
വിമാനയാത്ര സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന തലത്തിലേക്ക് മാറിയിരിക്കുന്നു. ഇന്ധന വില വർദ്ധനവിന്റെയും പശ്ചിമേഷ്യൻ സംഘർഷത്തിന്റെയും ഫെസ്റ്റിവൽ സീസണിന്റെയും പേരിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് തോന്നുംപോലെ പലമടങ്ങ് വർദ്ധിപ്പിച്ചതിനെത്തുടർന്നാണിത്. ആഗോള തലത്തിലുള്ള സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും കാരണം പ്രതിസന്ധിയിലാണെന്നും പിടിച്ചുനിൽക്കാൻ ടിക്കറ്റ് വില കൂട്ടുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമാണ് വിവിധ സ്വദേശ, വിദേശ വിമാനക്കമ്പനികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ എല്ലാ ഓണക്കാലത്തും മറ്റ് കാരണങ്ങൾ ഒന്നുമില്ലെങ്കിലും ഗൾഫിൽ നിന്നുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് രണ്ടും മൂന്നും ഇരട്ടിയായി ഉയർത്തുന്നത് പതിവാണെന്നാണ് മലയാളി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
നാല് പേരുള്ള ഒരു കുടുംബത്തിന് കൊച്ചിയിൽ നിന്ന് ദുബായിലെത്താൻ ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയാണ് ഓണ സീസൺ തുടങ്ങിയതോടെ മുടക്കേണ്ടി വരിക. എയർ ഇന്ത്യയും ഇൻഡിഗോയും ഇത്തിഹാദും എമിറേറ്റ്സും ഖത്തർ എയർലൈൻസുമെല്ലാം ടിക്കറ്റ് നിരക്ക് ഉയർത്തിയിരിക്കുകയാണ്. ഓണ ദിവസങ്ങൾ അടുക്കുമ്പോൾ ഒരാളിന്റെ ഗൾഫ് ട്രിപ്പിന് തന്നെ ഒരുലക്ഷം രൂപ ആയേക്കുമെന്നും പറയുന്നു. സെപ്തംബർ ആദ്യ ആഴ്ച വരെ ടിക്കറ്റ് നിരക്ക് ഇതേ രീതിയിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ഉത്സവ- അവധിക്കാലങ്ങളിൽ തോന്നുംപോലെ ടിക്കറ്റ് നിരക്ക് കൂട്ടുന്ന വിമാനക്കമ്പനികളുടെ നയത്തിൽ സുപ്രീംകോടതി കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ചട്ടങ്ങൾ പാലിക്കാത്ത വിമാനക്കമ്പനികളുടെ സർവീസ് നിറുത്തിവയ്‌പ്പിക്കേണ്ടി വരുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.
വ്യോമയാന കമ്പനികൾ യാത്രക്കാരുടെ സുരക്ഷയും വിമാന ടിക്കറ്റ് നിരക്കിൽ സുതാര്യതയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക എസ്. ലക്ഷ്‌മിനാരായണൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഉത്സവ സീസണുകളിലും മറ്റും തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് കൂട്ടുന്ന വിമാന കമ്പനികളുടെ നടപടിയിൽ ഇടപെടണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ കമ്പനികൾ അനുസരിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെടുത്തിയപ്പോഴാണ് നിയമം അനുസരിക്കാത്ത വിമാനങ്ങളെ സർവീസ് നടത്താൻ അനുവദിക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലിനോട് കോടതി നിർദ്ദേശിച്ചത്.
അതേസമയം വിമാന നിരക്കുകൾ നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്ന് ബോധിപ്പിച്ച കേന്ദ്രം ചട്ടങ്ങളുടെ കരട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ കുറെ നാളുകളായി വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് കേൾക്കുന്ന വാർത്തകൾ ആശാവഹമല്ല. ആഗസ്റ്റ് നാലിന് ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ബസ് വിമാനം യാത്രയ്ക്കിടയിൽ 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തുകയും ചെയ്‌തിരുന്നു. തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും നാനൂറോളം പൈലറ്റുമാരിൽ ലഹരി പരിശോധന നടത്തുകയുണ്ടായി. ഇതിൽ രണ്ടുപേർ ലഹരി ഉപയോഗിച്ചെന്ന് പരിശോധനാഫലം തെളിയിക്കുകയും ചെയ്തു. എന്തായാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ടിക്കറ്റ് വിലയ്ക്ക് ഉയർന്ന പരിധി നിശ്ചയിക്കുന്നതിനുമുള്ള നടപടികളാണ് അടിയന്തരമായി ഇനി ഉണ്ടാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |