കണ്ണൂർ: മുംബയ് എൽ.ടി.ടി സ്പെഷ്യൽ ട്രെയിനിൽ കാഴ്ചപരിമിതിയുള്ള 49കാരിക്കു നേരെ യുവാവിന്റെ അതിക്രമം. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന മകനൊപ്പം ഭിന്നശേഷിക്കാർക്കായുള്ള കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ മണിക്കൂറുകളോളം ഭയപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ അയ്യപ്പ (23) ആണ് പിടിയിലായത്. കണ്ണൂരിൽനിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്.
ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് യുവാവ് അസ്വാഭാവികമായി വിസിലടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നിയതായി സ്ത്രീ പറഞ്ഞു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന മാല ഊരി ബാഗിൽ സൂക്ഷിച്ചു. പിന്നീട് വാതിലിനടുത്ത് നിന്നിരുന്ന സ്ത്രീയോട് അകത്തേക്ക് പോകാൻ പ്രതി ആവശ്യപ്പെട്ടു. പിന്നാലെ ഇവരെ യുവാവ് തള്ളിയിട്ടു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴും വീണ്ടും തള്ളിയിട്ടതായും രണ്ട് സീറ്റുകൾക്കടിയിലായി വീണതായും ഇവർ പറയുന്നു.
തുടർന്ന് യുവാവ് കഴുത്തിൽ പിടിക്കുകയും വായ മൂടുകയും ചെയ്തു. ഈ സമയത്ത് മകനോട് ട്രെയിനിലെ അപായച്ചങ്ങല വലിക്കാൻ സ്ത്രീ ആവശ്യപ്പെട്ടു. മകൻ ചങ്ങല താഴേക്ക് വലിച്ചെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു. പ്രതിയുടെ പിടിയിൽനിന്ന് കുതറിമാറിയ സ്ത്രീ അപായച്ചങ്ങലയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിനും അനുവദിച്ചില്ല. വീണ്ടും തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തി. ഇതോടെയാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് സ്ത്രീ പറഞ്ഞു. ട്രെയിൻ നിർത്തിയില്ലായിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഇവർ പറഞ്ഞു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
A 23-year-old youth from Karnataka, Ayyappa, was arrested by the Railway Police for assaulting a 49-year-old visually impaired woman on the Mumbai LTT Special Train in Kannur early Sunday.The woman was traveling with her son, a Class 4 student, in the coach reserved for persons with disabilities.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |