തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രമാണ് മധുര മീനാക്ഷി ക്ഷേത്രം. ഓരോ ദിവസവും ആയിരക്കണക്കിന് ഭക്തരെത്തുന്ന ക്ഷേത്രത്തിൽ നല്ലൊരു ശതമാനവും മലയാളികളാണ്. സോഷ്യൽ മീഡിയയിൽ പോലും ഒറ്റദിവസത്തിൽ കേരളത്തിൽ നിന്ന് മധുരയിലേക്ക് പോയി വരുന്ന വ്ലോഗുകളും റീലുകളും വൈറലാണ്. ഇനി മധുരയിൽ പോകുമ്പോൾ കണ്ടിരിക്കേണ്ട മറ്റൊരു ക്ഷേത്രം പരിചയപ്പെടാം. അഴകർമലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ വിഷ്‌ണു ക്ഷേത്രമായ 'കല്ലഴകർ കോവിൽ'.
മധുരയിൽ നിന്ന് ഏകദേശം 21 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വൈഷ്‌ണവ വിശ്വാസികളുടെ 108 ദിവ്യദേശങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മഹാവിഷ്‌ണുവിനെ 'കല്ലഴകർ' അഥവാ 'സുന്ദരരാജ പെരുമാൾ' എന്ന പേരിലാണ് ഇവിടെ ആരാധിക്കുന്നത്. കിഴക്ക് ദർശനമായി നിൽക്കുന്ന ഭാവത്തിലാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ലക്ഷ്‌മി ദേവിയെ ഇവിടെ 'കല്യാണ സുന്ദരവല്ലി തായ്യാർ' ആയിട്ടാണ് ആരാധിക്കുന്നത്.
മധുരയിലെ പ്രശസ്‌തമായ ചിത്തിരൈ ഉത്സവവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ഐതീഹ്യമനുസരിച്ച്, മീനാക്ഷി ദേവിയുടെ സഹോദരനാണ് കല്ലഴകർ. മീനാക്ഷിയുടെയും സുന്ദരേശന്റെയും വിവാഹത്തിൽ പങ്കെടുക്കാനായി അഴകർമലയിൽ നിന്ന് സ്വർണക്കുതിരപ്പുറത്ത് അദ്ദേഹം മധുരയിലേക്ക് പുറപ്പെടും. എന്നാൽ, വിവാഹച്ചടങ്ങുകൾ കഴിഞ്ഞാണ് കല്ലഴകർ വൈഗൈ നദിയുടെ തീരത്തെത്തുന്നതെന്നാണ് വിശ്വാസം.
തുടർന്ന് കല്ലഴകർ നദിയിലേക്ക് ഇറങ്ങുന്ന ചടങ്ങ് 'അഴകർ ആറ്റിൽ ഇറങ്ങൽ' എന്ന പേരിൽ പ്രസിദ്ധമാണ്. മധുരയിലെ ചിത്തിരൈ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണിത്. ലക്ഷക്കണക്കിന് ഭക്തരാണ് ഇത് കാണാനായി എത്തുന്നത്. മുളക് ദോശ പ്രസാദമാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. കുരുമുളകും ജീരകവും ചേർത്ത് കട്ടിയായി തയ്യാറാക്കുന്ന ദോശ ക്ഷേത്രത്തിലെ സവിശേഷമായ നിവേദ്യങ്ങളിലൊന്നാണ്.
Kallalagar Kovil, located about 21 km from Madurai, is a famous Vishnu temple and one of the 108 Divya Desams. The temple is closely associated with the Chithirai festival, particularly the ritual of Kallalagar entering the Vaigai River. Its unique pepper dosa offering is another special attraction.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |