നാഗ്പൂർ: വാടകമുറിയെടുത്ത് 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്ത യുവാവിനെ തേടി പൊലീസ്. നാഗ്പൂരിലെ വാടക മുറിയിൽ നിന്ന് 37 ലക്ഷം രൂപയുടെ കള്ളനോട്ട് പൊലീസ് പിടിച്ചെടുത്തു. കുറച്ചു ദിവസങ്ങളായി വാടകക്കാരനെ കാണാതായതിനെത്തുടർന്ന്, വീട്ടുടമസ്ഥൻ രമേഷ് മുറിയുടെ പൂട്ട് തകർത്തു പരിശോധിച്ചപ്പോഴാണ് ഈ തട്ടിപ്പ് പുറത്തറിഞ്ഞത്. വീട്ടുടമസ്ഥൻ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വതോഡ പൊലീസ് കള്ളനോട്ടുകെട്ടുകളും ഒരു പ്രിന്ററും മറ്റ് സാമഗ്രികളും കണ്ടെത്തി.
നാഗ്പൂരിലെ ത്രിമൂർത്തി നഗർ സ്വദേശിയായ പുഷ്പക് കൃഷ്ണ ഭണ്ഡാർക്കർ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. പൊലീസ് ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് പുഷ്പക് ഖാർബി മേഖലയിൽ ഈ മുറി വാടകയ്‌ക്കെടുത്തത്. വാടക കരാർ ജനുവരിയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇയാൾ വാടക നൽകിയിരുന്നില്ലെന്ന് വീട്ടുടമസ്ഥൻ പറയുന്നു.
വീടുടമസ്ഥൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടപ്പോൾ പുഷ്പക് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്നു. തുടർന്ന് വീടുടമസ്ഥൻ വതോഡ പൊലീസിൽ പരാതി നൽകിയിരുന്നു. വാടകക്കാരൻ ദീർഘകാലമായി മുറി സന്ദർശിച്ചിരുന്നില്ല. ശനിയാഴ്ച ഉടമ ചുറ്റിക ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഒരു ബക്കറ്റിനുള്ളിൽ കെട്ടുകളാക്കിയ കറൻസി നോട്ടുകളും ചുറ്റും ചിതറിക്കിടക്കുന്ന കടലാസുകളും മുറിയിൽ സ്ഥാപിച്ചിരുന്ന ഒരു പ്രിന്ററും അദ്ദേഹം കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഘം സ്ഥലത്തെത്തി 500 രൂപയുടെ കള്ളനോട്ടുകെട്ടുകൾ കണ്ടെടുത്തു. നോട്ട് എണ്ണുന്ന മെഷിൻ എത്തിച്ചാണ് കള്ളനോട്ട് എണ്ണിയത്. 37 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പ്രതി അച്ചടിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. നോട്ടുകളുടെയും സാമഗ്രികളുടെയും ആകെ മൂല്യം ഏകദേശം 48 ലക്ഷം രൂപ വരുമെന്ന് കണക്കാക്കപ്പെടുന്നു. പൊലീസ് എല്ലാ വസ്തുക്കളും പിടിച്ചെടുക്കുകയും പുഷ്പകിനായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇയാൾ മുംബയിലാണെന്ന് വ്യക്തമായിട്ടുണ്ട്. ഉടൻ തന്നെ ഇയാളെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |