ആത്മീയ ജീവിതവും ഭൗതിക ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഒന്നായി ചേർന്നുനിൽക്കുന്ന ആരാധനാലയമാണ് കടലോരത്ത് ശിരസുയർത്തി നിൽക്കുന്ന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രം. അലറിപ്പാഞ്ഞുവന്ന സുനാമിത്തിരമാലകൾക്ക് മുന്നിൽ ശിരസ് നമിക്കാതെ മഹാമേരു പോലെ നിന്ന ദിവ്യ ക്ഷേത്രം.
പ്രശ്‌നസങ്കീർണമായ ഭൗതിക ജീവിതത്തിൽ ദുരിതങ്ങളിൽപ്പെട്ടുഴലുന്നവർക്ക് പതറിപ്പോകാതെ ധീരമായി നേരിടുന്നതിനുള്ള ഊർജം നൽകി സർഗാത്മകതയുടെയും ശക്തിയുടെയും ആത്മീയ പാതയിലേക്ക് കൈപിടിച്ച് പ്രവേശിപ്പിച്ച് സുഖവും സന്തോഷവും പ്രദാനം ചെയ്യുന്നു കാട്ടിലമ്മ.സർവ ചരാചര രക്ഷകയായ ശ്രീഭദ്രാഭഗവതിയാണ് കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ കാട്ടിലമ്മയായി കുടികൊള്ളുന്നത്. വിദ്യാ ദേവത കൂടിയായ കാട്ടിലമ്മ ഭക്തമനസുകളിൽ അജ്ഞാനമകറ്റി ജ്ഞാനത്തിന്റെ പ്രകാശം നിറച്ച് ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന സത്യം ഉദ്‌ഘോഷിക്കുന്നു.
ക്ഷേത്രമുറ്റത്തെ ആൽമരത്തിൽ നിന്നുയരുന്ന മണിനാദവും ശ്രീകോവിലിൽ നിന്നുതിരുന്ന മന്ത്രോച്ചാരണവും പ്രാർത്ഥനാ ഗീതങ്ങളും നമസ്‌കാര മണ്ഡപത്തിൽ നിന്ന് പ്രവഹിക്കുന്ന ഭക്തിനിർഭരമായ ഭാഗവത പാരായണവും സംഗമിച്ച് കാട്ടിലമ്മയുടെ സന്നിധിയിലെത്തുന്ന ഭക്തർക്ക് ആത്മസംതൃപ്തിയുടെ ദിവ്യാനുഭൂതി പ്രദാനം ചെയ്യുന്നു.
ജങ്കാർ യാത്രയും കടലിൽ നിന്നൊഴുകി വരുന്ന മന്ദമാരുതനും ആഴിത്തിരമാലകളും ആകാശം കടലിലേക്ക് സംഗമിക്കുന്ന പടിഞ്ഞാറൻ ചക്രവാളവും ചെഞ്ചായം പൂശിയ സൂര്യബിംബം കടലിലേക്ക് മറയുന്ന അസ്തമയ സന്ധ്യയും ഏതൊരു ഭക്തന്റെയും മനസിന് കുളിർമയും ശാന്തതയും നൽകുന്നതാണ്.
സദാ ഭക്തജനത്തിരക്കേറിയ കാട്ടിൽമേക്കതിൽ ശ്രീദേവീ ക്ഷേത്രം ദക്ഷിണ കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ്.
ദാരിക നിഗ്രഹം കഴിഞ്ഞ് ശിരസുമായി വരുന്ന ഉഗ്രമൂർത്തീ ഭാവത്തിലുള്ള ശ്രീ ഭദ്രാഭഗവതിയാണ് ഇവിടത്തെ പ്രധാന ആരാധനാമൂർത്തി. തുല്യ പ്രധാന്യത്തോടെ ശ്രീദുർഗാദേവിയും പ്രത്യേക ശ്രീകോവിലിൽ കുടികൊള്ളുന്നു.
ജീവിത ദുഃഖങ്ങളാൽ നട്ടംതിരിയുന്ന ഭക്തഹൃദയങ്ങൾക്ക് ആശ്വാസതീരമായി കാട്ടിലമ്മ വാണരുളുന്ന ദിവ്യക്ഷേത്രം കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ അറബിക്കടലിനും ടി.എസ് കനാലിനുമിടയിൽ പ്രകൃതി മനോഹരിയായ പൊന്മനയിൽ നാടിന് തിലകക്കുറിയായി ശിരസുയർത്തി നിൽക്കുന്നു.
(അമ്പലത്തിൽ എത്തിച്ചേരാനുള്ള
ലൊക്കേഷന് ക്യു ആർ കോഡ്
സ്‌കാൻ ചെയ്യുക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |