
സുഖ്പുരി (ഹരിയാന): കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഫോൺ അഡിക്ഷൻ അപകടകരമായ രീതിയിൽ കൂടിവരികയാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതുപോലും പല രാജ്യങ്ങളും വിലക്കിയിട്ടുണ്ട്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തങ്ങളുടെ ഗ്രാമത്തിൽ സ്മാർട്ട് ഫോണുകൾ പൂർണമായി നിരോധിച്ചിരിക്കുകയാണ് ഹരിയാനയിലെ സുഖ്പുരി ഗ്രാമം. മുതിർന്നവർ ഉൾപ്പെടെയുള്ളവർക്ക് കീപാഡ് ഫോണുകൾ മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. സ്മാർട്ട് ഫോൺ നിരോധനത്തിന്റെ ഭാഗമായി ഗ്രാമത്തിലെ യുവാക്കൾ തങ്ങളുടെ വിലയേറിയ ഫോണുകൾ നശിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പതിനായിരങ്ങൾ വിലയുള്ള ഫോണുകളാണ് ഇതിൽ പലതും.
ഗ്രാമവാസികളുടെ മുഴുവൻ പിന്തുണയോടെ പഞ്ചായത്താണ് സ്മാർട്ട് ഫാേൺ നിരേധനം നടപ്പാക്കിയത്. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് യുവാക്കളെ അകറ്റി നിറുത്തുക, സ്മാർട്ട് ഫാേൺ, ഇന്റർനെറ്റ് ആസക്തി കുറയ്ക്കുക, സത്യസന്ധമായി ജീവിക്കാൻ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നിരോധനം നടപ്പാക്കിയത്. മൊബൈൽ ഫോൺ പൂർണമായി നിരോധിക്കുക സാദ്ധ്യമല്ലാത്തതിനാൽ കീ പാഡ് ഫോണുകൾ ഉപയോഗിക്കാൻ അനുമതി നൽകുകയായിരുന്നു.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യക്തികളെ അവയെല്ലാം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു ക്യാമ്പയിൻ പൊലീസിന്റെ നേതൃത്വത്തിൽ ഗ്രാമത്തിൽ നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത യുവാക്കൾ തങ്ങളുടെ എല്ലാ ക്രിമിനൽ ബന്ധവും ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇതിന്റെ ഭാഗമായാണ് കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളിൽ പ്രധാനമെന്ന് കരുതുന്ന സ്മാർട്ട് ഫോണുകൾ നശിപ്പിക്കാൻ തീരുമാനിച്ചത്. ആരെയും ഫോൺ നശിപ്പിക്കാൻ നിർബന്ധിച്ചില്ളെന്നും സ്വമേധയാ യുവാക്കൾ തയ്യാറാവുകയായിരുന്നു എന്നുമാണ് ഗ്രാമമുഖ്യൻ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |