കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവിന്റെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ഞായാറാഴ്ച രാവിലെയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സാഹചര്യം കണക്കിലെടുത്ത് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ശനിയാഴ്ച രാത്രി വീടിനടുത്തുള്ള സംഗീതപരിപാടിയിൽ പങ്കെടുക്കാൻ പെൺകുട്ടി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പോയിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. തുടർന്ന് പെൺകുട്ടി വേദിയിൽനിന്ന് പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് തിരികെ എത്താതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെയാണ് ബന്ധുവീടിന് പിന്നിൽ മൃതദേഹം കണ്ടെത്തിയത്.
പരിപാടിക്കിടെ പെൺകുട്ടിയെ കണ്ടിരുന്നുവെന്ന് മാതൃസഹോദരിയും പറഞ്ഞു. രാത്രി എട്ടുമണിയോടെ പരിപാടിക്കായി വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ വഴിയിൽവച്ച് പെൺകുട്ടിയെ കണ്ടിരുന്നു. സുഹൃത്തിനൊപ്പം പരിപാടിക്കെത്തിയതാണെന്ന് പറഞ്ഞതിനെത്തുടർന്ന് തങ്ങൾ മുന്നോട്ടുപോയി. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടി തിരിച്ചെത്തിയിട്ടില്ലെന്ന വിവരം അറിഞ്ഞത്. ഫോണിൽ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. നെറ്റ്‌വർക്ക് പ്രശ്നമാണെന്ന് കരുതി ഉറങ്ങുകയായിരുന്നുവെന്നും പുലർച്ചെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും മാതൃസഹോദരി വ്യക്തമാക്കി.
കസ്റ്റഡിയിലുള്ള ബന്ധുവിനെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിർത്തി മേഖലയായതിനാൽ പ്രതികളിൽ ആരെങ്കിലും ബംഗ്ലാദേശിലേക്ക് കടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ എങ്ങനെയാണ് കുട്ടി മരിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
A minor girl was found dead near a relative's house in North 24 Parganas, West Bengal, Sunday morning. Police suspect rape and have taken a relative into custody for questioning. The girl had attended a music event Saturday night and reportedly left after receiving a phone call. Authorities are investigating all angles, including others' involvement and potential cross-border escape. A post-mortem report is awaited.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |