SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.19 AM IST

രൂക്ഷമാകുന്ന വിലക്കയറ്റം

READ ENGLISH VERSION
1

പല കാരണങ്ങളാൽ നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയർന്നത് സാധാരണക്കാരുടെ കുടുംബ ബഡ്‌ജറ്റിനെ തകിടം മറിച്ചിരിക്കുകയാണ്. ഓരോ മാസം കഴിയുന്തോറും വീട്ടുച്ചെലവുകൾ കൂടിക്കൂടി വരുന്ന പ്രവണതയാണ് കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം സൃഷ്ടിച്ച ഇന്ധന, പാചക വാതക വിലയിലെ ഉയർച്ചയും ക്ഷാമവും മുതൽ തുടങ്ങിയതാണിതെങ്കിലും പിന്നീട് മഴക്കുറവ് കൂടി ആയതോടെ പല സാധനങ്ങളുടെയും വില പിടിച്ചാൽ കിട്ടാത്ത മട്ടിൽ ഉയർന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി വീട്ടുച്ചെലവ് മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തിന്റെയും ചായകുടിയുടെയും വരെ ചെലവ് താങ്ങാവുന്നതിന് അപ്പുറമാവുകയാണ്. ഇതിനോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടതാണ് പ്രവാസി കുടുംബങ്ങളുടെ ആശങ്കയും.

ഗൾഫിൽ നിന്നും മറ്റും നാട്ടിൽ വന്നവർക്ക് ഇനി തിരിച്ചുപോകാൻ കഴിയുമോ എന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണ്. ഗൾഫിൽ പിടിച്ചു നിൽക്കുന്നവർക്കാകട്ടെ ഇനി എത്രനാൾ തുടരാനാവുമെന്നും ഉറപ്പില്ല. ഗൾഫ് മേഖലയിലാകെ ഏതാണ്ട് ബിസിനസുകളെല്ലാം സ്തംഭിച്ച നിലയിലാണ്. ഇത് ഏറ്റവും കൂടുതൽ സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനമാണ് കേരളം. ജീവനോപാധി തേടി ഏതാണ്ട് 25 ലക്ഷത്തോളം മലയാളികളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലായി ഉള്ളത്. ഇപ്പോഴത്തെ വിലക്കയറ്റം സർക്കാരിന്റെ വിപണി ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായില്ലെങ്കിൽ വരുന്ന ഓണക്കാലത്ത് ഇത് കൈവിട്ടു പോകാനാണ് സാദ്ധ്യത. മലയാളികളിൽ ഭൂരിപക്ഷവും മത്സ്യമാംസാദികൾ ഉപയോഗിക്കുന്നവരാകയാൽ വിലക്കയറ്റത്തിന്റെ രൂക്ഷത തീൻമേശയെ തന്നെയാണ് ഏറ്റവും ആദ്യം ബാധിക്കുന്നത്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യങ്ങൾക്ക് വിപണിയിൽ പൊള്ളുന്ന വിലയാണ്. മാത്രമല്ല ഏറ്റവും കൂടുതൽ വിറ്റുപോകുന്ന ഗണത്തിലുള്ള മീനുകൾ കിട്ടാനുമില്ല. ഒരു കിലോ മത്തിയുടെ വില 300 രൂപ വരെയായാണ് ഉയർന്നിരിക്കുന്നത്. വളർത്തു മത്സ്യങ്ങളുടെ വിലയും കിലോയ്ക്ക് 200 രൂപ കടന്നിരിക്കുന്നു.

ഇതിനൊപ്പം ഇറച്ചിക്കോഴിയുടെ വിലയും വർദ്ധിച്ചു വരികയാണ്. മീനിനും ഇറച്ചിക്കും വില കൂടുമ്പോൾ പച്ചക്കറി കൂടുതൽ വാങ്ങാമെന്ന് വച്ചാൽ അതിന്റെ വിലയും അനുദിനം വർദ്ധിക്കുന്ന സാഹചര്യമാണ് വിപണികളിൽ നിലനിൽക്കുന്നത്. എൽനിനോയെ തുടർന്നുള്ള മഴക്കുറവാണ് പച്ചക്കറി വിലവർദ്ധനവിന് പ്രധാന കാരണമായി പറയപ്പെടുന്നത്. മഴക്കുറവ് കാരണം മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തിന്റെ വിതരണത്തിൽ കുറവ് സംഭവിച്ചതിനാൽ അതിർത്തിയോടു ചേർന്ന തമിഴ്‌നാടിന്റെ അഞ്ച് ജില്ലകളിൽ കൃഷി ആരംഭിച്ചിട്ടേയില്ല. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറികൾ വരുന്ന സ്ഥലങ്ങളാണ് ഇവയിലേറെയും. വില കൂടാൻ ഇതും കാരണമായിട്ടുണ്ട്. വില കൂടാത്തതായ ഒരു പച്ചക്കറി ഐറ്റവും കിട്ടാനില്ലെന്നതാണ് വസ്തുത. വിവാഹ സീസണുകളും ഓണവും വരുന്നതിന് മുമ്പുതന്നെ ഇങ്ങനെ വില ഉയർന്നതാണ് ഏറ്റവും വലിയ ആശങ്ക സാധാരണക്കാരിൽ സൃഷ്ടിച്ചിരിക്കുന്നത്.

ഇത് നേരിടാൻ ഇപ്പോൾത്തന്നെ അതിശക്തമായ വിപണി ഇടപെടൽ നടത്താനുള്ള നടപടികൾ പൊതുവിതരണ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയില്ലെങ്കിൽ ഓണക്കാലത്ത് വില കുതിച്ചുയരുമെന്നതിൽ സംശയിക്കേണ്ടതില്ല. പലചരക്കുകളുടെ കാര്യത്തിൽ അരിവില മാത്രമാണ് വലിയ തോതിൽ വർദ്ധിക്കാത്തത്. മൈദ, റവ, ഗോതമ്പ്പൊടി തുടങ്ങിയവയുടെ ശരാശരി വില 50 രൂപയോളമാണ്. പായ്ക്കറ്റിലാണെങ്കിൽ ഇരിട്ടിയോളം വർദ്ധിക്കും. തേങ്ങയുടെ വില തന്നെ 60 രൂപയോളമായി ഉയർന്നിരിക്കുന്നു. ഗ്യാസിന്റെയും കറണ്ടിന്റെയുമൊക്കെ വില കൂടിയതും കുടുംബ ബഡ്‌ജറ്റ് താളം തെറ്റാൻ ഇടയാക്കിയിട്ടുണ്ട്. വില പിടിച്ചുനിറുത്താനുള്ള സർക്കാർ ഇടപെടലിൽ മാത്രമാണ് ഇനി സാധാരണക്കാരുടെ പ്രതീക്ഷ.

English Summary

The sharp rise in the prices of essential commodities and vegetables due to various factors has severely disrupted the household budgets of ordinary families.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY