
മലയാളികളുടെ മനസ്സും ചിന്തയും ഭാസുരമാക്കുന്ന ഒരു വാർത്ത ലോക് ഭവനിൽ നിന്നു വന്നിരിക്കുന്നു . മലയാള ഭാഷയുടെ കൂടി സുകൃത ചരിത്രമാവുകയാണത് . ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ ഭാവനയിൽ മലയാള ഭാഷയും സംസ്കാര പുണ്യവും കൂടുകൂട്ടിയപ്പോൾ അവിടെ നമുക്കൊരു ഗ്രന്ഥശാല സാക്ഷാത്കൃതമായി. അതാകട്ടെ, ഭാഷാ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലും പെരുമയിലും . സർക്കാർ വകുപ്പോ, സർവകലാശാലയോ അല്ല, മറിച്ച്, ഭരണഘടനാ സ്ഥാപനത്തിന്റെ കെട്ടു മതിലുകൾക്കുള്ളിൽ, ഔപചാരികമായി മലയാള ഭാഷ അഭ്യസിക്കാൻ അവസരം ലഭിക്കാത്ത അധികാരികൾ മാത്രം അധിവസിക്കുന്ന ലോക് ഭവനിൽ, എഴുത്തച്ഛന്റെ മധുരമനോജ്ഞ സ്മൃതികളിൽ ഗ്രന്ഥാലയം പ്രവർത്തിച്ചു തുടങ്ങുന്നു എന്നത് ഏതു മലയാളിയെയാണ് ഹർഷ പുളകിതരാക്കാത്തത്?
പതിനായിരത്തോളം പുസ്തകങ്ങളുടെ കമനീയ ശേഖരവുമായാണ് ഗ്രന്ഥശാല പ്രവർത്തിക്കാൻ പോകുന്നതെന്ന് ലോക് ഭവൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ആറായിരത്തിലേറെ ഇംഗ്ലീഷ് പുസ്തകങ്ങളും ബാക്കി മലയാള പുസ്തകങ്ങളുമാണ്. സാഹിത്യം, ചരിത്രം, സംസ്കാരം, സാമൂഹിക ജീവിതം എന്നിങ്ങനെ വിജ്ഞാനത്തിന്റെ സർവതല സ്പർശിയായ ഗ്രന്ഥങ്ങളെല്ലാം ഇവിടെയുണ്ടാകും . കേവലം വായനയ്ക്കപ്പുറത്ത്, ഗൗരവതരമായ പഠനത്തിനും ഗവേഷണത്തിനും സഹായകമായ നിരവധി ഗ്രന്ഥങ്ങളും ഇവിടെയുണ്ടെന്നറിയുന്നു. ഗവർണറുടേയോ ലോക് ഭവന്റേയോ സ്വകാര്യ സ്വത്ത് എന്നതിൽ നിന്ന്, ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്ന എല്ലാ മലയാളികൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി ഗ്രന്ഥശാലയെ മാറ്റും എന്ന ഗവർണറുടെ പ്രഖ്യാപനത്തെ കേരളം ഒന്നടങ്കം സ്വാഗതം ചെയ്യുകയാണ്.
കേരളം രണ്ടു മാസം കൂടി കഴിയുമ്പോൾ സപ്തതിയുടെ നിറവിലെത്തുകയാണ്. 1956 നവംബർ ഒന്നിന് ഐക്യ കേരളം പിറവിയെടുത്തതിനു ശേഷമുള്ള കഴിഞ്ഞ ഏഴു പതിറ്റാണ്ടുകൾ കൊണ്ട് ഭാഷയുടേയും സാഹിത്യത്തിന്റേയും സാംസ്കാരിക ഗരിമയുടേയും കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസ - സാംസ്കാരിക പുരോഗതിയുടെ കാര്യത്തിലും രാജ്യത്തിനാകെത്തന്നെ മാതൃകയായി വളരാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന് ധാർമികവും ആശയപരവും ചിന്താപരവുമായ ഊർജവും ഇന്ധനവും പകർന്നത് വിദ്യാഭ്യാസവും അതിന്റെ ചാലക ശക്തിയായി പ്രവർത്തിച്ച ഗ്രന്ഥശാലകളുമാണ്. വിശാഖം തിരുനാൾ മഹാരാജാവാണ് 1894 ൽ തിരുവിതാംകൂറിലെ ആദ്യ ഗ്രന്ഥശാലയായ 'സുഗുണ പോഷിണി" തിരുവനന്തപുരത്ത് വഞ്ചിയൂരിൽ സ്ഥാപിച്ചത്. 1945 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം അമ്പലപ്പുഴയിൽ സ്ഥാപിതമായി. അതിനു മുൻകൈ എടുത്ത പി.എൻ പണിക്കർ, പിന്നീട്, 'വായിച്ചു വളരുക"എന്ന മുദ്രാവാക്യവുമായി കേരളത്തിലുടനീളം സഞ്ചരിച്ചു. അതിപ്പോൾ 8500 ലേറെ ഗ്രന്ഥശാലകളുമായി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന പേരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായി നിറഞ്ഞു നിൽക്കുന്നു. കേരളത്തിന്റെ മുന്നേറ്റ പാതയിൽ ഇവിടത്തെ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിന്റെ സാംസ്കാരികക്കുതിപ്പുകൾക്ക് ഊർജം പകർന്ന ഗ്രന്ഥശാലകളുടെ ശ്രേണിയിലേക്കാണ് ഇപ്പോൾ ലോക് ഭവനിലെ ഗ്രന്ഥാലയവും ഉണർന്നിരിക്കാൻ പോവുക. ആർദ്രമായ ഒരു ഹൃദയത്തിനുടമയാണ് നമ്മുടെ ഗവർണറായ ആർലേക്കർ.കഴിഞ്ഞ ദിവസം ലോക് ഭവനു മുന്നിൽ കുഴഞ്ഞുവീണ ഒരാളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കുന്നതിൽ അദ്ദേഹം കാട്ടിയ ജാഗ്രത അതിനു ഉദാഹരണമാണ്.
പൊതു ജീവിതത്തിൽ നേരത്തെ തന്നെ ഹിമാചൽ പ്രദേശിലും ബീഹാറിലും ഗവർണർ പദവിയിലിരുന്ന വ്യക്തിത്വമാണ് ആർലേക്കറുടേത്. ഗോവയിൽ അദ്ദേഹം മന്ത്രിയും സ്‌പീക്കറും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പീക്കറായിരുന്നപ്പോഴാണ് ഗോവ നിയമസഭയെ രാജ്യത്തെ ആദ്യ പേപ്പർ രഹിത സഭയാക്കിയത്. അങ്ങനെ, സേവനമനുഷ്ഠിച്ച ഇടങ്ങളിലൊക്കെ തന്റേതായ അടയാളമുദ്ര ചാർത്താൻ കഴിഞ്ഞിട്ടുള്ള ആർലേക്കർ കേരളത്തിന് ചാർത്തിയ പ്രകാശം ചൊരിയുന്ന സാംസ്കാരിക മുദ്ര യാണ് ലോക് ഭവൻ ഗ്രന്ഥശാല.ഈ അവസരത്തിൽ ഞങ്ങൾ അദ്ദേഹത്തെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |