SignIn
Kerala Kaumudi Online
Sunday, 01 November 2026 2.09 PM IST

കാഴ്ചശക്തി വർദ്ധിക്കാൻ നെയ്യും കരിയും ചേർത്ത പ്രസാദം: ഈ സൂര്യക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ ഏത് രോഗവും മാറുമെന്ന് വിശ്വാസം

adithyapuram-temple
ആദിത്യപുരം സൂര്യദേവ ക്ഷേത്രം

പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ എന്നാണ് ഹൈന്ദവ വിശ്വാസത്തിൽ പറയുന്നത്. കശ്യപ പ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയാണ്. സൂര്യഭഗവാനെ സൂര്യഗായത്രി ചൊല്ലി പ്രാർത്ഥിക്കുന്നത് ഇന്ത്യയിൽ നൂറ്റാണ്ടുകളായുണ്ട്. നിത്യവും തൊഴുത് പ്രാർത്ഥിക്കുന്നത് ശാരീരികവും മാനസികവുമായ നിരവധി അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം. സൂര്യഭഗവാൻ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഒരു ക്ഷേത്രം കേരളത്തിലുണ്ട്. പറഞ്ഞുവരുന്നത് കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തെ കുറിച്ചാണ്.

കേരളത്തിൽ സൂര്യഭഗവാൻ മുഖ്യപ്രതിഷ്ഠയായിട്ടുള്ള ഏക ക്ഷേത്രമാണിത്. ആദിത്യപുരം ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ത്രേതായുഗത്തിലാണ് നടന്നതെന്നാണ് ഐതിഹ്യം. തങ്ങളുടെ കുലത്തിന് സർവ്വ ഐശ്വര്യവും ലഭിക്കാനായി പ്രാചീന കാലത്ത് മരങ്ങാട്ട് കപ്പിക്കാട് മനയിലെ നമ്പൂതിരി സൂര്യദേവനെ പ്രസാദിപ്പിക്കാൻ കഠിനമായ തപസ് ചെയ്തു. നമ്പൂതിരിയുടെ നിഷ്കാമമായ ഭക്തിയിലും തപസിലും സംതൃപ്തനായ ആദിത്യഭഗവാൻ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ആ സ്ഥാനത്ത് തന്നെയൊരു വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിക്കാൻ സൂര്യദേവൻ നിർദേശിച്ചുവെന്നാണ് വിശ്വാസം.

സൃഷ്ടിയുടെ തുടക്കത്തിൽ പ്രപഞ്ചത്തിലെ മറ്റ് ദേവീദേവന്മാർ അദൃശ്യരായിരിക്കുകയും പ്രത്യക്ഷദൈവമായ സൂര്യന് മാത്രം അമിതമായ തേജ്ജസുണ്ടാകുകയും ചെയ്തു. ദേവീദേവന്മാരെപ്പോലെ തനിക്കും പൂജയും ആരാധനയും ലഭിക്കാനായി സൂര്യദേവൻ ദേവി മഹാമായയെ ധ്യാനിച്ച് തപസുചെയ്തു. ദേവി പ്രത്യക്ഷപ്പെട്ട് സൂര്യഭഗവാനെ അനുഗ്രഹിക്കുകയും ആരാധനയ്ക്ക് അർഹനാക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. സൂര്യഭഗവാന്റെ തപസിൽ പ്രസന്നയായ മഹാമായാ ഭഗവതിയുടെ സാന്നിദ്ധ്യം അനുസ്മരിപ്പിച്ചുകൊണ്ട് പിന്നീട് ക്ഷേത്രത്തിൽ ദുർഗാദേവിയെ പ്രതിഷ്ഠിക്കുകയുണ്ടായി.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമായി, ധ്യാനരൂപത്തിൽ തപസിരിക്കുന്ന ഭാവത്തിലുള്ള സൂര്യഭഗവാനാണ്. സാധാരണയായി സൂര്യാരാധനയുള്ള ക്ഷേത്രങ്ങളിൽ നവഗ്രഹ പ്രതിഷ്ഠകൾ കാണാറുണ്ട്. എന്നാൽ ആദിത്യപുരം ക്ഷേത്രത്തിൽ നവഗ്രഹങ്ങളുടെ പ്രതിഷ്ഠകൾ ഇല്ല. സൂര്യഭഗവാനൊപ്പം ദുർഗാദേവി (കിഴക്കോട്ട് ദർശനം), ശാസ്താവ്, യക്ഷി എന്നിവരാണ് ഉപദേവതകൾ. ഇവിടത്തെ പ്രധാന പ്രസാദം രക്തചന്ദനമാണ്. സൂര്യക്ഷേത്രങ്ങളിൽ മാത്രം കാണുന്ന സവിശേഷമായ ഒരു പ്രസാദമാണിത്.

കണ്ണിനും ത്വക്കിനും ഉണ്ടാകുന്ന രോഗങ്ങൾ മാറുന്നതിനായി ധാരാളം ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. ആദിത്യപൂജ കഴിക്കുന്നതും, രക്തചന്ദനം ചാർത്തുന്നതും, ക്ഷേത്രത്തിലെ വിളക്കിലെ നെയ്യും കരിയും ചേർത്ത മിശ്രിതം കണ്ണിലെഴുതുന്നതും കാഴ്ചശക്തി വർദ്ധിക്കാനും രോഗശമനത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. ഞായറാഴ്ചയാണ് ഏറ്റവും പ്രധാനപ്പെട്ട ദിവസം. വൃശ്ചികം, മേടം മാസങ്ങളിലെ അവസാന ഞായറാഴ്ചകൾ വളരെ വിശേഷപ്പെട്ടതായി കണക്കാക്കുന്നു. മേടമാസത്തിലെ അവസാന ഞായറാഴ്ച നടക്കുന്ന 'രക്തചന്ദനക്കാവടി' അഭിഷേകം ഇവിടത്തെ പ്രധാന ഉത്സവ ചടങ്ങാണ്. ഈ ക്ഷേത്രത്തിൽ സാധാരണ ക്ഷേത്രങ്ങളിലേതുപോലെ കൊടിയേറ്റുത്സവങ്ങൾ ഇല്ല.

English Summary

The Adityapuram Suryadeva Temple in Kottayam is Kerala's only shrine with Lord Surya as the main deity. Dating back to the Treta Yuga, it is frequented by devotees seeking relief from eye and skin ailments. Raktha Chandanam is a special offering. Important Sundays culminate in the 'Rakthachandanakkavadi' festival during Medam month.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SUN TEMPLE, ADITHYAPURAM SURYADEVA TEMPLE, KERALA TEMPLES, KERALA SURYA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL