
കെവിന്റെ ഭാഷയ്ക്ക് അതിരുകളില്ല. ഇഷ്ടം തോന്നിയാൽ കെട്ടിപ്പിടിക്കും. സന്തോഷം വന്നാൽ ചുംബിക്കും. തന്റെ പ്രിയപ്പെട്ടവരെ കാണുമ്പോൾ കെവിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കും, നീളുന്ന കൈകൾക്കും ഒറ്റ അർത്ഥമേയുള്ളു. അത് സ്നേഹമെന്നാണ്.
നടൻ കുഞ്ചാക്കോ ബോബനെ കണ്ടപ്പോൾ നിറഞ്ഞ സന്തോഷത്തോടെ കെവിൻ വിളിച്ചുപറഞ്ഞു,
''ഇത് ഞങ്ങളുടെ അണ്ണനാ""പിന്നെ ഒരു നിമിഷം പോലും ആലോചിച്ചില്ല. നേരെ ചാക്കോച്ചന്റെ അരികിലേയ്ക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ആ ദൃശ്യം ലോകം കണ്ടു. ചാക്കോച്ചന്റെ കണ്ണുകൾ നിറഞ്ഞു. പരിസരം ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്ക സ്നേഹത്താൽ തളിർത്തു.
സ്നേഹം പറയാനുള്ളതല്ല, അനുഭവിപ്പിക്കാനുള്ളതാണെന്ന് ജീവിതംകൊണ്ട് പഠിപ്പിക്കുന്ന കെവിൻ എന്ന 12 കാരൻ. കെവിന് ചാക്കോച്ചൻ അത്രയേറെ പ്രിയപ്പെട്ടവനാണ്. ആലപ്പുഴ സാന്ത്വൻ സ്പെഷ്യൽ സ്കൂളിലെ പ്രൈമറി ഫസ്റ്റ് ക്ലാസ് വിദ്യാർത്ഥി.
തൂഫാൻ വേദിയിലെ ഭാഗ്യം
ആലപ്പുഴയിൽ നടന്ന തൂഫാൻ ജാഗരൺ മഹാറാലിയിലായിരുന്നു കെവിൻ അപ്രതീക്ഷിതമായി ചാക്കോച്ചനെ കണ്ടത്. തൂഫാൻ വാരിയർ എന്ന ടീ ഷർട്ട് ധരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മേരി ലിൻഡയ്ക്കൊപ്പം കെവിനും വേദിയിലെത്തി. ഇതിനിടെയാണ് കെവിന്റെ കണ്ണുകൾ ചാക്കോച്ചനിൽ ഉടക്കിയത്. പ്രിയപ്പെട്ട നടനെ കണ്ടതും നേരെ ചാക്കോച്ചന്റെ അടുത്തേയ്ക്ക് ഓടിയെത്തി.''ഇത് ഞങ്ങളുടെ അണ്ണനാ..."" എന്ന് വിളിച്ച് കെട്ടിപ്പിടിച്ചു. കെവിന്റെ ജീവിതമേ മാറിയ നിമിഷം !
''ചാക്കോച്ചൻ എന്ന വ്യക്തിയെ ജനങ്ങൾ സ്നേഹിക്കുന്നു എന്ന് നേരിട്ട് അനുഭവിക്കാനുള്ള സാഹചര്യമായിരുന്നു അത്. 29 വർഷത്തോളമായുള്ള സ്നേഹം കൂടി വരുന്നതല്ലാതെ കുറഞ്ഞിട്ടില്ല എന്നറിയുന്നതിൽ സന്തോഷമുണ്ട്""-കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം ലൈവിൽ പ്രതികരിച്ചതിങ്ങനെയും.
ചാക്കോച്ചൻ ഓണത്തിന് വരും...
തൂഫാൻ വേദിയിലെ ആ കൂടിക്കാഴ്ചയിൽ കഥ തീർന്നില്ല. അതൊരു പുതിയ സന്തോഷത്തിന്റെ തുടക്കമായിരുന്നു.
പരിപാടിക്ക് ശേഷം കുഞ്ചാക്കോ ബോബൻ കെവിനെയും സിസ്റ്ററെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു. ആലപ്പുഴ കോൺവന്റ് സ്ക്വയറിലെ വീട്ടിൽ ഏകദേശം പത്ത് മിനിറ്റോളം കെവിൻ ചെലവഴിച്ചു.
ആ പത്ത് മിനിറ്റും കെവിന്റെ സ്നേഹപ്രകടനങ്ങളുടേതായിരുന്നു. പ്രിയപ്പെട്ട ചാക്കോച്ചനെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അവൻ സ്നേഹം പങ്കുവച്ചു. അതിനിടെയാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത് ''ഈ ഓണത്തിന് സ്കൂളിലേയ്ക്ക് വരാം.""ആ വാക്ക് കെവിന്റെ മനസിൽ പതിഞ്ഞു. ഇപ്പോൾ സ്കൂളിലെത്തുന്നവരോടെല്ലാം കെവിൻ സന്തോഷത്തോടെ പറയുന്നതും അതുതന്നെയാണ്. ''ചാക്കോച്ചൻ ഓണത്തിന് വരും...""
ഈശോ തന്ന സമ്മാനം
സിസ്റ്റർ മേരി ലിൻഡ കെവിന് പ്രിയപ്പെട്ട സിസ്റ്റർ ആന്റിയാണ്. സിസ്റ്ററെ കാണുമ്പോഴെല്ലാം ഓടിയെത്തി കെട്ടിപ്പിടിക്കും. മടിയിലിരിക്കും. ഉമ്മവയ്ക്കും. സ്കൂളിലെ എല്ലാവരുടെയും ഓമന. കോതമംഗലം ചെറുകുന്ന് സ്വദേശികളായ രഞ്ജിത്തിന്റെയും ആൻസി രഞ്ജിത്തിന്റെയും മൂത്ത മകൻ. ലേണിംഗ് ഡിസബിലിറ്റിയുണ്ട്. 2023 ലാണ് ആലപ്പുഴ ബീച്ചിനടുത്തുള്ള സാന്ത്വൻ സ്കൂളിലെത്തിയത്. കെവിനെ സിസ്റ്റർ ലിൻഡ വിശേഷിപ്പിക്കുന്നത് 'ഈശോ തന്ന സമ്മാനം" എന്നാണ്. കെവിൻ വരും മുൻപ് അവിടെയുണ്ടായിരുന്ന സ്നേഹ മോളുടെ അതേ ഛായ. പെട്ടെന്നാണ് സ്നേഹ മോൾ എല്ലാവരെയും വിട്ടുപോയത്. അതിന് ശേഷമാണ് കെവിൻ സ്കൂളിലെത്തുന്നത്. സ്നേഹമോൾ തന്നെയാണ് കെവിനെന്ന് സിസ്റ്റർ പറയുന്നു. ജെനിൻ രഞ്ജിത്, സെറിൻ രഞ്ജിത് എന്നിവരാണ് കെവിന്റെ സഹോദരങ്ങൾ.
പാട്ടും സിനിമയുമാണ് കെവിന്റെ ഇഷ്ടവിനോദങ്ങൾ. 'പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും" ഇഷ്ടചിത്രവും. അനിയത്തിപ്രാവ്, നിറം തുടങ്ങിയ ചിത്രങ്ങളും ഇഷ്ടമാണ്. അനിയത്തിപ്രാവിലെ 'ഓ... പ്രിയേ" എന്ന ഗാനവും ഏറെ പ്രിയപ്പെട്ടത്. പുഷ്പ സിനിമയിലെ ആക്ഷനെല്ലാം ഇടയ്ക്കിടെ കാട്ടുന്ന കെവിൻ സ്കൂളിലെ കുട്ടിത്താരമാണ്. സ്കൂളിൽ പാട്ട്, സ്കിറ്റ് എന്നിവയിലെ സ്ഥിരം താരംകൂടിയാണ് . സ്കൂളിൽനിന്ന് കുട്ടികളുമായി തിയറ്ററിൽ പോയി സിനിമ കാണുന്നതും പതിവാണ്. സിസ്റ്റർ ആന്റിയുടെ അടുത്തെ കുറുമ്പുകാരൻ പുറത്ത് പഞ്ചപാവവും.
കെവിന്റെ സ്വന്തം സിസ്റ്റർ ആന്റി
സ്കൂളിലെ മിടുക്കൻ കുട്ടികളിലൊരാളാണ് കെവിൻ. വസ്ത്രങ്ങൾ മടക്കി അടുക്കിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കും. സ്കൂളിൽ ഓരോ ദിവസങ്ങൾക്കും കൃത്യമായ ചിട്ടയുണ്ട്. രാവിലെ 5.30ന് ഉണരും. തുടർന്ന് പള്ളിയിൽ പോകും. പിന്നെ സ്കൂൾ അസംബ്ലി. പള്ളിയിൽ കേട്ട വചനങ്ങൾ ഓർമ്മയിൽ നിന്ന് പറയാൻ ശ്രമിക്കും. ഇത് ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള പരിശീലനമാണ്. രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെ ക്ലാസുകൾ. ബാഡ്മിന്റണാണ് കെവിന്റെ ഇഷ്ട ഗെയിം.
ഒരു ചുംബനം കാട്ടിത്തന്ന ജീവിതവഴി കെവിനെപ്പോലെ അനേകം കുഞ്ഞുങ്ങൾക്ക് വഴികാട്ടിയായ സിസ്റ്റർ മേരി ലിൻഡയുടെ ജീവിതത്തിലും വലിയ സ്നേഹകഥയുണ്ട്. തുറവൂർ മനക്കോടം ചൊങ്ങംതറയിൽ പള്ളിയിലെ പാട്ടുകാരനായ ജോസഫിന്റെയും ലൈസയുടെയും അഞ്ചുമക്കളിൽ മൂത്തയാളാണ് മേരി ലിൻഡ. മാസികകൾക്ക് പകരം നല്ല പുസ്തകങ്ങൾ അച്ഛൻ വീട്ടിൽകൊണ്ടുവരുമായിരുന്നു. അങ്ങനെയാണ് ഒരിക്കൽ മദർ തെരേസയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം ലിൻഡയ്ക്ക് ലഭിച്ചത്.
അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ലിൻഡ. പുസ്തകങ്ങളിലൂടെ മദർ തെരേസയെ അറിഞ്ഞിരുന്നെങ്കിലും ഒരിക്കൽ അവരെ നേരിൽ കാണാൻ കഴിയുമെന്ന് ആ കുട്ടി കരുതിയിരുന്നില്ല. പക്ഷേ, മദർ തെരേസ കേരളത്തിലെത്തിയപ്പോൾ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങി. അന്ന് അയൽവാസിയായിരുന്ന ബിഷപ്പ് പീറ്റർ എം. ചേനപ്പറമ്പിലായിരുന്നു അവസരമൊരുക്കിയത്.
മദർ തെരേസയെക്കുറിച്ച് ലിൻഡ വായിച്ചിരുന്ന കാര്യങ്ങൾ അമ്മ ബിഷപ്പിനോട് പറഞ്ഞു. ബിഷപ്പ് അത് മദർ തെരേസയെയും അറിയിച്ചു. തുടർന്ന് മദർ തെരേസ ലിൻഡയുടെ മുഖം ചേർത്തുപിടിച്ച് സ്നേഹത്തോടെ ഉമ്മവച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും ആ നിമിഷം മറന്നിട്ടില്ല. ആ ഒരു ചുംബനമാണ് തന്റെ ജീവിതം ഏത് വഴിയിലൂടെ മുന്നോട്ടുകൊണ്ടുപോകണമെന്ന് തീരുമാനിക്കാൻ പ്രേരിപ്പിച്ചതെന്ന് സിസ്റ്റർ ലിൻഡ പറയുന്നു.
2007ൽ ആലപ്പുഴ രൂപതയുടെ കീഴിൽ 24 കുട്ടികളുമായാണ് സാന്ത്വൻ സ്കൂൾ ആരംഭിച്ചത്. ഇന്നുള്ളത് 112 കുട്ടികൾ. 55 പേർ സ്കൂളിൽ താമസിച്ച് പഠിക്കുന്നവരാണ്. 15 മുതൽ 36 വയസുവരെയുള്ളവരുണ്ട്. പരിശീലനം നേടിയ ഒമ്പത് അദ്ധ്യാപകരുടേയും ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, യോഗ അദ്ധ്യാപകൻ, ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ എന്നിവരുടെ സേവനവും ലഭ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |