SignIn
Kerala Kaumudi Online
Friday, 11 September 2026 3.41 PM IST

വിവാഹമോചനം നേടുമ്പോൾ പങ്കാളികൾ ഒരുമിച്ചെടുത്ത ലോണിന് എന്തുസംഭവിക്കും? ആരാണ് ഇഎംഐ അടക്കേണ്ടത്?

divorce
പ്രതീകാത്മക ചിത്രം

ദമ്പതികൾ ഒരുമിച്ച് ചേർന്ന് വാഹനവും വീടും സ്ഥലവും മറ്റും വാങ്ങുന്നതും വായ്‌പയെടുക്കുന്നതും ഇന്ന് സാധാരണമാണ്. എന്നാൽ വിവാഹമോചനത്തോടെ ബന്ധം അവസാനിക്കുമ്പോൾ ഈ വായ്‌പയ്ക്ക് എന്താണ് സംഭവിക്കുകയെന്ന് പലർക്കും അറിവുണ്ടായിരിക്കുകയില്ല. ആരാണ് ബാക്കിയുള്ള ഇഎംഐ അടയ്ക്കുക? ആർക്കാണ് വീടും വാഹനവും ലഭിക്കുക? വിൽക്കുമ്പോൾ കിട്ടുന്ന പണം എങ്ങനെ വിഭജിക്കും?

വിവാഹമോചനം വായ്‌പയെ എങ്ങനെ ബാധിക്കും?

'രണ്ട് ദമ്പതികൾ തമ്മിലുള്ള കരാറാണ് വിവാഹവും വിവാഹമോചനവും. എന്നാലിത് ബാങ്കുമായുള്ള ഇടപാടിനെ ബാധിക്കില്ല. വിവാഹമോചനം നേടുന്നത് കൊണ്ട് മാത്രം ഭവന വായ്പയുമായി ബന്ധപ്പെട്ട ബാദ്ധ്യത അവസാനിക്കുന്നില്ല. ബാങ്ക് വായ്പ നൽകിയിരിക്കുന്നത് രണ്ട് സഹ-വായ്പക്കാർക്കാണ് (കോ-ബോറോവേഴ്‌സ്, ജോയിന്റ് ബോറോവേഴ്‌സ്)'- സുപ്രീം കോടതി അഭിഭാഷകൻ വിശാൽ ഗെഹ്‌റാന വിശദീകരിക്കുന്നു.

മിക്ക വായ്പാ കരാറുകളും പങ്കാളികൾ രണ്ടുപേരെയും സംയുക്തമായും വ്യക്തിഗതമായും ബാദ്ധ്യതയുള്ളവരായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത്തരം വായ്‌പകളിൽ കുടിശികയുള്ള തുക ബാങ്കിന് പങ്കാളികളിൽ ആരിൽ നിന്നുവേണമെങ്കിലും ഈടാക്കാവുന്നതാണ്. ഓരോരുത്തരിൽ നിന്നും 50 ശതമാനം വീതം മാത്രമേ ഈടാക്കാവൂവെന്ന് ഇതിൽ നിർബന്ധമില്ല. ഇഎംഐ അടയ്ക്കാൻ കോടതി ഒരു പങ്കാളിയോട് ഉത്തരവിട്ടാലും തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് മറ്റേ പങ്കാളിയിൽ നിന്ന് തുക ഈടാക്കാൻ നടപടിയെടുക്കാവുന്നതാണ്. വായ്പ റീഫിനാൻസിംഗ് വഴിയോ പുനഃക്രമീകരണം വഴിയോ ബാങ്ക് ഔദ്യോഗികമായി ഒഴിവാക്കിയാൽ മാത്രമേ വായ്പയെടുത്തയാൾ സുരക്ഷിതനാകൂ . അതുവരെ, തിരിച്ചടവ് മുടങ്ങുന്നത് ഇരുവരുടെയും ക്രെഡിറ്റ് സ്കോർ കുറയുന്നതിന് കാരണമാകും.

വായ്‌പാ ബാദ്ധ്യതയും വസ്‌തു ഉടമസ്ഥതയും തമ്മിലെ വ്യത്യാസമെന്ത്?

വായ്പ തിരിച്ചടയ്ക്കുന്നത് വസ്തുവിന്റെ ഉടമസ്ഥാവകാശം നേടുന്നതിന് തുല്യമല്ല. വീടിന്റെ ഉടമസ്ഥാവകാശവും ഭവന വായ്പയുമായുള്ള ബാദ്ധ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിശാൽ ഗെഹ്‌രാന പറയുന്നു. വസ്തുവിന്മേലുള്ള അവകാശം എന്നത് ഇഎംഐ അടയ്ക്കുന്നതിനെയല്ല മറിച്ച് രജിസ്റ്റർ ചെയ്ത ഉടമസ്ഥാവകാശ രേഖകളെയാണ് (ടൈറ്റിൽ ഡീഡ്‌സ്) ആശ്രയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ഭാര്യാഭർത്താക്കന്മാർ വായ്പയിൽ സഹ-വായ്പക്കാരാണെന്നതുകൊണ്ട് മാത്രം അവർക്ക് ആ വസ്തുവിൽ തുല്യ ഉടമസ്ഥാവകാശം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പങ്കാളികളിൽ ഒരാൾക്ക് വീടിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുക്കണമെന്നുണ്ടെങ്കിൽ കൃത്യമായ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷനും സഹിതം ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറ്റം ചെയ്യേണ്ടതുണ്ട്. കൂടാതെ , താമസിക്കാനുള്ള അവകാശവും ഉടമസ്ഥാവകാശ രേഖകളും തമ്മിൽ വ്യത്യാസമുണ്ട്. 'ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമ'പ്രകാരം, ഉടമസ്ഥാവകാശ രേഖയിൽ പേരുണ്ടായില്ലെങ്കിൽ പോലും പങ്കിട്ട വീട്ടിൽ താമസിക്കാനുള്ള നിയമപരമായ അവകാശം ഒരു സ്ത്രീക്ക് ഉണ്ടായിരിക്കുന്നതാണ്.

വസ്തു വിൽപനയും നികുതിയടവും എങ്ങനെ?

വിവാഹമോചിതരായ ദമ്പതികൾ പ്രോപ്പർട്ടി വിൽക്കുമ്പോൾ ആദ്യം പണം ലഭിക്കുക ബാങ്കിനാണ്. പ്രോപ്പർട്ടി പണയപ്പെടുത്തിയെടുത്ത വായ്‌പയിൽ കുടിശികയുണ്ടെങ്കിൽ ഈ പ്രോപ്പർട്ടി വിൽക്കുമ്പോൾ ലഭിക്കുന്ന തുക ആദ്യം വിനിയോഗിക്കപ്പെടുക ഈ വായ്‌പ അടവിനായിരിക്കും. സാധാരണഗതിയിൽ നിലവിലുള്ള ഈടിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് കുടിശിക തീർപ്പാക്കുകയും, ബാക്കിയുള്ള തുക ഉടമസ്ഥാവകാശങ്ങൾക്കനുസൃതമായി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.

ബാങ്കിലേക്കുള്ള തുക അടച്ചുതീർത്ത് ബാക്കിയുള്ള പണം വീതിച്ചുകഴിഞ്ഞാൽ അടുത്ത ഘട്ടം നികുതി ബാദ്ധ്യതകൾ അട‌ച്ചുതീർക്കുകയെന്നതാണ്. നികുതിയടവ് വായ്‌പയെടുത്ത പങ്കാളികളിൽ രണ്ടുപേരെയും ബാധിക്കും. ഓരോ പങ്കാളിയുടെയും ഔദ്യോഗിക ഉടമസ്ഥാവകാശ വിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നികുതി ബാദ്ധ്യതകൾ വിലയിരുത്തേണ്ടത്.

സഹ-വായ്‌പക്കാർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

  • തുടക്കം മുതൽതന്നെ ഉടമസ്ഥാവകാശത്തിന്റെ കൃത്യമായ വിഹിതവും സാമ്പത്തിക സംഭാവനകളും ഔദ്യോഗികമായി രേഖപ്പെടുത്തി വയ്ക്കുക.
  • ഇഎംഐ അടവുകളിൽ വാക്കാലുള്ളതോ സ്വകാര്യമായതോ ആയ കരാറുകളെ ആശ്രയിക്കരുത്.
  • സഹ വായ്‌പക്കാരിൽ ഒരാളുടെ പേര് ഒഴിവാക്കുന്നതിന് മുൻപ് വായ്‌പ റീഫിനാൻസിംഗ് ചെയ്യുന്നതിനായി ബാങ്കിന്റെ അനുമതി തേടുക.
  • വിവാഹമോചന ഉത്തരവിൽ വായ്‌പാ രേഖകളും ഉടമസ്ഥാവകാശ രേഖകളും നിയമപരമായിതന്നെ ഉൾപ്പെടുത്തുക.

English Summary

Divorce does not automatically end joint loan obligations, with both co-borrowers remaining fully liable to the bank. A Supreme Court lawyer clarifies banks can pursue either party for the full amount, irrespective of marital settlements, until one is officially released. Property ownership is distinct from loan liability, depending on title deeds. Documenting contributions and securing bank approval for refinancing are crucial.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIVORCE, DIVORCE AND LOANS, DIVORCE AND JOINT LOANS, DIVORCE AND EMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360