SignIn
Kerala Kaumudi Online
Monday, 09 November 2026 2.15 AM IST

സ്വയംഭൂവായ ഭഗവാനെ കാണാൻ ഗുഹയിൽ അഞ്ചുമീറ്ററോളം ഇഴയണം,​ ഉത്സവദിവസം മാത്രം പ്രവേശനമുള്ള അപൂർവ ക്ഷേത്രം

temple-
കണ്ണൂർ കുറ്റ്യാട്ടൂരിലെ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രം.

കണ്ണൂർ: നിലവിളക്കിന്റെ നേർത്ത വെളിച്ചത്തിൽ, ഉറവ ഉറ്റുന്ന ഗുഹാകവാടം കടന്ന്, മണ്ണിലൂടെ ഇഴഞ്ഞ് സ്വയംഭൂവായ ഗണപതിക്ക് മുന്നിൽ പ്രാർത്ഥിക്കാൻ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ഭക്തർക്ക് അവസരം. കുറ്റ്യാട്ടൂരിലെ തീർത്ഥാട്ട് പൊന്മല ഗുഹാക്ഷേത്രത്തിൽ തുലാമാസത്തിലെ അമാവാസി ഉത്സവം ഇന്ന് നടക്കും. വർഷത്തിൽ ഉത്സവ ദിവസം മാത്രം വിശ്വാസികൾക്ക് പ്രവേശനമുള്ള, കേരളത്തിലെ അപൂർവം ഗുഹാക്ഷേത്രങ്ങളിലൊന്നാണിത്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ആയിരങ്ങൾ ഇന്ന് മലകയറിയെത്തും.


അയ്യപ്പൻചാൽ തറവാട്ടുകാരായ പൂജാരിമാർ ഗുരുസന്നിധിയിൽ നിന്ന് പുറപ്പെട്ട് രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിലെത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. ദീപാരാധനയ്ക്കു ശേഷം പൂജാദി കർമ്മങ്ങൾ ആരംഭിക്കും.


ഉത്സവത്തിന്റെ ഭാഗമായ കാഴ്ചവരവ് മുതുവാപുറം പൊടിക്കളം മുത്തപ്പൻ സന്നിധിയിൽ നിന്ന് പുറപ്പെടും. സ്ത്രീകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഉച്ചയ്ക്ക് ഒരു മണിയോടെ ഇത് ഗുഹാക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്ക് പായസപ്രസാദവും നൽകും. ദേശവാസികൾ ഉൾപ്പെടുന്ന ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉത്സവം.


ഇഴഞ്ഞുകയറി ഈശ്വരസന്നിധിയിലേക്ക്
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ പൊന്മലയുടെ ചെരുവിലാണ് ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 500 അടി ഉയരത്തിലുള്ള ഈ മലയിൽ, കുറ്റ്യാട്ടൂർ ശിവക്ഷേത്രവുമായി അഭേദ്യബന്ധമുള്ള ഗുഹാക്ഷേത്രം പ്രകൃതിയോട് ഇണങ്ങിച്ചേർന്ന് നിലകൊള്ളുന്നു.
പടികൾ കയറിയെത്തുന്നവരെ വരവേൽക്കുന്നത് ഉറവ ഉറ്റുന്ന ഗുഹാകവാടമാണ്. ഗുഹാമുഖത്തുനിന്ന് അഞ്ചു മീറ്ററോളം ഇഴഞ്ഞുനീങ്ങിയാൽ ചെറിയൊരു അറയിലെത്താം. ശ്രീകോവിലിന്റെ സങ്കല്പത്തിലുള്ള ഈ അറയിലാണ് മണ്ണിൽ തീർത്ത, സ്വയംഭൂവായ ഗണപതിരൂപം. ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ ഗണപതിഹോമവും പുഷ്പാഞ്ജലിയും ഇവിടെയാണ് നടക്കുന്നത്. വിശ്വാസികൾ നിലവിളക്കിന്റെ വെളിച്ചത്തിൽ ഗുഹയ്ക്കുള്ളിലേക്ക് നുഴഞ്ഞുകയറി ഗണപതിക്കു മുന്നിൽ പ്രാർത്ഥിക്കുകയും പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് മടങ്ങുകയും ചെയ്യും.


ഐതിഹ്യവും പാരമ്പര്യവും
ദ്വാപരയുഗത്തിൽ ഋഷീശ്വരന്മാർ തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്നാണ് വിശ്വാസം. കാവേരി സംക്രമവുമായി ബന്ധമുള്ള ഗുഹയെന്നും ഐതിഹ്യമുണ്ട്. വർഷങ്ങൾക്കു മുമ്പ് ബ്രാഹ്മണർ മാത്രം പൂജകൾ നടത്തിയിരുന്ന ക്ഷേത്രത്തിൽ ഇപ്പോൾ കണിശ സമുദായത്തിൽപ്പെട്ട അയ്യപ്പൻചാൽ തറവാട്ടുകാരാണ് പൂജാദി കർമ്മങ്ങൾ നിർവഹിക്കുന്നത്.

എത്തിച്ചേരാം മയ്യിൽ ചാലോട് പ്രധാന റോഡിൽ ഉരുവച്ചാൽ ബസ് സ്റ്റോപ്പിന് സമീപമാണ് ക്ഷേത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, PONMALA GUHA KHETRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL