SignIn
Kerala Kaumudi Online
Monday, 31 August 2026 1.23 AM IST

കുറുപ്പിന്റെ 'മിന്നലാട്ടം'; ഓണത്തല്ലും

fr

സ്നേഹഭാജനങ്ങളായ എന്റെ മലയാളി പ്രജകളേ, ഓണാഘോഷം കണ്ട് മനം കുളിർത്താണ് ഇത്തവണയും നമ്മുടെ മടക്കം. തൂശനിലയിലെ സദ്യ കെങ്കേമം. കലാ വിരുന്നുകളും പുലി കളിയും, കമനീയമായ ഘോഷയാത്രകളും ആസ്വദിച്ചു. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നത് ആഘോഷപ്പൊലിമ 'ശ്ശി' കുറച്ചില്ലേ എന്നൊരു ശങ്ക. എങ്കിലും, സപ്ളൈകോ വഴിയും, ഓണച്ചന്തകളിലൂടെയും നിത്യോപയോഗ സാധനങ്ങൾ പരമാവധി വില കുറച്ച് വിറ്റത് സാധാരണക്കാർക്കേകിയ ആശ്വാസം നാം കാണാതിരിക്കുന്നില്ല. ബോണസും പെൻഷനും മറ്റാനുകൂല്യങ്ങളും ഓണത്തിന് മുമ്പ് ജനങ്ങളുടെ കൈകളിലെത്തിക്കാൻ കഴിഞ്ഞതിനാൽ സുഭിക്ഷമായ ഓണമെന്നാണ് സതീശൻ സർക്കാരിന്റെ അവകാശ വാദം.

തുണിക്കടകളിലും, ഡിസ്കൗണ്ട് മേളകളിലും പൂരത്തിരക്ക്. ബിവറേജസ് ശാലകളിലും ബാറുകളിലും മദ്യ വില്പനയിൽ റെക്കാ‌ഡ്. കൂടുതൽ തിളങ്ങിക്കണ്ടത് സ്ത്രീകളുടെ മുഖങ്ങൾ. ഓർഡിനറി ട്രാൻസ്പോർട്ട് ബസുകളിൽ പുതിയ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ യാത്ര ബലേ ഭേഷ്! വണ്ടിക്കാശ് മിച്ചം പിടിക്കാൻ കഴിയുന്നത് സാധാരണ സ്ത്രീകൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. എന്തായാലും, സ്ത്രീകൾ പെരുത്ത് ഹാപ്പി. നോം നാട് വാണിരുന്ന കാലത്ത് മോട്ടോർ ശകടങ്ങൾ ഉണ്ടായിരുന്നില്ലല്ലോ. എങ്കിൽ പുരുഷന്മാർക്കും ഫ്രീയാക്കിയേനെ.

റേഷൻ കടകൾ വഴി നൽകിയ സ്പെഷ്യൽ അരി കിലോയ്ക്ക് 10.90 രൂപയിൽ നിന്ന് 26 രൂപയാക്കിയതും സാമൂഹ്യക്ഷേമ പെൻഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിറുത്തി ബാങ്കുകൾ വഴിയാക്കാനുള്ള തീരുമാനവും അൽപ്പം കല്ലുകടിയും, പ്രതിപക്ഷത്തിന് വടി കൊടുക്കലുമായില്ലേ?. അതോടെ, ഭരണം പോയതിന്റെ ആലസ്യം വിട്ട് പ്രതിപക്ഷവും ഉഷാറായെന്ന് തോന്നുന്നു.

ഓണത്തിനിടയിലും പുട്ട് കച്ചവടം! കഴിഞ്ഞ 42 കൊല്ലമായി കേരള പൊലീസിന് പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു നമ്മുടെ വരവ്. നമ്മുടെ എഴുന്നെള്ളത്തിന്റെ ശോഭ കുറുപ്പായി കെടുത്തിക്കളയുമോയെന്ന് ശങ്കിക്കാതിരുന്നില്ല. ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ആലപ്പുഴയിലെ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ തീയിട്ടു കൊന്ന കേസിലെ മുഖ്യ പ്രതിയാണല്ലോ സുകുമാരക്കുറുപ്പ്.

ജീവിച്ചിരുന്നെങ്കിൽ 83 വയസാകുമായിരുന്ന കുറുപ്പ് കടുത്ത ഹൃദ്രോഗിയായിരുന്നുവെന്നും, ഇത്രയും കാലം ജീവിച്ചിരിക്കാനുളള സാദ്ധ്യത ഇല്ലെന്നുമായിരുന്നു പൊലീസിന്റെ നിഗമനം. കുറുപ്പ് ബ്രൂണെയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയാണെന്നാണ് അന്വേഷണ സംഘത്തിൽ നേരത്തേ അംഗമായിരുന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ അലി അക്ബർ വെളിപ്പെടുത്തിയത്. കുറുപ്പിന്റേതെന്ന നിലയിൽ ഫോട്ടോയും പ്രചരിച്ചു. ഇതിന്റെ സ്ഥിരീകരണത്തിന് ഇന്റർപോളിന്റെ സഹായം തേടാൻ വരെ സംസ്ഥാന ക്രൈംബ്രാഞ്ച് ഒരുക്കം തുടങ്ങി.

ഒടുവിൽ കള്ളി വെളിച്ചത്തായി. സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം തൃശൂർ തെക്കുംകര സ്വദേശി ദാമോദര മേനോന്റേതാണത്രെ. ഭാര്യയും രണ്ട് മക്കളുമുള്ള മേനോൻ, കഴിഞ്ഞ 40 വർഷമായി മലേഷ്യയിൽ സ്ഥിര താമസക്കാരൻ. തൃശൂരിലെ വസതിയിൽ നിന്ന് പൊലീസ് മേനോനുമായി ഫോണിൽ സംസാരിച്ച് ഉറപ്പ് വരുത്തിയതോടെ, സുകുമാരക്കുറുപ്പെന്ന അദ്ധ്യായം അവസാനിച്ചത്രെ. അതും ഒരു കണക്കിന് നമ്മെ തുണച്ചു. അതെങ്ങാനും കുറുപ്പായിരുന്നുവെങ്കിൽ,​ നമ്മെ കടത്തിവെട്ടി സുകുമാരക്കുറുപ്പ് ഈ ഓണക്കാലത്തെ വാർത്താ താരമായേനെ !.

'താനാരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോട് ചോദിക്ക് താനാരാണെന്ന്. തനിക്ക് ഞാൻ പറഞ്ഞു തരാം. താനാരാണെന്ന്...' എല്ലാം താനാണെന്ന ഭാവമാണ് പ്രതിപക്ഷ നേതാവ് പിണറായി വി‌‌ജയനെന്നാണ് സി.പി.ഐ മുഖപത്രത്തിലെ ലേഖനത്തിൽ വിമർശനം. പ്രതിപക്ഷ ഉപനേതൃ പദവി സി.പി.എമ്മിനാണെന്നും, അത് സി.പി.ഐക്ക് നൽകുന്ന പ്രശ്നമില്ലെന്നും പിണറായി പരസ്യമായി അറുത്തു മുറിച്ച് പറഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാവിനും ഇടതു മുന്നണിക്കും യോജിച്ചതല്ലെന്നാണ് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ ലേഖനത്തിലെ കുറ്റപ്പെടുത്തൽ. ഇക്കാര്യത്തിൽ അവസാന വാക്കു പറയാൻ പിണറായി ആരാണെന്നാണ് മുതിർന്ന സി.പി.ഐ നേതാവും മുൻമന്ത്രിയുമായ

സി.ദിവാകരന്റെ ചോദ്യം.

പിണറായിയല്ല സി.പി.എമ്മിന്റെ അവസാന വാക്കെന്നും സി.പി.ഐ ഇല്ലെങ്കിൽ എൽ.ഡി.എഫ് 24 മണിക്കൂർ ഉണ്ടാകില്ലെന്നും ദിവാകരൻ പറയുന്നത് ശരിയായിരിക്കാം. കോൺഗ്രസിനൊപ്പം ഭരിച്ചവർ സി.പി.എമ്മിനെ പഠിപ്പിക്കാൻ വന്നാൽ തിരിച്ചും പഠിപ്പിക്കേണ്ടി വരുമെന്ന് മുൻ മന്ത്രി വി.ശിവൻകുട്ടി. പിണറായി മന്ത്രിസഭയിൽ നാല് മന്ത്രിമാരെ നൽകിയത് സി.പി.ഐയുടെ വലിപ്പം നോക്കിയല്ലെന്നും, തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിണറായിയെ

പഠിപ്പിച്ച് കളയാമെന്ന് സി.പി.ഐ കരുതേണ്ടെന്നുമാണ് ശിവൻകുട്ടിയുടെ മുന്നറിയിപ്പ്.

ശരാശരി രണ്ട് ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളിൽ 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങൾ സി.പി.ഐയ്ക്കുണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.എൻ. മോഹനന്റെ പരിഹാസം. അടിയന്തരാവസ്ഥയെ പിന്താങ്ങുകയും കോൺഗ്രസിനൊപ്പം അന്ന് ഭരിക്കുകയും ചെയ്ത ഏക കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ അല്ലേയെന്ന് സി.പി.എം മുഖപത്രത്തിൽ വിമർശനം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘം ഉൾപ്പെട്ട കേന്ദ്ര സർക്കാരിന് പിന്തുണ നൽകിയത് സി.പി.എം മറക്കരുതെന്നും കേരളമൊഴിച്ച്

മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് സഖ്യത്തിലല്ലേ സി.പി.എം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതെന്നുമാണ് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പി.സന്തോഷ് കുമാർ എം.പിയുടെ കുത്ത്.

പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് എൽ.ഡി.എഫ് കൺവീനറാണെന്നും, ഏതെങ്കിലും പാർട്ടി കമ്മിറ്റികളിലുള്ളതിന്റെ പേരിൽ

ഒരാൾ തീരുമാനം പറയുന്നതിൽ കഥയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശം പിണറായിയെ ഉദ്ദേശിച്ചാണെന്ന് വ്യക്തം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ പാർട്ടിയെയും മുന്നണിയേയും ഏകോപിപ്പിച്ചുള്ള പോരാട്ടത്തിലൂടെ തിരിച്ചു കൊണ്ടുവരുന്നതിന് പകരം ചില സി.പി.എം നേതാക്കൾ മലർന്ന് കിടന്ന് തുപ്പുകയാണെന്നാണ് സി.പി.ഐക്കാരുടെ

വിമർശനം. സാരാശം: 'വണ്ടേ നീ തുലയുന്നു. വിളക്കും നീ കെടുത്തുന്നു'. ഓണം കഴിഞ്ഞു. ഓണത്തല്ല് തുടരട്ടെ!

നുറുങ്ങ്

സി.പി.ഐയെ വാനോളം പുകഴ്ത്തിയും കോൺഗ്രസും മുസ്ലീംലീഗുമൊത്ത് സി.പി.ഐ ഭരണത്തിലിരുന്ന 'സുവർണ കാലം' ഓർമ്മിപ്പിച്ചും ലീഗ് നേതാവ് കെ.പി.എ. മജീദ്. എന്തിനിത്ര ആട്ടും തുപ്പും സഹിച്ച് കഴിയുന്നുവെന്ന ചോദ്യവും.

►കാര്യം പിടികിട്ടി. 'കിട്ടിയാൽ ഊട്ടി!'

(വിദുരരുടെ ഫോൺ:9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION