SignIn
Kerala Kaumudi Online
Monday, 22 June 2026 7.59 AM IST

ഇത്രയും അവഗണന പാടില്ല

READ ENGLISH VERSION
g

സർക്കാരിന്റെ ആദ്യ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് ആരംഭിക്കുന്നതിന് പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയതാണ് ഇവിടത്തെ ജനറൽ ആശുപത്രി. പേരും പ്രശസ്തിയും ഏറെയുണ്ടായിരുന്ന ഈ ജനറൽ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥ അവിടെ നിത്യവും എത്തുന്ന അസംഖ്യം രോഗികൾക്കൊപ്പം ആരെയും വേദനിപ്പിക്കുന്ന തരത്തിലാണ്.

കാലപ്പഴക്കത്തിൽ വിണ്ടുകീറി ഏതു നിമിഷവും തകർന്നുവീഴാവുന്ന കെട്ടിടങ്ങൾ. മഴപെയ്താൽ വാർഡും കട്ടിലും രോഗിയുമെല്ലാം നനഞ്ഞുകുളിക്കും. ഒന്നിനും ഒരു സൗകര്യവുമില്ലാത്ത ജനറൽ ആശുപത്രി, രോഗികൾക്കും അവിടെ ജോലിചെയ്യുന്ന ഡോക്ടർമാരടക്കമുള്ള ജീവനക്കാർക്കും പേടിസ്വപ്നമാണിപ്പോൾ. ഭരണസിരാകേന്ദ്രത്തിൽ നിന്നു നോക്കിയാൽ കാണാവുന്ന ദൂരത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രിയുടെ ശോച്യാവസ്ഥ ആരോഗ്യമന്ത്രിയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുകയാണ്. ജനറൽ ആശുപത്രി നവീകരണത്തിന് ഇതിനകം എത്രയോ പദ്ധതികൾ ആവിഷ്കരിച്ചു. അവയിൽ അധികവും നടപ്പായില്ല.

ആശുപത്രിയുടെ ശോച്യനിലയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വരുമ്പോൾ നവീകരണത്തെക്കുറിച്ച് ചില പ്രഖ്യാപനങ്ങൾ വരും. പിന്നീട് എല്ലാവരും അത് വിസ്‌മരിക്കുകയും ചെയ്യും. എത്രയോ കാലമായി തുടരുന്ന സ്ഥിതിയാണിത്. മെഡിക്കൽ കോളേജ് ആശുപത്രി റഫറൽ ആയപ്പോൾ സാധാരണ രോഗികളുടെ ആശ്രയകേന്ദ്രമെന്ന നിലയിൽ മുമ്പ് തലസ്ഥാനത്തെ ജനറൽ ആശുപത്രിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. സാധാരണക്കാർക്ക് ഏറെ ഉപകരിച്ചിരുന്ന ആതുരാലയമെന്ന നിലയ്ക്കും അത് പ്രശസ്തി നേടിയിരുന്നു. അവിടത്തെ മികച്ച സൗകര്യങ്ങൾ രോഗികൾക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു. ഇന്നാകട്ടെ,​ രോഗികളെ മഴ നനയാതെ കിടത്താൻ പറ്റിയ വാർഡുകൾ പോലുമില്ലെന്നതാണ് അവസ്ഥ. അവിടവിടെ ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടങ്ങളിൽ ജീവഭയത്തോടെ കഴിയേണ്ടിവരുന്ന രോഗികളുടെ പരിദേവനം കേൾക്കാൻ ആരുമില്ല.

തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് തുടങ്ങാൻ ആലോചിച്ചപ്പോൾ ജനറൽ ആശുപത്രി വളപ്പാണ് അതിനായി കണ്ടെത്തിയത്. മെഡിക്കൽ കോളേജിനായി ഏതാനും കെട്ടിടങ്ങളും പണിതു. മൂന്നുവർഷമായി ആ കെട്ടിടങ്ങൾ അനാഥമായിക്കിടക്കുകയാണ്. മെഡിക്കൽ കോളേജ് വന്നതുമില്ല; അതിനായി നിർമ്മിച്ച കെട്ടിടങ്ങൾ ആർക്കും പ്രയോജനപ്പെടാതെ അനാഥാവസ്ഥയിലുമായി. ജനറൽ ആശുപത്രിയുടെ നൂറ്റാണ്ടു പഴക്കം ചെന്ന കെട്ടിടങ്ങൾ ഇടിഞ്ഞു വീഴാറായിട്ടും മെഡിക്കൽ കോളേജിനുവേണ്ടി പണിതുയർത്തിയ മന്ദിരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ടാണ്?

ചുവപ്പുനാടയുടെ കുരുക്ക് അത്രയേറെ ശക്തമായതുതന്നെ കാരണം. സാമ്പത്തിക സ്ഥിതിയുള്ളവർ നഗരത്തിൽ അസംഖ്യം വരുന്ന സ്വകാര്യ ആശുപത്രികൾ തേടിപ്പോകും. രാഷ്ട്രീയക്കാർക്കും സമൂഹത്തിലെ സ്ഥാനീയർക്കുമൊക്കെ ആശ്രയമായി മെഡിക്കൽ കോളേജ് ആശുപത്രിയുണ്ട്. ഇതു രണ്ടുമല്ലാത്ത സാധാരണക്കാർക്കും പാവങ്ങൾക്കും രോഗം പിടിപെട്ടാൽ ജനറൽ ആശുപത്രി തന്നെയാണ് ശരണം. അവിടത്തെ പരിമിതികളുമായി ബന്ധപ്പെട്ട് രോഗികളിൽ നിന്നും അവരുടെ ബന്ധുക്കളിൽ നിന്നും എത്ര ശബ്ദത്തിൽ പ്രതിഷേധമുയർന്നാലും കേൾക്കാൻ മന്ത്രിയോ മന്ത്രിസഭയോ ഇല്ലെന്നായിരിക്കുന്നു!

ആരോഗ്യമേഖലയുടെ ഔന്നത്യത്തെക്കുറിച്ച് ഊറ്റംകൊള്ളുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ജനറൽ ആശുപത്രിയുടെ സ്ഥിതി ഒന്നു നേരിൽക്കാണുന്നത് നന്നായിരിക്കും. ആശുപത്രിയോ നരകമോ എന്ന വിഭ്രാന്തിയിൽ ഒരുനിമിഷം കളയാതെ സ്ഥലംവിടാൻ അവർ വെപ്രാളം കാട്ടുമെന്നു തീർച്ച. സെക്രട്ടേറിയറ്റ് നവീകരിക്കാൻ കോടികളുടെ പദ്ധതി തയ്യാറാക്കി കാത്തിരിക്കുന്നവർക്ക് ജനറൽ ആശുപത്രി കെട്ടിടങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്നു തോന്നാറില്ല. ജനത്തിന് ഇതൊക്കെ മതി എന്നാണ് അവരുടെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MEDICAL COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY