SignIn
Kerala Kaumudi Online
Tuesday, 04 August 2026 12.13 PM IST

വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന 15 കാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

teenagers-arrested
അറസ്റ്റിലായ കൗമാരക്കാർ

ഗുവാഹത്തി: 15 വയസുകാരിയെ ബലാത്സംഗം ചെയ്‌തുകൊന്ന കേസിൽ 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. അസമിലെ ഹൈലാക്കണ്ടി ജില്ലയിലാണ് അതിക്രൂര കൊലപാതകം നടന്നത്.

ശനിയാഴ്‌ച രാത്രി അലിയോച്ചിറ പ്രദേശത്തെ പെൺകുട്ടിയുടെ വീട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് കുടുംബാംഗങ്ങൾ സമീപത്തുള്ള ബന്ധുവീട്ടിൽ നടന്ന വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. പെൺകുട്ടി വിരുന്നിനെത്തിയിരുന്നെങ്കിലും ഒരു ബന്ധുവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയെന്ന് വീട്ടുകാർ പറയുന്നു. ഇവർ രാത്രി 11.30 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ ഗുരുതര പരിക്കുകളുണ്ടായിരുന്നെന്നും സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയ നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. വിവിധ വസ്‌തുക്കൾ ഉപയോഗിച്ച് മർദിച്ചതിന്റെ ലക്ഷണങ്ങളും ശരീരത്തിലുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി അഞ്ച് പേരെ കസ്റ്റഡിയിലെടുത്തെങ്കിലും മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്‌തത്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പ്രതികളിലൊരാളെ പരിചയമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. പോക്‌സോ നിയമപ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് കൂടുതൽ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തുമെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും അഡീഷണൽ എസ്‌പി സമീർ ദർപ്പൺ ബറുവ അറിയിച്ചു.

പെൺകുട്ടിയും പ്രതികളും തമ്മിൽ ആശയവിനിമയം നടന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രദേശത്ത് പ്രതിഷേധം ശക്തമായി. അസമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത-6 പ്രതിഷേധക്കാർ ഉപരോധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAPECASE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY