
കേരളത്തിന് സ്വന്തം റെയിൽവേ സോൺ എന്ന ആവശ്യം ഉയരുന്നതിനിടെ പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ നടപടി കേരളത്തിന് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ മൊത്തം റെയിൽവേ വികസനത്തെയും പ്രത്യേകിച്ച് മലബാറിന്റെ റെയിൽവേ വികസനത്തെയും തകർക്കുന്ന തീരുമാനമാണിത്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള മംഗലാപുരം മേഖലയെ അടർത്തിമാറ്റി മൈസൂരു ഡിവിഷനോട് ചേർക്കാനാണ് തീരുമാനം. ഈ മാറ്റം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ പറയുന്നു. ഇതുപ്രകാരം മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്നും മൈസൂരു ഡിവിഷനിലേക്ക് മാറും. ഇതോടെ ദക്ഷിണ - പശ്ചിമ റെയിൽവേയും ദക്ഷിണ റെയിൽവേയും തമ്മിലുള്ള ഇന്റർ ചെയിഞ്ച് പോയിന്റ് ഉള്ളാളിലേക്ക് മാറും. അതേസമയം, തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷനിൽ തന്നെ തുടരുകയും ചെയ്യും.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ മംഗലാപുരം പോർട്ട് പരിധിയിലെ ചരക്ക് ഗതാഗതം, വാണിജ്യ വരുമാനങ്ങൾ എന്നിവ ഇനി മൈസൂരു ഡിവിഷന് സ്വന്തമാകും. കേരളത്തിന് വൻ സാമ്പത്തിക നഷ്ടം വരുത്തുന്നതാണിത്. ഏകദേശം 1100 കോടിയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ കണക്കാക്കുന്നത്.
ദക്ഷിണ റെയിൽവേയിലെ പ്രധാനപ്പെട്ട ഔദ്യോഗിക പദവികൾ വഹിക്കുന്നത് പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള ഉദ്യോഗസ്ഥരാണ്. കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങളെയും വികസനത്തെയും നിരന്തരം തടയുന്ന തീരുമാനങ്ങളാണ് ഇവരിൽ നിന്ന് കഴിഞ്ഞ കുറെക്കാലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം ഇന്ത്യൻ റെയിൽവേയ്ക്ക് ടിക്കറ്റ് ഇനത്തിലും പാർസൽ, ചരക്ക് ഗതാഗത ഇനങ്ങളിലും ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്നത് കേരളമാണ്. മംഗലാപുരം മേഖല നഷ്ടമാകുന്നതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഡിവിഷനുകളിലൊന്നായ പാലക്കാടിന്റെ ഭൂമിശാസ്‌ത്രപരമായ പ്രാധാന്യവും കൈപ്പിടിയിലുള്ള റെയിൽവേ ട്രാക്കുകളുടെ എണ്ണവും കാര്യമായി കുറയും. മംഗലാപുരം കേന്ദ്രീകരിച്ചുള്ള പ്രധാന ഡിപ്പോ സൗകര്യങ്ങൾ നഷ്ടപ്പെടുന്നത് മലബാർ മേഖലയിൽ നിന്നും പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളത് നീട്ടുന്നതിനും തടസമാകും.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്താൻ വളരെ നേരത്തേ തന്നെ കർണാടകയിൽ നിന്നുള്ള ജനപ്രതിനിധികൾ സമ്മർദ്ദം തുടങ്ങിയിരുന്നതാണ്. എന്നാൽ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്നതിനാൽ റെയിൽവേ ആദ്യം ഇത് നിരസിച്ചിരുന്നതാണ്. അതാണ് ഇപ്പോൾ, കേരളത്തിൽ നിന്നുള്ള എം.പിമാരെയോ സംസ്ഥാന സർക്കാരിനെയോ അറിയിക്കാതെ റെയിൽവേ ബോർഡ് അംഗീകരിച്ചിരിക്കുന്നത്.
കർണാടകയിലെ ബി.ജെ.പി ലോബികളെ തൃപ്തിപ്പെടുത്താനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ വെട്ടിമുറിക്കൽ നടത്തിയിരിക്കുന്നത് എന്നാണ് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം എം.പിമാരും ആരോപിക്കുന്നത്.
ഭാവിയിൽ കേരളത്തിന് മാത്രമായി ഒരു പ്രത്യേക റെയിൽവേ സോൺ എന്ന ദീർഘകാല ആവശ്യത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീഴ്‌ത്തുന്നതു കൂടിയാണ് ഈ വെട്ടിമുറിക്കൽ. കേരളത്തിന്റെ റെയിൽവേ ഡിവിഷനുകൾ ചുരുക്കാനുള്ള നീക്കമായി തന്നെ ഈ വിഭജനത്തെ കാണേണ്ടിവരും.
റെയിൽവേ മന്ത്രാലയത്തിന്റെ അന്യായമായ ഈ ഉത്തരവ് പിൻവലിപ്പിക്കാൻ കക്ഷിഭേദമന്യേ കേരളം ശക്തമായ പ്രതിഷേധം ഉയർത്തേണ്ടതാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ച് ഔദ്യോഗിക പ്രതിഷേധം അറിയിച്ച് ഈ വകതിരിവില്ലാത്ത ഉത്തരവ് പിൻവലിപ്പിക്കാനാണ് ശ്രമം നടത്തേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |