
തിന്മയെ നശിപ്പിച്ച് നന്മയെ സംരക്ഷിക്കുന്ന മാതൃസ്വരൂപിണിയായ ശ്രീഭദ്രാഭഗവതി അന്നപൂർണേശ്വരിയായി വാണരുളുന്ന കാട്ടിൽമേക്കതിൽ ശ്രീദേവീക്ഷേത്രം ദക്ഷിണകേരളത്തിൽ നിത്യാന്നദാനമുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ്. ഭാരതീയ സംസ്കാരത്തിൽ ദാനങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ദാനമായാണ് അന്നദാനത്തെ കാണുന്നത്. അന്നദാനം നടത്തുകവഴി ഐശ്വര്യത്തിന്റെയും ഭക്ഷണത്തിന്റെയും ദേവിയായ അന്നപൂർണേശ്വരിയുടെ അനുഗ്രഹത്തിനൊപ്പം കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർദ്ധിക്കുമെന്നും ദാരിദ്ര്യവും കടബാദ്ധ്യതകളും നീങ്ങുമെന്നുമാണ് വിശ്വാസം.
കാട്ടിൽമേക്കതിലമ്മയുടെ ദിവ്യസന്നിധിയിലെത്തുന്ന ഏതൊരാളും വിശപ്പിന്റെയോ അത് മൂലമുള്ള ശാരീരിക തളർച്ചയുടെയോ അവശതകൾ ബാധിക്കാതെ ഉന്മേഷത്തോടെ തിരികെപ്പോകണമെന്ന ലക്ഷ്യത്തോടെ ദിനവും രണ്ടുനേരം അന്നദാനം നടക്കുന്ന അത്യപൂർവ ക്ഷേത്രമാണ് കാട്ടിൽമേക്കതിൽ ശ്രീദേവീക്ഷേത്രം.
ഏറെ വർഷം മുമ്പ് ക്ഷേത്രപരിസരത്തെ താമസക്കാരായിരുന്ന ഒരുകൂട്ടം യുവാക്കൾ വൃശ്ചികമഹോത്സവത്തിന് തുടങ്ങിയ അന്നദാനമാണ് അധികം താമസിയാതെ നിത്യാന്നദാനമായി മാറിയത്. വിദൂരദേശങ്ങളിൽ നിന്ന് പുലർച്ചെ ക്ഷേത്രദർശനത്തിനെത്തുന്നവർ സാധാരണയായി ജലപാനം പോലും കഴിക്കാതെയാണ് എത്താറുള്ളത്. അവർ ക്ഷേത്രദർശനം കഴിഞ്ഞ് വിശപ്പും ദാഹവുമടക്കാനാകാതെ തിരികെപ്പോകുന്നത് ഒഴിവാക്കാൻ രാവിലെ 7.30ന് അന്നദാനമന്ദിരത്തിൽ കഞ്ഞിസദ്യ ആരംഭിക്കുന്നു. രാവിലെ ലഭിക്കുന്ന കാട്ടിൽമേക്കതിലമ്മയുടെ സ്നേഹവും അനുഗ്രഹവും ചാലിച്ച് ചേർത്ത സ്വാദിഷ്ടമായ കഞ്ഞിസദ്യ വിശന്നുവലയുന്ന ഭക്തർക്ക് വേനലിൽ കുളിർമഴ പെയ്യുന്നതുപോലെയുള്ള ആശ്വാസമാണ് നൽകുന്നത്. ഉച്ചശീവേലി കഴിഞ്ഞ് നടയടയ്ക്കുന്നത് വരെ കഞ്ഞിസദ്യ തുടരും.
വിദൂര ദേശങ്ങളിൽ നിന്നെത്തി ക്ഷേത്രപരിസരത്ത് തങ്ങി വൈകിട്ട് ക്ഷേത്ര ദർശനവും കഴിഞ്ഞ് പോകുന്നവർക്കും ഉച്ച സമയത്ത് വിദൂര ദേശങ്ങളിലേക്ക് പോകേണ്ടവർക്കും ഉച്ചശീവേലി കഴിഞ്ഞാലുടൻ തന്നെ ക്ഷേത്രത്തിന് വടക്കുവശമുള്ള ക്ഷേത്ര ഭക്ഷണശാലയിൽ ഉച്ചഭക്ഷണം നൽകാനാരംഭിക്കും. ഭക്ഷണം ആവശ്യമുള്ള ഭക്തജനങ്ങൾക്ക് വിശപ്പടക്കി സംതൃപ്തരാകാനുള്ള അത്യാവശ്യം വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഉച്ചയൂണ് നൽകുന്നത്. വിശന്നുവരുന്ന അവസാനത്തെയാളും ഭക്ഷണം കഴിച്ച് തൃപ്തിയാകുന്നതുവരെ ഇത് തുടരുന്നു.
അമ്മയുടെ പ്രസാദമായി അന്നദാനം
വിശന്ന് വലയുന്ന ഒരു മനുഷ്യന് ആഹാരം നൽകുന്നതിലൂടെ അയാളുടെ ജീവൻ തന്നെയാണ് നൽകുന്നത്.
കാട്ടിൽമേക്കതിലമ്മയുടെ തിരുസന്നിധിയിലെത്തുന്നവർ അന്നദാനത്തെ അമ്മയുടെ പ്രസാദമായിക്കരുതി ഭക്തിപൂർവം സ്വീകരിക്കുന്നതിലൂടെ അവർക്ക് അനുഗ്രഹവും ആയുരാരോഗ്യസൗഖ്യവും കാട്ടിൽമേക്കതിലമ്മ പ്രദാനം ചെയ്യുന്നതായാണ് വിശ്വാസം. വിശന്നുവലഞ്ഞെത്തുന്നവർക്ക് ഭക്ഷണം നൽകുന്നതിലൂടെ ലഭിക്കുന്നയാൾ അനുഭവിക്കുന്ന സംതൃപ്തി അന്നദാതാവിന് അനുഗ്രഹമായി ഭവിക്കുന്നു. എന്നാൽ കാട്ടിൽമേക്കതിലമ്മ അന്നം നൽകി സംതൃപ്തരാക്കുന്നതിനൊപ്പം അവർക്ക് അനുഗ്രഹവും നൽകി മനം നിറച്ചാണ് ഇവിടെ നിന്ന് യാത്രയാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |