
ദേശീയപാതയുടെ മദ്ധ്യത്തുനിന്നും വീടുകൾക്ക് 40 മീറ്ററും വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്ററും ദൂരപരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം കേരളത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിൽ ദേശീയപാതയ്ക്ക് 45 മീറ്റർ വീതിയാണുള്ളത്. എന്നാൽ സുപ്രീംകോടതിയുടെ പുതിയ മാനദണ്ഡം അതേപടി നടപ്പാക്കേണ്ടിവന്നാൽ റോഡിന് പുറമെയുള്ള അതിർത്തിയിൽ നിന്നും ഇരുവശങ്ങളിലേക്കും വലിയൊരു പ്രദേശം കൂടി നിർമ്മാണ നിയന്ത്രണ പരിധിയിൽ വരുമെന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തെ ലക്ഷക്കണക്കിന് സ്വകാര്യ ഭൂവുടമകളെയും കെട്ടിടങ്ങളെയും ബാധിക്കുമെന്നതിനാൽ അത് സംസ്ഥാനത്തിന് സാമ്പത്തിക ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. ദേശീയപാതാ അതോറിട്ടി അവർക്ക് ആവശ്യമായ ഭൂമി മാത്രമേ എടുക്കുകയുള്ളൂ. രണ്ട് സെന്റ് അധികം വന്നാലും ഒരു സെന്റ് അധികം വന്നാലും അതുകൂടി എടുക്കാറില്ല.
ഇത്തരം അധികം വന്ന ഭൂമിയിൽ പൊതുവെ ആളുകൾ കടകളും മറ്റും നിർമ്മിക്കുകയും ജീവനോപാധിക്ക് അതൊരു ഇടമാക്കി മാറ്റുകയുമാണ് ഇപ്പോൾ ചെയ്‌തുവരുന്നത്. പുതിയ മാനദണ്ഡത്തിന്റെ പശ്ചാത്തലത്തിൽ അതൊന്നും നടക്കാതാവും. ഇത്തരം സ്ഥലത്ത് നിർമ്മാണം തടഞ്ഞാൽ ആ വസ്തു വാങ്ങാനും ആരും തയ്യാറാകില്ല. ഇപ്പോൾ അത്തരം നിരവധി നിർമ്മിതികൾ ഉണ്ടെങ്കിലും ഭാവിയിൽ ഇത്തരം വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസും മറ്റും പുതുക്കി ലഭിക്കുന്നതിനും പുതിയ മാനദണ്ഡം തടസം സൃഷ്ടിച്ചേക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ദൂരപരിധി പുതുക്കി നിശ്ചയിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. നിലവിലുള്ളവയെ ഉത്തരവ് ബാധിക്കില്ലെന്ന് വച്ചാൽപോലും ഈ ഉത്തരവ് നിലനിൽക്കുന്നതിനാൽ പുതുതായി ഒരു കെട്ടിടത്തിനും ഈ ദൂരപരിധിയിൽ അനുമതി കിട്ടാൻ സാദ്ധ്യതയില്ല.
2026 ഏപ്രിൽ 13ന് പുറപ്പെടുവിച്ച ഉത്തരവിൽ ദേശീയപാതകൾക്ക് സമീപത്തെ കൈയേറ്റങ്ങൾ നീക്കണമെന്നും പുതുതായി കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നതിലെ നിയന്ത്രണം ഉൾപ്പെടെ ഒരു ഡസനോളം നിർദ്ദേശങ്ങളും കോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച നടപടി റിപ്പോർട്ട് കേന്ദ്രവും സംസ്ഥാനങ്ങളും ഫയൽ ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളം സാവകാശം ചോദിച്ചിരിക്കുകയാണ്. കേരളത്തിൽ ഈ ഉത്തരവ് സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടും സാമ്പത്തിക ആഘാതവും വസ്തുതാപരമായി സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ കേരളത്തിന് കഴിയണം. ജനസാന്ദ്രതയും ദേശീയ പാതയോരത്ത് ജനവാസം അധികമില്ലാത്ത സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതുപോലെ ഒറ്റയടിക്ക് ഈ ഉത്തരവ് നടപ്പാക്കാൻ കഴിയുന്ന ഒരു സ്ഥലമല്ല കേരളം. റോഡുകളോട് ചേർന്ന് മലകളും താഴ്‌വാരങ്ങളും മാത്രമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ഇത്തരം ഉത്തരവുകളിൽ പലപ്പോഴും ഇളവുകൾ നൽകിയിട്ടുണ്ട്. ആ ഒരു പരിഗണന കേരളത്തിനും ജനസാന്ദ്രതയുടെയും ഭൂമിയുടെ കുറവിന്റെയും അടിസ്ഥാനത്തിൽ ലഭിക്കാൻ തക്കതായ ശക്തമായ വാദമുഖങ്ങളാണ് കേരളം സുപ്രീംകോടതിയിൽ ഉന്നയിക്കേണ്ടത്.
നിലവിൽ റോഡിന്റെ ഓരത്ത് നിന്ന് 4.5 മീറ്റർ അകലെ നിർമ്മാണം നടത്താൻ അനുമതിയുണ്ട്. അങ്ങനെ വരുമ്പോൾ ദേശീയപാതയുടെ മദ്ധ്യത്തുനിന്ന് 27 മീറ്റർ വിട്ടാൽ മതിയാകും. അതാണ് 40 മീറ്ററിലേക്കും 75 മീറ്ററിലേക്കും മാറ്റുന്നത്. കെട്ടിടങ്ങൾ മുഴുവൻ ദേശീയപാതയിൽ നിന്ന് ദൂരേക്ക് മാറ്റിയതുകൊണ്ട് മാത്രം അപകടങ്ങൾ കുറയുമെന്നും കരുതാനാവില്ല. എന്നാൽ അനധികൃതമായ കൈയേറ്റങ്ങളും പാർക്കിംഗും മറ്റും അതിശക്തമായി തടയപ്പെടേണ്ടതുമാണ്. ജനങ്ങളുടെ കിടപ്പാടവും ഉപജീവനവും സംരക്ഷിക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതുപോലെതന്നെ ദൂരപരിധികളുടെ കാര്യത്തിൽ വൈവിദ്ധ്യമാർന്ന ഭൂപ്രകൃതിയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേപോലെയുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നത് അപ്രായോഗികമാണെന്നത് കോടതികളും ഉൾക്കൊള്ളേണ്ട വസ്തുതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |