SignIn
Kerala Kaumudi Online
Friday, 10 July 2026 3.02 PM IST

കരഞ്ഞ് പറഞ്ഞിട്ടും അദ്ധ്യാപിക അവഗണിച്ചു; നാലാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

amaira
അമൈറ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ

ജയ്‌പൂർ: കഴിഞ്ഞ വർഷം നവംബറിൽ സ്‌കൂൾ കെട്ടിടത്തിൽനിന്ന് ചാടി നാലാം ക്ലാസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സഹപാഠികളുടെ കടുത്ത മാനസിക പീഡനവും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചയും തെളിയിക്കുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ നവംബർ ഒന്നിനാണ് ജയ്‌പൂരിലെ നീർജ മോഡി സ്‌കൂളിന്റെ നാലാം നിലയിൽനിന്ന് ചാടി ഒമ്പതുവയസുകാരി അമൈറ ആത്മഹത്യ ചെയ്‌തത്. പുറത്തുവന്ന ദൃശ്യങ്ങളിൽ, വളരെ ശാന്തമായ നിലയിലാണ് അമൈറ ക്ലാസിലേക്കെത്തുന്നത്. സുഹൃത്തിനോട് ഗുഡ്‌മോർണിംഗ് പറയുന്നതും വളരെ സന്തോഷത്തോടെ കൂട്ടുകാർക്കൊപ്പം ഡാൻസ് കളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ അതിനിടയിൽ സഹപാഠികളിൽ ചിലർ ഒരു ഡിജിറ്റൽ സ്ലേറ്റ് തുടർച്ചയായി അമൈറയെ കാണിക്കുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ പെരുമാറ്റത്തിൽ വലിയ അസ്വസ്ഥതയുണ്ടാകുന്നതായാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

പിന്നീട് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ക്ലാസിനിടയിൽ പല തവണയായി കുട്ടി അദ്ധ്യാപികയെ സമീപിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തന്നെ അലട്ടുന്ന പ്രശ്‌നമെന്തെന്ന് അദ്ധ്യാപികയോട് തുറന്നുപറയാൻ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ അവർ കുട്ടിയോട് തിരികെ പോയിരിക്കാൻ ആവശ്യപ്പെടുന്നു. സമയം കഴിയുന്നതനുസരിച്ച് കുട്ടി കൂടുതൽ അസ്വസ്ഥയാകുകയാണുണ്ടായത്. കൈകൂപ്പി അപേക്ഷിച്ചുവെന്നും ഒരു ഘട്ടത്തിൽ സ്വയം വായപൊത്തിപ്പിടിക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഇതെല്ലാം കുട്ടിക്കേറ്റ കടുത്ത മാനസികാഘാത്തതിന്റെ ലക്ഷണങ്ങളായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം.

അദ്ധ്യാപികയുടെ പ്രതികരണം കടുത്തതായിരുന്നെന്നും ആരും തന്നെ സഹായിക്കാനില്ലെന്ന നിസഹായാവസ്ഥയിലാണ് കുട്ടി ക്ലാസ് വിട്ട് ഇറങ്ങിയതെന്നും കുടുംബം പറയുന്നു. അമൈറ ഒറ്റയ്‌ക്ക് ക്ലാസിൽനിന്ന് പുറത്തേക്കിറങ്ങുന്നതും സ്‌കൂളിന്റെ മുകൾ നിലയിലേക്ക് ഓടിക്കയറിയശേഷം താഴേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി ക്ലാസിൽനിന്ന് പുറത്തേക്ക് പോയിട്ടും അദ്ധ്യാപിക ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും കുടുംബം പറയുന്നു.

സംഭവത്തിൽ പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അമൈറയുടെ കുടുംബം പല തവണ പരാതിപ്പെട്ടിട്ടുണ്ട്. സ്‌കൂൾ പ്രിൻസിപ്പൽ, ചെയർമാൻ, ക്ലാസ് അദ്ധ്യാപിക എന്നിവർക്കെതിരെയാണ് കുടുംബം പരാതിനൽകിയിരിക്കുന്നത്. കഴിഞ്ഞ 18 മാസമായി അമീറ സഹപാഠികളിൽ നിന്നും കടുത്ത മാനസികപീ‌ഡനം നേരിട്ടിരുന്നതായാണ് സിബിഎസ്‌സി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ഇതേക്കുറിച്ച് രക്ഷിതാക്കൾ പരാതിപ്പെട്ടപ്പോൾ മറ്റ് കുട്ടികളുമായി സഹകരിച്ചുപോകാൻ മകളെ പഠിപ്പിക്കണമെന്നാണ് അദ്ധ്യാപിക മറുപടി നിൽകിയതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

English Summary

**Brief Summary (English):**

Newly released CCTV footage has raised fresh questions over the death of a nine-year-old Class 4 student who died by suicide at a Jaipur school in November last year. The footage allegedly shows the child becoming distressed after an interaction with classmates, repeatedly seeking help from her teacher, and later leaving the classroom unnoticed before jumping from the school building. Her family has accused the school authorities of negligence and alleged prolonged bullying, while complaints have been filed against the principal, chairman, and class teacher. An inquiry reportedly found that concerns about bullying had previously been raised by the family.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE, CASE, STUDENT COMMITTED SUICIDE, BULLYING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY