
ബംഗളൂരു: ലിവ്-ഇൻ പങ്കാളിയോടൊപ്പം ചേർന്ന് മാതാപിതാക്കളെയും ഇളയ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തി യുവതി. അമ്പത്തഞ്ചുകാരനായ സോമസുന്ദർ , ഭാര്യ മുത്തുലക്ഷ്‌മി(48), മകൾ സുപ്രിയ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ദമ്പതികളുടെ മൂത്ത മകൾ ശ്വേതയും ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ചേർന്നാണ് കൊലപാതകം നടത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഈസ്റ്റ് പോയിന്റ് ആശുപത്രിയിലേക്ക് മാറ്റി.
കെആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സീഗെഹള്ളിയിലെ ധമാനിക് ലേഔട്ടിലുള്ള സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് കൊലപാതകം നടന്നത്. കെന്നത്തുമായുള്ള ശ്വേതയുടെ ബന്ധത്തെ മാതാപിതാക്കൾ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഒളിവിൽപ്പോയ ശ്വേതയ്‌ക്ക് ഏകദേശം 30 ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ടായിരുന്നു. വർദ്ധിച്ചുവരുന്ന കടബാദ്ധ്യതകളെക്കുറിച്ച് മാതാപിതാക്കൾ ഇടയ്‌ക്കിടെ ചോദ്യം ചെയ്യുന്നത് കുടുംബത്തിൽ സംഘർഷങ്ങൾക്ക് കാരണമായിരുന്നതായാണ് വിവരം.
പൊലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ദിവസം ശ്വേതയും കെന്നത്തും വീട്ടിൽ എത്തിയിരുന്നു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന മുത്തുലക്ഷ്‌മിയുമായി ഇരുവരും തർക്കത്തിലേർപ്പെട്ടു. ഇതിനിടയിൽ ശ്വേതയും കെന്നത്തും ചേർന്ന് മുത്തുലക്ഷ‌്മിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സോമസുന്ദറും സുപ്രിയയും മടങ്ങിയെത്തുന്നതിനുമുൻപ് പ്രതികൾ രക്തക്കറ കഴുകിക്കളഞ്ഞു. തുടർന്ന് വീട്ടിൽ തിരികെയെത്തിയ അവരെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുപിന്നാലെ ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |