളിലൊന്നായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിന് കഴിഞ്ഞ ദിവസം രണ്ടുവയസ് തികഞ്ഞതേ ഉള്ളൂ. പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിർമ്മാണം അനുവദിക്കരുതെന്നും അങ്ങനെ വന്നാൽ അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയ പരിസ്ഥിതി ശാസ്‌ത്രജ്ഞരെ പരിഹസിച്ചുകൊണ്ട് ഇത്തരം ചട്ടങ്ങൾക്കെതിരെ സമരം നടത്തിയ ചരിത്രവും നമുക്ക് അവകാശപ്പെടാനുണ്ട്. പരിസ്ഥിതി ആഘാത പഠനം കൂടാതെ സർക്കാരിന്റെ ആയാലും സ്വകാര്യ മേഖലയുടേതായാലും പദ്ധതികൾ നടത്താൻ പാടില്ല എന്നത് പരിസ്ഥിതിയുടെ മാത്രമല്ല അവിടെ വസിക്കുന്ന മനുഷ്യന്റെ സംരക്ഷണത്തിന് കൂടി ഉദ്ദേശിച്ച് രൂപപ്പെടുത്തിയതാണ്.
ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്ന ഭരണകൂടങ്ങൾതന്നെ ചില വിജ്ഞാപനങ്ങളിലൂടെ ഇത്തരം നിയമങ്ങളുടെ അന്തഃസത്ത ചോർത്തിക്കളയുകയും അട്ടിമറിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെങ്കിലും അങ്ങനെ സംഭവിക്കാറുണ്ട്. മുൻകൂർ പരിസ്ഥിതി അനുമതിയില്ലാതെ ആരംഭിച്ച പദ്ധതികൾക്ക് പിന്നീട് അനുമതി നൽകി നിയമവിധേയമാക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2021ൽ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയത് പരിസ്ഥിതി സംരക്ഷണത്തിന് കോടതി നൽകുന്ന പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്. എന്നാൽ ഈ റദ്ദാക്കൽ ഭാവിയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനാൽ നിലവിലുള്ള ഒരു പദ്ധതിയെയും തടസപ്പെടുത്തുകയുമില്ല. അതോടൊപ്പം 2006ലെ പരിസ്ഥിതി അനുമതി വിജ്ഞാപനത്തെ ഭരണപരമായ ഉത്തരവിലൂടെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നും കോടതി വിധിക്കുകയുണ്ടായി.
2006ലെ വിജ്ഞാപനം പറയുന്നത് മുൻകൂർ പരിസ്ഥിതി അനുമതി ഏതൊരു പദ്ധതിക്കും ആവശ്യമാണെന്നതാണ്. ഇതൊരു ഔപചാരിക കടലാസ് നടപടി മാത്രമല്ലെന്നും പരിസ്ഥിതി നിയമത്തിന്റെ അടിസ്ഥാന ശിലയാണെന്നും സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തു. വൻകിട പദ്ധതികളായ ഹൈവേകൾ, വിമാനത്താവളങ്ങൾ, ഖനന പദ്ധതികൾ, റിയൽ എസ്റ്റേറ്റ് വികസനങ്ങൾ തുടങ്ങിയവ പരിസ്ഥിതിക്ക് എന്തെല്ലാം ആഘാതമുണ്ടാക്കുമെന്ന് മുൻകൂട്ടി പരിശോധിച്ചശേഷമേ അനുമതി നൽകാവൂ എന്നതാണ് 2006ലെ വിജ്ഞാപനത്തിന്റെ കാതൽ. ഒരു ഓഫീസ് മെമ്മോറാണ്ടം വഴി ഇത് അട്ടിമറിക്കാൻ ഭരണകൂടത്തിന് കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ സുപ്രീംകോടതി പകർന്നിരിക്കുന്നത്. 2021ലെ ഉത്തരവിലെ ഏറ്റവും ഗുരുതരമായ പിഴവായി കോടതി ചൂണ്ടിക്കാട്ടിയത്, അത് ഒറ്റത്തവണ ഇളവ് എന്ന പരിധിവിട്ട് സമാന്തര സംവിധാനമായി മാറി എന്നതാണ്. നിയമം ലംഘിച്ച് പദ്ധതി ആരംഭിച്ചാൽ പിന്നീട് അപേക്ഷ നൽകി നഷ്ടപരിഹാരം അടച്ച് അനുമതി നേടാമെന്ന കുറുക്കുവഴിയാണ് ഇത് തുറന്നുകൊടുത്തത്. ഈ കുറുക്കുവഴിയാണ് കോടതി ഈ വിധിയിലൂടെ അടച്ചിരിക്കുന്നത്.
അതേസമയം ഇതിനകം അനുമതി ലഭിച്ച പദ്ധതികൾക്ക് ഇത് ബാധകമാകില്ല എന്ന് പറഞ്ഞിരിക്കുന്നതിനാൽ ഇപ്പോൾ നടന്നുവരുന്ന ആയിരക്കണക്കിന് കോടിയുടെ പൊതുപ്രാധാന്യമുള്ള പദ്ധതികൾ അസാധുവാകില്ല. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ പൊതുതാത്‌പര്യത്തെ മുൻനിറുത്തി പദ്ധതികൾക്ക് ഒറ്റത്തവണ ഇളവ് അനുവദിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ഇത്തരം അനുമതി ഒരു സ്ഥിരം സംവിധാനമാക്കി മാറ്റാൻ പാടില്ല എന്നതാണ് ഈ വിധിയുടെ ഉൗന്നൽ. പരിസ്ഥിതി ആഘാത പഠനം നടത്താതെ ഇനിമുതൽ വൻകിട പദ്ധതികൾക്ക് അനുമതി ലഭിക്കില്ല എന്നതാണ് ഈ വിധി ഉറപ്പാക്കിയിരിക്കുന്നത്. ഈ കാലഘട്ടത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും അനുയോജ്യമായ ഈ വിധി ശ്ളാഘിക്കപ്പെടേണ്ടതു തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |