ഒക്ടോബർ 11 ഞായറാഴ്ച നവരാത്രി വിഗ്രഹ ഘോഷയാത്ര എത്തിച്ചേരുന്നതോടെ തിരുവനന്തപുരം നഗരത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാകും. കന്യാകുമാരി ജില്ലയിലെ പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി ഘോഷയാത്ര ഇന്ന് പുറപ്പെട്ടു. തേവാരക്കെട്ട സരസ്വതി ദേവി, വേളിമല കുമാര സ്വാമി, ശുചീന്ദ്രം മുന്നൂറ്റി നങ്ക വിഗ്രഹങ്ങളാണ് എഴുന്നെള്ളുന്നത്. സരസ്വതി ദേവീ വിഗ്രഹം ആനപ്പുറത്തും കുമാരസ്വാമിയും മുന്നൂറ്റിനങ്കയും അലങ്കരിച്ച ഇരുപല്ലക്കുകളിലുമാാണ് എഴുന്നള്ളുന്നത്. തിരുവനന്തപുരത്ത് എത്തിയ ശേഷം വെള്ളിക്കുതിരപ്പുറത്താണ് കുമാരസ്വാമിയുടെ യാത്ര.
ഏറെ സവിശേഷതകളുള്ള മുരുക ക്ഷേത്രമാണ് തക്കലയിലെ വേളിമല കുമാരകോവിൽ. വള്ളീ- മുരുക പരിണയത്തിന്റെ കഥ പറയുന്ന ദേവസ്ഥാനമാണ് കുമാരകോവിൽ. വേളി എന്നാൽ വിവാഹം. കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ നിന്ന് 15 കിലോമീറ്റർ അകലെ മലനിരകൾക്ക് മുകളിലാണ് ക്ഷേത്രം. കുത്തനെ നിർമ്മിച്ചിരിക്കുന്ന 40 പടവുകൾ കയറി വേണം ക്ഷേത്രസന്നിധിയിലെത്താൻ.
പ്രധാന കോവിലിൽ എട്ടടി എട്ടിഞ്ച് ഉയരത്തിലാണ് മുരുക പ്രതിഷ്ഠ ഉള്ളത്. ഒറ്റക്കല്ലിൽ കൊത്തിയ വിഗ്രഹത്തിന്റെ ചെവികൾ രണ്ടും നീണ്ടിരിക്കുന്നതായി കാണാം. ദൂരെ ശുചീന്ദ്രത്തുള്ള സ്ഥാണു മലയ (പരമേശ്വരൻ) ക്ഷേത്രത്തിലേക്ക് നോക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. ആറരയടി ഉയരത്തിലുള്ള വള്ളിവിഗ്രഹവുമുണ്ട്. കല്യാണ വിനായക സങ്കല്പത്തിൽ ഉള്ള ഗണപതി വിഗ്രഹം, പാർവതി ദേവിയുടെ പിതാവായ ദക്ഷന്റെ പ്രതിഷ്ഠ എന്നിവയും കാണാം. കുമാരകോവിൽ മുരുകന് അറുമുഖ നായനാർ എന്നൊരു വിളിപ്പേര് കൂടിയുണ്ട്. തമിഴ്‌മാസമായ പൈങ്കുനിയിലെ അനുരാധ നക്ഷത്രത്തിൽ കുമാരകോവിലിൽ ഏഴുദിവസത്തെ ഉത്സവത്തിന് തുടക്കമാകും വള്ളീ പരിണയ ചടങ്ങാണ് ഏറെ സവിശേഷമായത്. തൃക്കല്യാണ മണ്ഡപത്തിൽ വച്ച്് കുമാരസ്വാമിയുടെയും വള്ളീ ദേവിയുടെയും കല്യാണം ആയിരങ്ങളെ സാക്ഷിയാക്കി നടത്തിവരുന്നു. വള്ളിയുടെ ജന്മസ്ഥലമായും ക്ഷേത്രത്തെ കണക്കാക്കുന്നു.
വൈകാശി വിശാഖം, തൈപ്പൂയം, സ്കന്ദ ഷഷ്ഠി എന്നി ആഘോഷങ്ങൾക്കും ഇവിടെ പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിലെ അവസാന വെള്ളിയാഴ്ച കുമാരസ്വാമിക്ക് കാവടിയും അർപ്പിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |