SignIn
Kerala Kaumudi Online
Monday, 27 July 2026 2.30 PM IST

മംഗല്യപൂജയ്ക്ക് പേരുകേട്ട ക്ഷേത്രം; ശിവലിംഗത്തോടൊപ്പം വസിക്കാൻ പാർവതി ദേവി തിരഞ്ഞെടുത്ത മലപ്പുറത്തെ സ്ഥലം

thirumandhamkunnu-temple

മംഗല്യപൂജയ്ക്ക് ഏറെ പ്രശസ്തമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് സ്ഥിതി ചെയ്യുന്ന തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം. ആദിപരാശക്തിയായ ശ്രീ ഭദ്രകാളിയാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ. തുല്യപ്രധാന്യത്തോടെ പരമേശ്വരനും ഇവിടെ കുടിക്കൊള്ളുന്നുണ്ട്. കേരളീയ വാസ്തുവിദ്യയുടെ ലാളിത്യവും ഗാംഭീര്യവും ഒത്തുചേരുന്ന ഈ പുണ്യസങ്കേതം വിശ്വാസികൾക്ക് വെറുമൊരു ക്ഷേത്രമല്ല, മറിച്ച് ആപത്തുകളിൽ തുണയാകുന്ന 'തിരുമാന്ധാംകുന്നിലമ്മ' എന്ന അഭയസ്ഥാനമാണ്.

ഐതിഹ്യം

സൂര്യവംശത്തിലെ പ്രതാപിയായ രാജാവായിരുന്നു മാന്ധാതാവ്. തന്റെ രാജഭരണത്തിന് ശേഷം മോക്ഷപ്രാപ്തിക്കായി അദ്ദേഹം ശിവനെ തപസുചെയ്തു. മാന്ധാതാവിന്റെ കഠിന തപസിൽ പ്രസന്നനായ പരമേശ്വരൻ താൻ പൂജിച്ചിരുന്ന ഏറ്റവും പരിശുദ്ധമായ ശിവലിംഗം അദ്ദേഹത്തിന് സമ്മാനിച്ചു. പാർവ്വതീദേവിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ആ ശിവലിംഗം. രാജാവ് അതുമായി യാത്രതിരിച്ചപ്പോൾ, തന്റെ പ്രിയപ്പെട്ട ശിവലിംഗം തിരിച്ചുപിടിക്കാൻ ദേവി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും അയച്ചു.

തിരുമാന്ധാംകുന്നിന്റെ മുകളിൽ വെച്ച് ഭദ്രകാളിയും മാന്ധാതാവിന്റെ സൈന്യവും തമ്മിൽ വലിയ പോരാട്ടം നടന്നു. ആയുധങ്ങൾ തീർന്നപ്പോൾ അവർ കുന്നിൻമുകളിലെ ആട്ടങ്ങ (ഒരുതരം കാട്ടുപഴം) പറിച്ചെറിഞ്ഞു യുദ്ധം ചെയ്തുവെന്നാണ് കഥ. ഒടുവിൽ ദേവി നേരിട്ടെത്തി ശിവലിംഗം തിരിച്ചുവാങ്ങാൻ ശ്രമിച്ചപ്പോൾ, രാജാവ് ഭക്തിയോടെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. ആ ഭക്തിയിൽ പ്രസന്നയായ ദേവി, ശിവലിംഗത്തോടൊപ്പം താനും അവിടെ വസിക്കാമെന്ന് സമ്മതിച്ചു. ഇന്നും തുലാം ഒന്നാം തീയതിയും കറുത്തവാവിനും ക്ഷേത്രത്തിൽ നടക്കുന്ന 'ആട്ടങ്ങയേറ്' എന്ന ചടങ്ങ് ഈ ഐതിഹ്യത്തിന്റെ ഓർമ്മപ്പെടുത്തലാണ്.

മംഗല്യപൂജ

വിവാഹതടസ്സങ്ങൾ നേരിടുന്നവർക്ക് ആശ്വാസമായി മാറുന്ന വഴിപാടാണ് ഇവിടത്തെ മംഗല്യപൂജ. ഗണപതി സന്നിധിയിൽ തുടർച്ചയായി മൂന്ന് തവണ ഈ പൂജ നടത്തിയാൽ മംഗല്യഭാഗ്യം സിദ്ധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. തുലാമാസത്തിലെ മുപ്പെട്ടു വെള്ളിയാഴ്ച നടക്കുന്ന മഹാമാംഗല്യ പൂജയ്ക്ക് ആയിരക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്.

ദേവിയുടെ ഇഷ്ടവഴിപാടായ ചാന്താട്ടം മിഥുനം, കർക്കടക മാസങ്ങളിലാണ് പ്രധാനമായും നടക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ചാന്ത് ദേവീവിഗ്രഹത്തിൽ ആടുന്നതാണ് ഈ ചടങ്ങ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL