
ചോറ്റാനിക്കര : ചരിത്ര പ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴൽ ഇന്ന്. ഉച്ചയ്ക്ക് രണ്ടുമുതൽ 10 വരെ മകം തൊഴാനായി നട തുറക്കും. ക്ഷേത്രോത്സവത്തിന്റെ ഏഴാം നാളിലാണ് മകം തൊഴൽ.
മകം തൊഴലിലൂടെ മംഗല്യഭാഗ്യത്തിനും സർവാഭീഷ്ടസിദ്ധിക്കും ദേവിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. വിശേഷാൽ തങ്കഗോളകയും ആഭരണങ്ങളും പട്ടുടയാടകളും താമരമാലയും അണിഞ്ഞ് നെയ് വിളക്കിന്റെ കാന്തിയിൽ ദേവി ഭക്തർക്ക് ദർശനം നൽകും.
രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട്, ഇറക്കിപ്പൂജ. ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ദേവി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. തുടർന്ന് മകം എഴുന്നള്ളിപ്പ്.
ചോറ്റാനിക്കര മുരളീധരമാരാരുടെയും പ്രമാണത്തിൽ പാണ്ടി മേളം, ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെയും സംഘത്തിന്റെയും സ്‌പെഷ്യൽ നാഗസ്വരം. ഉച്ചയ്ക്ക് ഒന്നിനു മകം ഒരുക്കങ്ങൾക്കായി നടഅടയ്ക്കും. 2നു നെയ് വിളക്കിൽ തിരിതെളിച്ചു മകം ദർശനത്തിനായി നട തുറക്കും. ശേഷം ദേവി രാത്രി 11നു മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജ. തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പ്.
പൂരം ദിവസമായ 13നു രാവിലെ 5.30നു പറയ്‌ക്കെഴുന്നള്ളിപ്പ്, 9നു കിഴക്കേചിറയിൽ ആറാട്ടും തുടർന്നു ചന്ദ്രോത്ത് മനയിൽ ഇറക്കിപ്പൂജയും വലിയ കീഴ്ക്കാവിൽ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി 8നു കുഴിയേറ്റ് ശിവക്ഷേത്രത്തിൽ നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവിൽ എത്തി ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേർന്നു പൂരം എഴുന്നള്ളിപ്പ്. 9.30 ന് വിവിധ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ക്ഷേത്രത്തിൽ പ്രവേശിച്ചു പടിഞ്ഞാറേ നടപ്പുരയിൽ രാത്രി 11നു 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, 12നു പൂരപ്പറമ്പിൽ എഴുന്നള്ളിപ്പ്. കരിമരുന്ന് പ്രയോഗം
ആറാട്ട് ദിവസമായ 14 ന് രാവിലെ 5ന് ആറാട്ടുബലി, മുരിയമംഗലം നരസിംഹ ക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 10നു ദേവി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്നു കൊടിമരച്ചുവട്ടിൽ പറയും പ്രദക്ഷിണവും. കൊടിയിറക്കി കീഴ്ക്കാവിലേക്ക് എഴുന്നള്ളിപ്പ്. ശേഷം ക്ഷേത്രത്തിലേക്കു പ്രവേശനമില്ല. 15നു രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.
പ്രവേശന സൗകര്യം
സ്ത്രീകളെ പടിഞ്ഞാറേ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായി എത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴിയും ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കും. ഭക്തർക്കു
ലഘു ഭക്ഷണവും വിതരണം ചെയ്യും. ഭക്തർക്കു നിൽക്കാൻ നടപ്പന്തൽ അടക്കം എല്ലാ സൗകര്യങ്ങളും ക്ഷേത്രത്തിൽ ഒരുക്കി യിട്ടുണ്ട്. 15നു രാ ത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.
വാഹന പാർക്കിംഗ്
ഭക്തർ വാഹന ങ്ങൾ ചോറ്റാനിക്കര ഗവ.സ്‌കൂൾ :
ഗ്രൗണ്ട്, ഭീമ ഗ്രൗണ്ട്, എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. 700 ലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ചോറ്റാനിക്കരയിലും പരിസരത്തുമായി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 വരെയാണ് ദർശനത്തിന് അവസരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |