SignIn
Kerala Kaumudi Online
Friday, 14 August 2026 2.23 AM IST

ശരണ്യയുടെ നേട്ടം വഴികാട്ടിയാകട്ടെ

a

ഇടുക്കി കണ്ണമ്പടി ആദിവാസി മേഖലയിൽ നിന്നുള്ള ഡോ. ശരണ്യ മോഹൻ ഉപ്പുതറ സി.എച്ച്.സിയിൽ അസിസ്റ്റന്റ് സർജനായി ജോലിയിൽ പ്രവേശിക്കുമ്പോൾ കേരളത്തിന് അതൊരു ചരിത്രവും തിളങ്ങുന്ന അഭിമാനവുമായി മാറുകയാണ്. കണ്ണമ്പടി വനമേഖലയിൽ നിന്ന് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് ശരണ്യ എം.ബി.ബി.എസ് ബിരുദം നേടിയത്. ഇല്ലായ്മകളെയൊക്കെ പഠനത്തിൽ സമർത്ഥയായ ശരണ്യ അനുകൂലമാക്കി മാറ്റി. സ്ഥിരോത്സാഹവും കഠിനാദ്ധ്വാനവും കൈമുതലായുണ്ടെങ്കിൽ സ്വപ്നം കാണുന്നതൊക്കെ കരഗതമാകുമെന്നതിന്റെ തെളിവാണ് ഈ മിടുക്കി. സ്വന്തം നാട്ടിലെ സാമൂഹ്യ കേന്ദ്രത്തിൽത്തന്നെ ജോലിയിൽ പ്രവേശിച്ചു എന്നത് നാടിനാകെ അഭിമാന ചരിത്രമായി.

പുന്നപ്പാറ 'ഉന്നതി'യിൽ കണ്ടത്തിൻകര കെ.എൻ. മോഹനൻ- മിനിമോൾ ദമ്പതികളുടെ ഏക മകളാണ് ശരണ്യ. ഉന്നതിയെന്ന വിലാസം തന്നെ അർത്ഥവത്താണ്. അക്ഷരത്തിലൂടെയും അറിവിലൂടെയും മാത്രമേ ഉന്നതിയിലെത്താനാകൂ എന്ന് രാജ്യത്തെ പഠിപ്പിച്ചത് ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളാണ്.

വിദ്യയിലൂടെ പ്രബുദ്ധരാകാനുള്ള അദ്ദേഹത്തിന്റെ ഉദ്‌ബോധനം കേരളവും തലമുറകളും ഉൾക്കൊണ്ടതിന്റെ പ്രതിഫലനമാണ് അവശരും പിന്നാക്കക്കാരുമായ ഭൂരിപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസപരമായ ഉന്നതി. പത്താം ക്ളാസിൽ 90 ശതമാനവും പ്ളസ് ടുവിന് 88 ശതമാനവും മാർക്കുണ്ടായിരുന്നു ശരണ്യയ്ക്ക്. ഡോക്ടർ ആവുക എന്നതായിരുന്നു മുഖ്യലക്ഷ്യം. പ്ളസ് ടുവിന് പഠിക്കുമ്പോൾ സ്കൂളിൽ നടത്തിയ എം.ബി.ബി.എസ് പ്രവേശന പരീക്ഷാ പരിശീലന ക്ളാസ് ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിന് വലിയ സഹായമായി. 2019ലെ പ്രവേശന പരീക്ഷയിൽ ആദിവാസി വിഭാഗത്തിലെ 23-ാം റാങ്ക് കരസ്ഥമാക്കിയാണ് ശരണ്യ പാലക്കാട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. എം.ബി.ബി.എസിന് ഫസ്റ്റ് ക്ളാസ് ലഭിക്കുകയും ചെയ്തു. ഉൗരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറായ ശരണ്യയെ പട്ടികജാതി പട്ടികവർഗ പിന്നാക്ക മന്ത്രി കെ.എ. തുളസിയടക്കം നിരവധി പ്രമുഖർ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

എല്ലാ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും പഠനത്തിൽ ശ്രദ്ധിക്കാത്ത വലിയൊരു വിഭാഗം വിദ്യാർത്ഥികളുണ്ട്. പ്രായത്തിന്റെയും സഹപാഠികളുടെയും സാഹചര്യങ്ങളുടെയും പ്രലോഭനങ്ങളിലും സമ്മർദ്ദങ്ങളിലും പെട്ട് വഴിതെറ്റിപ്പോകുന്നവരും കുറവല്ല. കഠിനാദ്ധ്വാനം ചെയ്തും കടം വാങ്ങിയും മക്കളെ നല്ല നിലയിലെത്തിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളുടെ പ്രതീക്ഷകളെയാണ് അവർ തല്ലിക്കൊഴിക്കുന്നത്. വഴിപോലുമില്ലാത്ത വനമേഖലയിൽ നിന്നാണ് ശരണ്യ പഠിച്ച് ഉന്നതിയിലെത്തിയത് എന്ന യാഥാർത്ഥ്യം അവരെല്ലാം കണ്ണുതുറന്ന് കാണണം. ആദിവാസികൾക്ക് അന്നവും കിടപ്പാടവും എത്തിക്കുന്നതിൽ മാത്രമല്ല അവർക്കിടയിലെ സമർത്ഥരായ കുട്ടികളെ ഉന്നതിയിലെത്തിക്കുന്നതിൽ കൂടി ബന്ധപ്പെട്ട വകുപ്പുകളും അധികാരികളും ശ്രദ്ധിക്കണം. ആദിവാസികൾ പാർക്കുന്ന പല മേഖലകളിലും ഇനിയും പ്രാഥമിക സൗകര്യങ്ങൾ പോലും എത്തിയിട്ടില്ല.

കനത്ത മഴയിൽ ഇടമലക്കുടിയിൽ വഴിയടഞ്ഞതിനെ തുടർന്ന് നാട്ടുകാർ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കാട്ടിലൂടെ കിലോമീറ്ററുകൾ കാൽനടയായി ചുമന്നാണ്. കഠിനമായ പനിയും വയറുവേദനയും ശരീരവേദനയും മൂലം ഒരാഴ്ചയായി കിടപ്പിലായിരുന്ന ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ കൂടല്ലാർ കുടി സ്വദേശി മലയപ്പൻ എന്ന വൃദ്ധനെയാണ് അതിസാഹസികമായി വനപാതയിലൂടെ ആനക്കുളത്ത് എത്തിച്ചത്. തുടർന്ന് ഓട്ടോറിക്ഷയിൽ അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇടമലക്കുടിക്കു സമാനമായ സാഹചര്യങ്ങളാണ് കണ്ണമ്പടി ആദിവാസി മേഖലയും. അവിടെ നിന്നാണ് ആതുരസേവനരംഗത്ത് വെളിച്ചവും ആശ്വാസവും പകരാൻ ഡോ. ശരണ്യ എത്തിയിരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ ഉയരങ്ങളിലെത്താനുള്ള പ്രേരണയും മാതൃകയും വിദ്യാർത്ഥി സമൂഹം ശരണ്യയിൽ നിന്ന് ഉൾക്കൊള്ളണം. ഇതൊരു തുടക്കമാണ്. ശരണ്യ തെളിച്ച പാതയിലൂടെ എണ്ണമറ്റ പിന്മുറക്കാർ മുന്നേറട്ടെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION