കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കൗമാരക്കാരനെയും പിതാവിനെയും സുഹൃത്തിനെയും നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികളെ ഷർട്ട് അണിയിക്കാതെ അതേ സ്ഥലത്തെത്തിച്ച് പരേഡ് നടത്തി പൊലീസ്. കൊൽക്കത്തയിലെ സാർസുന മേഖലയിലുള്ള ഖുദിറാം പള്ളിയിലായിരുന്നു നടപടി. അരക്കെട്ടിൽ കയർ കെട്ടി ഷോർട്സ് ധരിപ്പിച്ചാണ് പ്രതികളെ പൊലീസ് പ്രദേശത്തുകൂടി നടത്തിച്ചത്.
പെൺകുട്ടിയുടെ പിതാവ്, മാതൃസഹോദരൻ, ജ്യേഷ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കൗമാരക്കാരൻ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ ഇരകളാക്കപ്പെട്ടവരെ അപമാനിച്ച അതേ പ്രദേശത്തുകൂടി പ്രതികളെ നടത്തിച്ച പൊലീസ് നടപടിയെ നാട്ടുകാർ പ്രശംസിച്ചു.
ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. സാർസുന പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ കാണാനായി 17കാരൻ സുഹൃത്തിനൊപ്പമെത്തി. ഇരുവരും ഒരുമിച്ചുള്ള സമയത്ത് കൗമാരക്കാരൻ പെൺകുട്ടിയെ ചുംബിച്ചത് പെൺകുട്ടിയുടെ മാതൃസഹോദരന്റെ സുഹൃത്ത് കണ്ടതായാണ് വിവരം. തുടർന്ന് പെൺകുട്ടിയുടെ പിതാവിനെയും മാതൃസഹോദരനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇവർ രണ്ടുപേരെയും ഖുദിറാം പള്ളിയിലെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി തടഞ്ഞുവയ്ക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. പിന്നീട് കൗമാരക്കാരന്റെ പിതാവിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചു.
ഇതിനിടെ പെൺകുട്ടിയുടെ മാതൃസഹോദരൻ തോക്ക് ചൂണ്ടി. മകനൊപ്പം നഗ്നനായി തെരുവിലൂടെ നടന്നില്ലെങ്കിൽ മൂന്നുപേരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിച്ചു. ജീവൻ നഷ്ടപ്പെടുമെന്ന ഭയത്താലാണ് തങ്ങൾ നഗ്നരായി നടക്കാൻ നിർബന്ധിതരായതെന്നും പരാതിക്കാർ ആരോപിച്ചു. തുടർന്ന് വീടിന് പുറത്തുള്ള ഇടുങ്ങിയ വഴിയിലൂടെ ഏകദേശം 50 മീറ്ററോളം ഇവരെ നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുണ്ടായിരുന്നവർ മൊബൈൽ ഫോണുകളിൽ പകർത്തി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് മർദിച്ചെന്നും തോക്കിൻമുനയിൽ നിർത്തിയാണ് നഗ്നരാക്കി നടത്തിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ, തോക്ക് ഉപയോഗിച്ചു എന്നതടക്കമുള്ള ആരോപണങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിനിടെ കൗമാരക്കാരന്റെ മാതാവിനും മർദനമേറ്റതായി പരാതിയുണ്ട്. ഇവർ പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയായി. കേസിൽ കൂടുതൽ വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
Kolkata police paraded three suspects, including a minor girl's father, tied with ropes and wearing shorts, through Sarsuna. They were arrested for allegedly stripping and humiliating a teenager, his father, and a friend, after the teenager kissed the girl. This police action occurred in the same area as the original incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |