
കേരളത്തിലെ അത്യപൂർവ ക്ഷേത്രങ്ങളിലൊന്നാണ് മുത്തലപുരത്തെ മുദ്ദേവർ ക്ഷേത്രം. ക്ഷേത്രത്തിന്റെ പേരിൽത്തന്നെ പ്രത്യേകത വ്യക്തമാണ്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളെ ഒരു ശ്രീകോവിലിൽ ഒരു പീഠത്തിൽ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള ഏക ക്ഷേത്രമാണ് ഇതെന്നാണ് കരുതുന്നത്. ത്രിമൂർത്തികൾക്ക് ഒരുമിച്ച് പൂജ ലഭിക്കുന്ന ക്ഷേത്രം എന്നനിലയ്ക്കാണ് മുദ്ദേവർ ക്ഷേത്രം എന്ന പേരുലഭിച്ചത്. മൂന്ന് മൂർത്തികളും സ്വയംഭൂ ശിലയിലാണ് കുടികൊള്ളുന്നത്. എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മദ്ധ്യത്തിൽ മഹാവിഷ്ണു, വടക്ക് ബ്രഹ്മാവ്, തെക്ക് പരമശിവൻ എന്നിങ്ങനെയാണ് ത്രിമൂർത്തികളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. മൂന്ന് മൂർത്തികൾക്കും ഒരേസമമാണ് പൂജ നടത്തുന്നത്. ബ്രഹ്മാവിന് പ്രത്യേക പ്രതിഷ്ഠ ഉള്ളതിനാൽ സന്താന ഭാഗ്യം തേടിയും വിദ്യാവിജയം ആഗ്രഹിച്ചും ധാരാളംപേർ ഇവിടെ ദർശനത്തിനെത്തുന്നു. ശിവരാത്രി, വിഷു, ഏകാദശി എന്നിവയാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങൾ.
കേരളീയ ക്ഷേത്ര വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. പഴക്കം വ്യക്തമായി അറിയില്ലെങ്കിലും ആയിരത്തിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ക്ഷേത്രത്തിന്റെ പഴമയും സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഗ്രാമീണമായ അന്തരീക്ഷവും വിശ്വാസികൾക്ക് നൽകുന്നത് വിവരിക്കാനാവാത്ത ആത്മീയ സുഖമാണ്. ഇതിനായി ദൂരെ ദിക്കിൽനിന്നുപോലും ഇവിടേയ്ക്ക് ഭക്തജനങ്ങൾ എത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |