
ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന യന്ത്രച്ചിറകുകൾക്ക് ഭാരമില്ലായ്മ അനുഭവപ്പെടുന്നൊരു ബിന്ദുവുണ്ട് ആകാശത്ത്. കഠിനമായ വായുമർദ്ദത്തെ തന്ത്രങ്ങളാലും നിമിഷാർദ്ധങ്ങളിലെ തീരുമാനങ്ങൾ കൊണ്ടും പൈലറ്റ് കീഴടക്കുന്ന അപൂർവ്വ നിമിഷം. ആ വിജനതയിലാണ്, മണിക്കൂറിൽ ആയിരത്തിലധികം കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന പോർവിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ഒരു പെൺകുട്ടി രാജ്യാതിരുകൾക്ക് കാവലൊരുക്കുന്നത്.
ഇത് കേവലമൊരു പൈലറ്റിന്റെ കഥയല്ല; വ്യോമസീമകളെ സ്വന്തം വൈദഗ്ദ്ധ്യത്താൽ കീഴടക്കിയ തന്ത്രജ്ഞയുടെ അപൂർവ്വ വാനഗാഥയാണ്. പുരുഷന്മാരുടെ മാത്രം കുത്തകയെന്ന് കരുതപ്പെട്ടിരുന്ന ആകാശസീമകളിലേയ്ക്ക്, തന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ അഗ്നിച്ചിറകുകളുമായി പറന്നുയർന്ന സ്ക്വാഡ്രൺ ലീഡർ ഭാവന കാന്തിന്റെ കഥ.
ആകാശം കൊതിച്ച
പെൺകുട്ടി
യുദ്ധവിമാനങ്ങൾ ആകാശം കീറിമുറിക്കുന്ന പോർക്കളങ്ങളിൽ നിന്നേറെ അകലെയായിരുന്നു ഭാവനയുടെ ബാല്യം. ബീഹാറിലെ ദർഭംഗയെന്ന പച്ചപ്പുള്ള ഗ്രാമത്തിൽ, രാവുകളിൽ മിന്നിമറയുന്ന നക്ഷത്രങ്ങളെയും പകൽവാനിൽ വെള്ളനൂലുകൾ നെയ്യുന്ന വിമാനങ്ങളെയും നോക്കി കൺപാർത്ത പെൺകുട്ടി. വിമാനങ്ങൾ വാനിൽ വരച്ചിടുന്ന വെളുത്ത വരകൾ കാണുമ്പോൾ, അവൾ മനസിൽ കൊതിച്ചത് ആകാശത്തോളം ഉയരമുള്ള സ്വന്തം ചിറകുകളായിരുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഇലക്ട്രിക്കൽ എൻജിനീയറായ പിതാവ് തേജ് നാരായൺ കാന്തും അമ്മ രാധാ കാന്തും നൽകിയ കരുത്തിൽ, അതിരുകളില്ലാത്ത സ്വപ്നങ്ങളോടെ വളർന്നു. പിതാവിന്റെ ജോലി ജീവിതം കുടുംബത്തെ ദർഭംഗയിൽ നിന്ന് ബെഗുസരായ് ജില്ലയിലെ ബറൗണി റിഫൈനറി ടൗൺഷിപ്പിലേയ്ക്ക് പറിച്ചുനട്ടു. ബറൗണി റിഫൈനറിയിലെ ഡി.എ.വി.പബ്ലിക് സ്കൂളിലായിരുന്നു പഠനം. പിന്നീട് ബംഗളൂരുവിലെ ബി.എം.എസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് മെഡിക്കൽ ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ഭാവനയെ കാത്തിരുന്നത് കോർപ്പറേറ്റ് ലോകത്തെ സുരക്ഷിതമായ ജോലിസാദ്ധ്യതകൾ. എന്നാൽ, ലക്ഷ്യം മറ്റൊന്നായിരുന്നു. 2014ൽ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വിജയിച്ച്, ദുണ്ഡിഗലിലെ എയർഫോഴ്സ് അക്കാഡമിയുടെ പടവുകൾ കയറിയ ഭാവന ആകാശസ്വപ്നത്തിലേയ്ക്ക് ചിറകടിച്ചുയർന്നു.
മൂന്ന് പെൺകുട്ടികൾ
തുറന്ന വാതിൽ
2016.. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ നിർണായക വർഷം. ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിംഗ്... മൂന്ന് യുവതികൾ ആദ്യമായി ഫൈറ്റർ സ്ട്രീമിൽ പ്രവേശിച്ചു. യുദ്ധവിമാനങ്ങളുടെ കോക്ക്പിറ്റ് അതുവരെ പുരുഷന്മാരുടെ മാത്രം ലോകമായിരുന്നു. അതിവേഗ തീരുമാനങ്ങൾ, കഠിനമായ ശാരീരിക ക്ഷമത, അതീവ കൃത്യത, സമ്മർദ്ദത്തെ അതിജീവിക്കാനുള്ള മാനസിക കരുത്ത് ഇവയെല്ലാം ആവശ്യപ്പെടുന്ന മേഖല. അവിടേക്കായിരുന്നു മൂന്ന് പെൺധീരരുടെ കടന്നുവരവ്.
വ്യോമസേനയുടെ പോരാട്ടവിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയെന്നാൽ മനുഷ്യന്റെ കായിക-മാനസിക ശേഷികളുടെ പരമാവധി പരീക്ഷണമാണ്. ബേസിക് പരിശീലന വിമാനങ്ങളിൽ നിന്ന് ഹൊവാക്ക് ജെറ്റുകളിലേയ്ക്ക്, അവിടെ നിന്ന് ശബ്ദാതിവേഗ പോർവിമാനങ്ങളിലേയ്ക്ക്... പരിശീലനത്തിന്റെ ഓരോ ഘട്ടവും കഠിനം. എന്നാൽ യഥാർത്ഥ പരീക്ഷണം കാത്തിരുന്നത് അംബാല എയർഫോഴ്സ് സ്റ്റേഷനിലായിരുന്നു, ഡെൽറ്റവിംഗ് രൂപകല്പനയുള്ളതും പൈലറ്റുമാരുടെ കഠിനമായ വൈദഗ്ധ്യം ആവശ്യപ്പെടുന്നതുമായ 'മിഗ് 21 ബൈസൺ"...
''പറക്കലിനോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു മനസിൽ. എന്നാൽ സ്ത്രീകൾക്ക് ഫൈറ്റർ സ്ട്രീമിൽ പ്രവേശനം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. പരീക്ഷണാടിസ്ഥാനത്തിൽ ആ വാതിൽ തുറന്നപ്പോൾ, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല""- ഭാവന അനുഭവം പങ്കിട്ടു.
പൈലറ്റിന്റെ ജീവിതത്തിലെ 'ആദ്യ സോളോ"എന്നത് വെറും ഔദ്യോഗിക പദം മാത്രമാണ്. അതിന് പിന്നിൽ മറ്റൊരു ലോകമുണ്ട്. കോക്ക്പിറ്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന നിമിഷം. എല്ലാ തീരുമാനങ്ങളുടെയും ഉത്തരവാദിത്വം സ്വന്തം ചുമലിൽ. താഴെ പരിചിതമായ ഭൂമി. മുകളിൽ അതിരില്ലാത്ത ആകാശം. ഇടയിൽ ഒരു യുദ്ധവിമാനം. ഒരിക്കൽ താഴെനിന്ന് വിമാനങ്ങളെ നോക്കിനിന്ന പെൺകുട്ടി, യുദ്ധവിമാനം പറത്തുന്നു. 2018 മാർച്ച്, ഉച്ചയ്ക്ക് 2 മണി... ലാൻഡിംഗിലെ അതിവേഗത്താൽ പൈലറ്റുമാരെ കുഴയ്ക്കുന്ന മിഗ് -21ന്റെ യന്ത്രച്ചിറകുകളെ മെരുക്കി എയർഫോഴ്സ് സ്റ്റേഷന് മുകളിലൂടെ പറത്തി ഭാവന ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ സുവർണ അദ്ധ്യായം രചിച്ചു.
'ആദ്യ" എന്ന വാക്ക്
ചരിത്രമായി
2019 മേയ്... ഭാവന വീണ്ടും ചരിത്രത്തിന്റെ ഭാഗമായി. മിഗ്- 21 ബൈസണിലെ ആവശ്യമായ ഓപ്പറേഷണൽ പരിശീലനം പൂർത്തിയാക്കി, പകൽ സമയത്തെ കോംബാറ്റ് ദൗത്യങ്ങൾക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഫൈറ്റർ പൈലറ്റായി മാറി. അത് മറ്റൊരു 'ഫസ്റ്റ് " മാത്രമല്ലായിരുന്നു. ഒരു പരീക്ഷണത്തിന്റെ ഭാഗമായെത്തിയ വനിതാ പൈലറ്റിൽനിന്ന് ഓപ്പറേഷണൽ കോംബാറ്റ് പൈലറ്റിലേക്കുള്ള മാറ്റം കൂടിയായിരുന്നു.
സുഖോയിയെ
മെരുക്കിയ ധീരത
ഒരു ഫൈറ്റർ പൈലറ്റിന്റെ ദാഹത്തിന് അതിരുകളില്ല. വ്യോമസേനയുടെ നെടുംതൂണായ ഇരട്ട എൻജിൻ യുദ്ധവിമാനം 'സുഖോയ് എസ്.യു-30 എം.കെ.ഐ"യുടെ നിയന്ത്രണം ഭാവന കൈയിലെടുത്തു. ആകാശത്ത് സർവാധിപത്യവും സ്ഥാപിക്കുന്ന ആ ഭീമൻ വിമാനത്തെയും ഇണക്കിയെടുത്തു. പിന്നീട് രാത്രികാല ദൗത്യങ്ങളും കഠിനമായ ടാക്ടിക്കൽ അഭ്യാസങ്ങളും വിജയകരമാക്കിയ ഭാവന സമ്പൂർണാർത്ഥത്തിൽ കോംബാറ്റ് പൈലറ്റായി.
2021 ജനുവരി 26. റിപ്പബ്ലിക് ഡേ പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ ടാബ്ലോയുടെ ഭാഗമായെത്തിയ ഭാവന കാന്തിനെ രാജ്യം കണ്ടു. ഒരു സ്ത്രീ, ഫൈറ്റർ പൈലറ്റിന്റെ യൂണിഫോമിൽ, രാജ്യത്തിന്റെ ഏറ്റവും വലിയ ദേശീയ വേദികളിലൊന്നിൽ... ആ ദൃശ്യം ഒരു പ്രതീകമായിരുന്നു. ''പ്രതിബന്ധങ്ങളെക്കാൾ പ്രധാനം ലക്ഷ്യബോധമാണെന്ന തിരിച്ചറിവാണ് എന്നെ ഇവിടെയെത്തിച്ചത്. കഠിനമായ പരിശീലനവും തത്ത്വനിഷ്ഠമായ സമീപനവുമാണ് ഈ മേഖല ആവശ്യപ്പെടുന്നത്.""
വീണ്ടും പുതിയ ഉയരം
മിഗിനു പിന്നാലെ സുഖോയിയും കീഴടക്കിയതോടെ സ്ക്വാഡ്രൺ ലീഡർ പദവിയിലേയ്ക്ക് ഉയർന്ന ഭാവനയുടെ അടുത്ത ലക്ഷ്യം അതീവ ദുഷ്കരമായ ഒന്നായിരുന്നു. ഗ്ലോറിയസ് തന്ത്രങ്ങളുടെ കേന്ദ്രമായ ഗ്വാളിയോറിലെ ടാക്ടിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ നടക്കുന്ന എലൈറ്റ് ഫൈറ്റർ കോംപാക്ട് ലീഡർ കോഴ്സ്. അമേരിക്കൻ നാവികസേനയുടെ പ്രശസ്തമായ 'ടോപ്പ് ഗൺ" പ്രോഗ്രാമിന് തുല്യമായ, ഇന്ത്യൻ വ്യോമസേനയിലെ നൂറിൽ ഒരാൾക്കുമാത്രം വിജയസാദ്ധ്യതയുള്ള അതികഠിനമായ കോഴ്സ്. ഭാവനയുടെ നിശ്ചയദാർഢ്യം അറിയുന്നവർ ഒഴികെ ആരുംസാദ്ധ്യത കൽപ്പിച്ചില്ല.
എന്നാൽ 20 ആഴ്ച നീണ്ട അതികഠിന പരിശീലനങ്ങൾക്കൊടുവിൽ എഫ്.സി.എൽ കോഴ്സ് വിജയകരമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റായി ഭാവന ചരിത്രമെഴുതി. സങ്കീർണ്ണമായ മുൻനിര ആകാശയുദ്ധങ്ങളുടെ തന്ത്രങ്ങൾ മെനയാനും നയിക്കാനും ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ ടോപ് ഗൺ! സൈനിക വ്യോമായാന മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ നാരീശക്തി പുരസ്കാരം നൽകിയാണ് ഭാവനയെ രാജ്യം ആദരിച്ചത്.
അതിരുകളില്ലാത്ത നീലാകാശം
ഇന്ന്, 'ഗഗൻ ശക്തി", 'തരംഗ് ശക്തി" തുടങ്ങിയ ഉന്നത അന്താരാഷ്ട്ര വ്യോമാഭ്യാസങ്ങളിൽ ഇന്ത്യയുടെ പതാകവാഹകയാണ് ഭാവന. അതിർത്തി താവളങ്ങളിൽ ക്വിക് റിയാക്ഷൻ അലേർട്ട് ചുമതലകൾ വഹിക്കുന്ന ഭാവന, തനിക്ക് പിന്നാലെ വ്യോമസേനയിലേയ്ക്ക് കടന്നുവരുന്ന നൂറുകണക്കിന് പെൺകുട്ടികൾക്ക് വഴികാട്ടിയാണ്.
തന്റെ സുഖോയ് 30 വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് ആകാശനീലിമയിലേയ്ക്ക് കുതിച്ചുയരുമ്പോൾ, ഭാവനയുടെ മനസ് ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകൃതമാണ്. കൈമുതലായുള്ളത് കഴിവും അചഞ്ചലമായ രാജ്യസ്നേഹവും. നീലാകാശത്തിന് മുകളിൽ ലിംഗഭേദമില്ല, പ്രതിഭ മാത്രമാണ് മാനദണ്ഡം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |