
കുട്ടികൾക്കു വേണ്ടിയുള്ള അമ്മമാരുടെ സ്നേഹത്താരാട്ടിന്റെ മധുരം ഒരു കാലത്തും കുറയുകയില്ല. ലോകത്തെവിടെയും താരാട്ടിന്റെ ഈണവും ശൈലിയും വ്യത്യസ്തമല്ല. മഹാകവി കുമാരനാശാന്റെ 'കുട്ടിയും തള്ളയും' എന്ന ലഘുകവിതയിൽ നിഷ്‌കളങ്ക ബാല്യത്തിന്റെ സുന്ദരചിത്രം തെളിഞ്ഞു നിൽക്കുന്നു. 'ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ' എന്ന് കുട്ടി പുഞ്ചിരിയോടെ സംശയിക്കുമ്പോൾ 'തെറ്റീ, നിനക്കുണ്ണി ചൊല്ലാം നൽ പൂമ്പാറ്റകളല്ലേയിതെല്ലാം' എന്നാണ് അമ്മയുടെ വാത്സല്യം കലർന്ന മറുപടി. ഏതു തലമുറയുടെയും രാജ്യത്തിന്റെയും അമൂല്യനിധി എന്നു വിശേഷിപ്പിക്കാവുന്നത് കുട്ടികളെയാണ്. നാളത്തെ വസന്തവും രാജ്യഭാരവുമെല്ലാം അവരുടെ കൈകളിലാണ്. സ്വന്തം കുട്ടികളുടെ കുസൃതികളും വികൃതികളും രക്ഷിതാക്കൾക്ക് എത്ര വർണിച്ചാലും മതിവരികയില്ല. ഈ കാലഘട്ടത്തിലും അതിനു വലിയ മാറ്റം വന്നിട്ടില്ല.
പനിമതിപോലെ പുഞ്ചിരിനിലാവു പരത്തുന്ന കുട്ടികളുടെ മുഖത്ത് കരിനിഴലുകൾ വീണുതുടങ്ങിയിരിക്കുന്നു എന്ന് ആലപ്പുഴ കരുവാറ്റയിൽ നടന്ന സംഭവം ഓർമ്മിപ്പിക്കുന്നു. ഒരു പതിമൂന്നുകാരി മുത്തച്ഛനെ കൊലപ്പെടുത്താൻ മൂന്നു സുഹൃത്തുക്കളെ ഏർപ്പെടുത്തിയെന്നത് നിസാരമല്ല. കൊഞ്ചിച്ചും ലാളിച്ചും സ്നേഹം പകർന്ന വയോവൃദ്ധന്റെ കൊലപാതകം വീഡിയോ കാളിലൂടെ ഈ ചെറുമകൾ കണ്ടു എന്നത് കൊടും കുറ്റവാളികൾക്കുപോലും കഴിയാത്ത കാര്യമാണ്. അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഇടുക്കിയിലെ വനത്തോടു ചേർന്ന ഒരു ഗ്രാമത്തിൽ പിറന്ന ശരണ്യാമോഹൻ കഠിനാദ്ധ്വാനത്തിലൂടെ പഠിച്ച് കഴിഞ്ഞയാഴ്ച ഡോക്ടറായി സ്വന്തം നാട്ടിൽ ചുമതലയേറ്റ സംഭവം കേരളം അഭിമാനമായി കണ്ടു. എന്നാൽ, കരുവാറ്റ സംഭവത്തിന്റെ വിവിധ വശങ്ങൾ നോക്കുമ്പോൾ അപമാനം കൊണ്ടു തലകുനിഞ്ഞു പോകുന്നു. അതിലുപരി കൗമാരത്തിന്റെ പൂമൊട്ടുകളെ എങ്ങനെ പുഴുക്കുത്തേൽക്കാതെ, വാടിക്കരിയാതെ സംരക്ഷിക്കാം എന്ന ചിന്ത നമ്മെ ഉത്കണ്ഠാകുലരാക്കുന്നു.
തനിക്കു ഐ ഫോണും കാമുകന് ബൈക്കും വാങ്ങാനുള്ള പണം കണ്ടെത്താനാണ് പെൺകുട്ടി കൊലപാതകം ആസൂത്രണം ചെയ്തത്. പണത്തിനായി രക്ഷിതാക്കളെയും ഉറ്റവരെയും ആശ്രയിച്ചാണ് മുൻ തലമുറകളിലെ കുട്ടികൾ കഴിഞ്ഞിരുന്നത്. ഇഷ്ടപ്പെട്ട സാധനങ്ങളോ പുസ്തകങ്ങളോ വാങ്ങുന്നതിലായിരുന്നു കുട്ടികളുടെ അന്നത്തെ ഭ്രമം. കാലം മാറിയതോടെ ആ ഭ്രമങ്ങളും കുട്ടികളെക്കാൾ വേഗത്തിൽ വളർന്നിരിക്കുന്നു. അവ നേടാൻ ഏതു ഹീനകൃത്യത്തിനും തയ്യാറുള്ളവരുടെ സംഖ്യ സമൂഹത്തെ പേടിപ്പെടുത്തുന്നു.
പൂവിരിച്ച പാതകളായിരുന്നു മുമ്പൊക്കെ കുട്ടികളുടെ മുന്നിൽ. കുടുംബത്തിൽ നിരവധി പേരുടെ സ്നേഹവും ലാളനയും അവർക്കുണ്ടായിരുന്നു. ചെറിയ അവഗണനകളും നൊമ്പരങ്ങളും മറക്കാൻ അതു ധാരാളം. ഇന്നു കുടുംബബന്ധങ്ങൾ മാറിയിരിക്കുന്നു. അണുകുടുംബങ്ങളിൽ പരസ്പരം സ്നേഹിക്കുന്നവരും മനസുതുറക്കുന്നവരും കുറയുന്നു. മറ്റുള്ളവരെ കാണിക്കാൻ മാത്രമാണ് പലരും പുറമേ സ്നേഹപ്രകടനങ്ങൾ നടത്തുന്നത്. നിസാര കാര്യത്തിന് ദാമ്പത്യം തകരുന്നതും തകർക്കുന്നതും കൂടിവരുന്നു. ഇതിന്റെയെല്ലാം ശിക്ഷയേറ്റു വാങ്ങുന്നത് ആ കുടുംബത്തിലെ കുട്ടികളാണ്.
കരുവാറ്റ സംഭവത്തിലെ മുഖ്യ വില്ലനാര്, അതിനിടയാക്കിയ സാഹചര്യങ്ങളെന്ത് എന്ന് തലനാരിഴകീറി പരിശോധിക്കുന്നതിൽ അർത്ഥമില്ല. സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരവും മൊബൈലുകളുടെ ദുരുപയോഗവും കുട്ടികളെ എങ്ങനെയെല്ലാം വഴിതെറ്റിക്കുന്നു എന്ന് എല്ലാവരും കണ്ണുതുറന്നു കാണണം. അതു തടയാൻ അധികാരികളും സാമൂഹ്യ- സന്നദ്ധ സംഘടനകളും കൂട്ടായി ചർച്ച ചെയ്യണം. കുട്ടിത്തത്തിന്റെ ഔദാര്യത്തിൽ ഇത്തരം ക്രൂരകൃത്യങ്ങളിൽ അർഹമായ ശിക്ഷ നൽകാതിരിക്കാനും പാടില്ല. വിദ്യാലയങ്ങളിൽ ഫോൺ ഉപയോഗം നിയന്ത്രിക്കണം. വിലകൂടിയ മൊബൈൽ വാങ്ങി നൽകി കുട്ടികളെ അവരുടെ പാട്ടിനുവിട്ടിട്ട് സ്വാർത്ഥസുഖങ്ങളിൽ മുഴുകുന്ന രക്ഷിതാക്കളും ധാരാളം. സ്വന്തം കടമയും ജാഗ്രതയും പാലിക്കാത്ത അത്തരക്കാർ വലിയ വിലകൊടുക്കേണ്ടിവരും എന്നതും മറക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |