
ഭൂമിയിലെ ദൈവത്തിന്റെ കൈവിരലാണ് പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിയിലെ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. മുഹമ്മദ് ഷാഫി. പഠിച്ച മെഡിക്കൽ പാഠങ്ങൾക്കും ദീർഘമായ പ്രാക്ടീസിനുമൊപ്പം സർവേശ്വരന്റെ അനുഗ്രഹവും ഉണ്ടായത് കൊണ്ടാകാം മുന്നിലെത്തുന്നയാളുടെ രോഗാവസ്ഥ അതിവേഗം ഡോ. മുഹമ്മദ് ഷാഫി തിരിച്ചറിയും. അദ്ദേഹം ചികിത്സിക്കുന്നവർ അതിവേഗം രോഗമുക്തി നേടും. പാവപ്പെട്ടവരാണെങ്കിൽ മരുന്നിനും പരിശോധനകൾക്കുമുള്ള പണം സ്വന്തം കൈയിൽ നിന്ന് നൽകും. ഇങ്ങനെ പാവങ്ങൾക്ക് ഡോക്ടർ മാത്രമല്ല, ദൈവത്തിന്റെ പ്രതിപുരുഷനാണ് ഡോ. മുഹമ്മദ് ഷാഫി.
മുന്നിലെത്തുന്ന പ്രായമുള്ള പുരുഷന്മാരെയും സ്ത്രീകളെയും അച്ഛനമ്മമാരെപ്പോലെ കാണും. ചെറുപ്പക്കാർ വരുമ്പോൾ സഹോദരനായും പെങ്ങളായും കാണും. ഉറ്റവരെ ചികിത്സിക്കുന്നത് പോലെ അവരെ നോക്കും. ഉറ്റവർക്ക് നൽകുന്ന മരുന്നേ അവർക്കും നൽകൂ. കാശ് ഇല്ലെന്ന് പറഞ്ഞാൽ നിങ്ങൾ കാഷ്വാലിറ്റിയിൽ ചെല്ലുക. അവിടെ നിങ്ങളുടെ കൈയിൽ ഉള്ളത് കൊടുക്കുക. ബാക്കിയുള്ളത് താൻ കൊടുത്തുകൊള്ളാമെന്ന് പറയും. ഹൈപ്പർ ടെൻഷൻ, ഷുഗർ, കൊളസ്ട്രോൾ, വിവിധ പകർച്ച വ്യാധികൾ തുടങ്ങിയവയുടെ ചികിത്സയിൽ വിദഗ്ദ്ധനാണ് അദ്ദേഹം. ഡോ. മുഹമ്മദ് ഷാഫിയുടെ മുന്നിൽ വന്നിട്ടുള്ളവരെല്ലാം ഷുഗർ ഭേദമായേ മടങ്ങിയിട്ടുള്ളു.
എട്ട് മാസം മുമ്പ് പത്തനാപുരം ഇ.എം.എസ് സഹകരണ ആശുപത്രിയിലേക്ക് ജന്നി വന്ന യുവാവുമായി ഒരു ഓട്ടോറിക്ഷ പാഞ്ഞെത്തി. കാഷ്വാലിറ്റിയിൽ എത്തിച്ച യുവാവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നു. സാധാരണ ജന്നി വരുന്നവരെപ്പോലെയല്ല. സ്ഥിതി അല്പം വഷളാണ്. കാഷ്വാലിറ്റിയിലുള്ളവർ അദ്ദേഹത്തെ റഫർ ചെയ്യാനൊരുങ്ങി. അതിനിടെ ഡോ. മുഹമ്മദ് ഷാഫി അവിടേക്കെത്തി. ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ അദ്ദേഹത്തോട് പറഞ്ഞു. പാവങ്ങളാണ് ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്കേ വിടാവൂ. വലിയ ആശുപത്രിയിലേക്ക് റഫർ ചെയ്താൽ, അവർക്ക് ചികിത്സാ ചെലവ് താങ്ങാനാകില്ല. ഇതുകേട്ട് ഡോ. മുഹമ്മദ് ഷാഫി ചിന്തിച്ചു. സർക്കാർ ആശുപത്രിയിലേക്ക് വിട്ടാൽ ചിലപ്പോൾ ആവശ്യമായ പരിചരണം ലഭിക്കില്ല. അദ്ദേഹം നഴ്സുമാരോട് പറഞ്ഞു, ആ പയ്യനെ റഫർ ചെയ്യേണ്ട. നമുക്ക് നോക്കാം.
യുവാവിനെ ഉടൻ തന്നെ ഐ.സി.യുവിൽ അഡ്മിറ്റ് ചെയ്തു. മരുന്നുകൾ നൽകി. യുവാവിന്റെ ബന്ധുക്കൾ ആശുപത്രി വരാന്തയിൽ കരഞ്ഞ് തളർന്നിരിക്കുകയാണ്. അവരെ കണ്ടാൽ അറിയാം കൈയിൽ അധികം പണം ഉണ്ടാകില്ല. അതുകൊണ്ട് യുവാവിന്റെ എം.ആർ.ഐ സ്കാനിംഗിനുള്ള പണം ഡോ. മുഹമ്മദ് ഷാഫി സ്വന്തം കൈയിൽ നിന്ന് നൽകി. അന്ന് പാതിരാവ് വരെ ആശുപത്രിയിൽ തുടർന്ന് യുവാവ് അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ഡോ. മുഹമ്മദ് ഷാഫി വീട്ടിലേക്ക് മടങ്ങിയത്. അതിന് ശേഷം എല്ലാമാസവും ആ യുവാവ് വരും. ആദ്ദേഹത്തിന്റെ മരുന്നിന്റെ പകുതി പണം ഇപ്പോഴും ഡോ. മുഹമ്മദ് ഷാഫിയാണ് നൽകുന്നത്. അയാൾ ഇപ്പോൾ വളരെ ഊർജ്ജസ്വലനാണ്. ഇങ്ങനെ പാവങ്ങളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഡോ. മുഹമ്മദ് ഷാഫി ആഗ്രഹിക്കുന്ന ഫീസ്.
പിന്നിൽ
ഉമ്മയും വാപ്പയും
പുനലൂർ റോസേഴ്സ് വില്ലയിൽ ബിസിനിനസുകാരനായിരുന്ന കെ.കെ. ഷംസുദീന്റെയും പുനലൂർ ഗവ. ഹൈസ്കൂളിൽ അദ്ധ്യാപികയായിരുന്ന എം.ആർ. അബദിയ കുഞ്ഞിന്റെയും മകനായാണ് ഡോ. മുഹമ്മദ് ഷാഫിയുടെ ജനനം. വാപ്പയുടെ ബിസിനസ് നോക്കിയിരുന്ന സഹോദരൻ മുഹമ്മദ് റാഫി വർഷങ്ങൾ മുമ്പ് മരിച്ചു. പ്രീഡിഗ്രിക്കും ബി.എസ്സിക്കും എം.എസ്സിക്കും ഒന്നാം റാങ്ക് നേടിയ സഹോദരി ഡോ. രഹ്ന.കെ. ഷംസുദ്ദീൻ ഇപ്പോൾ ഡി.ആർ.ഡി.ഒയിൽ സീനിയർ സയിന്റിസ്റ്റാണ്.
പുനലൂർ ഗവ. ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലായിരുന്നു പ്രീഡിഗ്രിക്ക് പഠനം. അതുകഴിഞ്ഞ് എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി 1994ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. പ്രാക്ടീസ് ആരംഭിച്ച ശേഷം ഓൾ ഇന്ത്യ എൻട്രൻസിൽ ഉയർന്ന റാങ്ക് നേടി 2004ൽ നാഗ്പൂർ ഗവ. മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിനിൽ എം.ഡിക്ക് പ്രവേശനം നേടി. 2008ൽ എം.ഡി പാസായി നാട്ടിൽ മടങ്ങിയെത്തി പ്രമുഖ ആശുപത്രികളിൽ പ്രാക്ടീസ് തുടങ്ങി.
ഡോക്ടർമാരിലെ
മസിൽമാൻ
ഡോക്ടർമാർക്കിടയിലെ മസിൽമാനാണ് ഡോ. മുഹമ്മദ് ഷാഫി. വീട്ടിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ ജിംനേഷ്യമുണ്ട്. എല്ലാ ദിവസവും രാത്രി വ്യായാമം ചെയ്തിട്ടേ ഉറങ്ങൂ. ഭക്ഷണത്തിന്റെ കാര്യത്തിൽ കണിശക്കാരനാണ്. പരമാവധി, വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളേ കഴിക്കൂ.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ജിമ്മിൽ പോകുമായിരുന്നു. എം.ബി.ബി.എസ് എൻട്രൻസിന്റെ തലേന്ന് ബാക്കിയെല്ലാവരും ഉറക്കമിളച്ച് പഠിക്കുമ്പോഴും മുഹമ്മദ് ഷാഫി ജിമ്മിൽ പോയിരുന്നു. എൻട്രൻസ് പരീക്ഷയുടെ അന്നും പത്ത് മിനിറ്റ് വ്യായാമം ചെയ്തിട്ടാണ് പോയത്. നന്നായി എൻട്രൻസ് എഴുതി, ഉയർന്ന റാങ്കും കിട്ടി. സ്കൂളിൽ പഠിക്കുമ്പോഴേ ആക്ഷൻ സിനിമകൾ കാണുമായിരുന്നു. ജാക്കിച്ചാന്റെയും ബ്രൂസിലിയുടെയും വലിയ ഫാനായിരുന്നു. സ്കൂൾ കാലത്ത് തന്നെ കരാട്ടെയും മാർഷ്യൽ ആർട്ടും പഠിച്ചു തുടങ്ങി. ശരീര സൗന്ദര്യത്തിനപ്പുറം പോസിറ്റീവ് ചിന്ത ലഭിക്കാനാണ് വീട്ടിൽ തന്നെ ജിം ഒരുക്കി വ്യായാമം ചെയ്യുന്നതെന്നാണ് ഡോ. മുഹമ്മദ് ഷാഫി പറയുന്നത്.നല്ല ആരോഗ്യമുണ്ടെങ്കിൽ പോസീറ്റീവ് ചിന്തയുണ്ടാകും. അസുഖക്കാരാണെങ്കിൽ നെഗറ്റീവ് എനർജിയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഡോ. മുഹമ്മദ് ഷാഫിയുടെ അച്ഛന്റെ കുടുംബക്കാരെല്ലാം നല്ല ആരോഗ്യമുള്ളവരായിരുന്നു. അച്ഛൻ കളരിപ്പയറ്റുകാരനായിരുന്നു. അമ്മയുടെ കുടുംബക്കാർ ഉയർന്ന വിദ്യാഭ്യാസമുള്ളവരായിരുന്നു. അമ്മയുടെയും അച്ഛന്റെയും നല്ല ജീനുകൾ കിട്ടിയത് കൊണ്ടാണ് തനിക്ക് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഒരുപോലെ മെച്ചപ്പെടാൻ കഴിഞ്ഞതെന്നാണ് ഡോ. മുഹമ്മദ് ഷാഫി പറയുന്നത്.
സ്കൂളിൽ പിൻബെഞ്ചിൽ
സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി പിൻബഞ്ചിലാണ് ഇരുന്നിരുന്നത്. പക്ഷെ പഠനത്തിൽ സമർത്ഥനായിരുന്നു. ഇ.എസ്.ഐ ഡയറക്ടറായിരുന്ന കുഞ്ഞുമ്മ ഡോ. ബീനത്ത് ആണ് ഡോ. മുഹമ്മദ് ഷാഫിയുടെ മെന്റർ. സ്കൂൾ ക്ലാസ് മുതൽ ഉറപ്പായും പഠിക്കേണ്ട കാര്യങ്ങളും പഠിക്കേണ്ട രീതിയും കുഞ്ഞുമ്മ പറഞ്ഞുനൽകുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ പത്ത് മണിക്കൂർ കൊണ്ട് പഠിക്കുന്നവ മുഹമ്മദ് ഷാഫി രണ്ട് മണിക്കൂർ കൊണ്ട് പഠിച്ച് തീർക്കും. ഐ.പി.എസ് നേടണമെന്നായിരുന്നു ചെറുപ്പത്തിൽ ആഗ്രഹം. ഭരണക്കാരുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് നിൽക്കേണ്ടി വരുമെന്ന് മനസിലായതോടെയാണ് ഡോക്ടറാകാൻ തീരുമാനിച്ചത്.
മനസിൽ നന്മ മാത്രം
ആർക്ക് എന്ത് നന്മ ചെയ്യാമെന്നാണ് ഡോ. മുഹമ്മദ് ഷാഫി എപ്പോഴും ചിന്തിക്കുന്നത്. മകൻ സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ ഏതെങ്കിലും അനാഥാലയത്തിൽ രാവിലെ മുതൽ വൈകിട്ട് വരെ ഒരു പൈസ പോലും സ്വീകരിക്കാതെ അവിടുത്തെ അനാഥ രോഗികളെ ചികിത്സിക്കണമെന്നാണ് ആഗ്രഹം. ഡോ. മുഹമ്മദ് ഷാഫിയുടെ മുഖത്ത് എപ്പോഴും ചിരിയുണ്ടാകും. ആ ചിരിയോടെ രണ്ട് ആശ്വാസ വാക്കുകൾ പറയുമ്പോൾ ഡോ. മുഹമ്മദ് ഷാഫിക്ക് മുന്നിലെത്തുന്ന രോഗിക്ക് പകുതി ആശ്വാസമാകും. വിശാലമായ സൗഹൃദവലയമുണ്ട്. അതിൽ രാഷ്ട്രീയക്കാരും പൊലീസുകാരും സാംസ്കാരിക പ്രവർത്തകരുമൊക്കെയുണ്ട്.
ഇന്ത്യൻ എയർഫോഴ്സിൽ അനസ്തേഷ്യോളജിസ്റ്റും വിംഗ് കമാൻഡറുമായിരുന്ന മഹാരാഷ്ട്ര നാഗ്പൂർ സ്വദേശിനി ഡോ. ജയ പി.വാർമാറെ ആണ് ഭാര്യ. എകമകൻ ഗർവിത്ത് പുനലൂർ സെന്റ് തോമസ് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. നാഗ്പൂരിൽ എം.ഡിക്ക് പഠിക്കുമ്പോൾ ഹൗസ് സർജനായിരുന്ന ഡോ. ജയ പി.വാർമാറെയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഭാര്യ പിന്നീട് ഇന്ത്യൻ എയർഫോഴ്സിൽ ഫ്ലൈറ്റ് ലഫ്ടനന്റായി ജോലിയിൽ പ്രവേശിച്ചു. മകൻ ഗർവിത്ത് ഭാര്യക്കൊപ്പമായിരുന്നു. ഡോ. ജയ പി.വാർമാറെയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റം ഉണ്ടാകുമ്പോൾ മകനെ സ്കൂൾ മാറ്റേണ്ടി വന്നു.
ഓരോ സംസ്ഥാനത്തെയും സ്കൂളുകളിൽ ചേർക്കുമ്പോൾ അവിടുത്തെ ഭാഷ പഠിക്കേണ്ടി വന്നു. അങ്ങനെ ഭാഷാ പഠനം പ്രശ്നമായതോടെ മകന് വേണ്ടി, വിംഗ് കമാൻഡറായിരിക്കെ ഡോ. ജയ.പി. വാർമാറെ വി.ആർ.എസ് എടുക്കുകയായിരുന്നു. പുനലൂർ ഇളമ്പൽ പത്തേക്കർ ഗർവീസിലാണ് ഡോ. മുഹമ്മദ് ഷാഫിയും കുടുംബവും ഇപ്പോൾ താമസം.
പാവങ്ങളുടെ മനസറിയുന്ന ഡോക്ടർ
ഏതാനും ആഴ്ചകൾ മുമ്പ് പാവപ്പെട്ട സ്ത്രീ ആശുപത്രിയിലെത്തി. ബി.പി വളരെ കൂടുതലായതിനാൽ അഡ്മിറ്റ് ചെയ്തു.
അവരുടെ മകൾ വന്ന് ഡോ. മുഹമ്മദ് ഷാഫിയോട് പറഞ്ഞു. സാറെ ഞങ്ങൾക്ക് വീട്ടിൽ പോകണം. ബി.പി കൂടുതലാണ് കാർഡിയാക് കൺസൾട്ടേഷൻ കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു.
സാർ ഞങ്ങളുടെ കൈയിൽ അതിനുള്ള പണമൊന്നുമില്ലെന്ന് ആ യുവതി പറഞ്ഞു. നിങ്ങൾ വിഷമിക്കേണ്ട ഞാൻ നോക്കിക്കൊള്ളാമെന്ന് ഡോക്ടർ.
ആ രോഗിയുടെ കാർഡിയാക് കൺസൾട്ടേഷന്റെയും എക്കോയുടെയും പണം മുഴുവൻ ഡോ. മുഹമ്മദ് ഷാഫി കൊടുത്തു.
ഇങ്ങനെ നേരത്തെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് മാറിയപ്പോൾ പാവങ്ങൾക്ക് സൗജന്യമായി മരുന്ന് നൽകാൻ നിർദ്ദേശിച്ച ഇനത്തിൽ അഞ്ച് ലക്ഷം രൂപ അടയ്ക്കേണ്ടി വന്നിരുന്നു.
സാധാരണക്കാർക്ക് വേണ്ടി പത്തനാപുരം ആശുപത്രിയിൽ പത്തര മുതൽ രണ്ട് വരെയാണ് കൺസൾട്ടേഷൻ സമയം. പക്ഷെ പല ദിവസങ്ങളിലും രോഗികളുടെ തിരക്ക് കാരണം രാത്രി വരെ അദ്ദേഹമുണ്ടാകും.
കുന്നിക്കോട് തെറ്റിക്കുഴി ഹോസ്പിറ്റലിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രാക്ടീസുണ്ട്. അതിന് പുറമേ സ്വന്തം ക്ലിനിക്കിൽ പാവങ്ങൾക്ക് മരുന്ന് സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |