SignIn
Kerala Kaumudi Online
Thursday, 02 July 2026 12.45 AM IST

കുതിപ്പ് തുടർന്ന് വിഴിഞ്ഞം തുറമുഖം

1

വിഴിഞ്ഞം തുറമുഖ പദ്ധതി തുടങ്ങുന്നതിന് മുമ്പ് അതു തടയാനായി ഇവിടെ ഒരു കപ്പലുപോലും വരാൻ പോകുന്നില്ല എന്ന് കാര്യകാരണ സഹിതം വാദിച്ച വിദഗ്ദ്ധന്മാർ കുറെപ്പേർ ഉണ്ടായിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്ത കാലമായതിനാൽ അവർക്ക് വേണ്ടത്ര പബ്ളിസിറ്റി കിട്ടിയിരുന്നില്ല. പദ്ധതി നങ്കൂരമിടാതിരിക്കാൻ നിത്യവൃത്തിക്ക് വകയില്ലാത്ത മത്സ്യത്തൊഴിലാളിയുടെ പേരിൽ പോലും സുപ്രീംകോടതി വരെ കേസ് നടത്തുകയും ചെയ്തിരുന്നു. ഇതിനൊക്കെ ആവശ്യമായ പണം ദുബായ് തുറമുഖത്തു നിന്നാണ് വന്നതെന്ന് പിന്നീട് വിശ്വസനീയമായ ആരോപണം ഉയർന്നിരുന്നു. നമുക്ക് അന്ന് അറിയില്ലായിരുന്നെങ്കിലും അവർക്ക് വിഴിഞ്ഞത്തിന്റെ വില അറിയാം. അതുകൊണ്ടാണ് മുളയിലേ നുള്ളാൻ ശ്രമിച്ചത്. പക്ഷേ നടന്നില്ല.

കഴിഞ്ഞ പതിനെട്ട് മാസങ്ങൾക്കുള്ളിൽ വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 20 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറുകളാണ്. വന്നടുത്തത് 1000 കപ്പലുകളും. ഇതോടെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായാണ് വിഴിഞ്ഞം മാറിയത്.

ലോകത്തിന് ആവശ്യമായ ഇന്ധനം ഉൾപ്പെടെയുള്ള ചരക്ക് നീക്കത്തിന്റെ 90 ശതമാനവും നടക്കുന്നത് ഷിപ്പിംഗ് മേഖലയിലൂടെയാണ്. വലിയ സമ്പന്നർ ഏറ്റവും കൂടുതൽ മുതൽമുടക്കുന്നതും ഈ മേഖലയിലാണ്. ഭാവിയുടെ കൂറ്റൻ തുറമുഖമായാണ് വിഴിഞ്ഞം അതിവേഗം പരിണമിച്ചു കൊണ്ടിരിക്കുന്നത്. അതിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സി 13,270 കോടി വിദേശ നിക്ഷേപവുമായി വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അദാനി കമ്പനിയുമായി കൈകോർക്കുന്നത്.

അദാനി പോർട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികളാണ് യൂറോപ്യൻ ഷിപ്പിംഗ് ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി സ്വന്തമാക്കുന്നത്. മുംബയിലും ഗുജറാത്തിലുമൊക്കെ വമ്പൻ തുറമുഖങ്ങളുണ്ടെങ്കിലും ഇന്ത്യൻ തുറമുഖ മേഖലയിൽ ഇത്രയും വലിയ ഒരു വിദേശ നിക്ഷേപം ഇതുവരെ നടന്നിട്ടില്ല. കേരളത്തിലേക്ക് ഒറ്റത്തവണയായി എത്തുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപവും.

എം.എസ്.സി എന്ന കമ്പനി ദൂരെ നിന്നല്ല വിഴിഞ്ഞത്തിന്റെ സാദ്ധ്യത മനസിലാക്കിയത്. വിഴിഞ്ഞം തുറമുഖത്ത് ഏറ്റവുമധികം ചരക്ക് നീക്കം നടത്തി വരുന്ന കമ്പനി കൂടിയാണിത്. നമ്മൾ എത്രയൊക്കെ പവർ പോയിന്റ് പ്രസന്റേഷൻ നടത്തിയാലും വലിയ കമ്പനികൾ അവരുടേതായ നിലയിൽ ലാഭസാദ്ധ്യത മനസിലാക്കിയാൽ മാത്രമേ പണം നിക്ഷേപിക്കൂ.

നിലവിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ തുറമുഖങ്ങൾ വഴിയാണ് എം.എസ്.സി കമ്പനി കൂടുതലും ചരക്ക് നീക്കം നടത്തുന്നത്. ഈ ഓഹരി നിക്ഷേപത്തോടെ അവരുടെ ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും ഇനി വിഴിഞ്ഞം വഴിയാകുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.

സ്വാഭാവിക ആഴമുള്ള തുറമുഖം എന്നതിനപ്പുറം വിഴിഞ്ഞം ലോക ഷിപ്പിംഗ് വ്യാപാരത്തിന്റെ പ്രിയ ഇടമായി മാറുന്നത് ഇത്രയും സമാധാനമുള്ള, സംഘർഷ മേഖലയിലല്ലാത്ത ഒരു തുറമുഖം പശ്ചിമേഷ്യൻ മേഖലയിൽ മറ്റൊന്നില്ല എന്നതുകൊണ്ടാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന് മുമ്പ് വരെ ദുബായ് പോർട്ട് ഏറ്റവും സമാധാനമുള്ള പോർട്ടായിരുന്നു. ഇന്നതല്ല സ്ഥിതി. ശ്രീലങ്കയിലെ തുറമുഖത്ത് തത്‌കാലം പ്രശ്നമൊന്നുമില്ലെങ്കിലും ഇന്ത്യയെപ്പോലെ സുസ്ഥിരമായ ഒരു ഭരണമുള്ള രാജ്യമല്ല ശ്രീലങ്ക. സംഘർഷവും ബിസിനസും ഒരിക്കലും ഒന്നിച്ച് പോകില്ല. അതിനാൽ വിഴിഞ്ഞത്തിന്റെ ബിസിനസ് സാദ്ധ്യത നാൾക്കുനാൾ കൂടി വരുമെന്നതിൽ സംശയിക്കേണ്ട.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION