SignIn
Kerala Kaumudi Online
Friday, 15 May 2026 10.48 PM IST

24 മണിക്കൂറിനിടെ മൂന്നുപേരെ കൊലപ്പെടുത്തി,​ തെളിവെടുപ്പിനിടെ പൊലീസിന് നേരെ വെടിവച്ചു,​ വിമുക്ത ഭടനെ ഏറ്റുമുട്ടലിൽ വധിച്ചു

shot-dead

ലക്‌നൗ: 24 മണിക്കൂറിനിടെ മൂന്നുപേരെ വെടിവച്ച് കൊന്ന വിമുക്തഭടനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി പൊലീസ്. ഉത്തർപ്രദേശിലെ ചണ്ടൗലി ജില്ലയിലാണ് സംഭവം. പ്രയാഗ്‌രാജിൽ നിന്നും ചണ്ടൗലിയിലേക്ക് ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന പഞ്ചാബിലെ അമൃത്‌സർ സ്വദേശിയായ മുൻ സൈനികനായ ഗുർപ്രീത് സിംഗ് (46)​ ആണ് ട്രെയിനിൽ വച്ച് രണ്ടുപേരെയും ആശുപത്രിയിൽ വച്ച് ഒരാളെയും കൊലപ്പെടുത്തിയത്. തുടർന്ന് സംഭവത്തിന്റെ തെളിവെടുപ്പിനായി സകൽദിഹ എന്ന ഗ്രാമത്തിലെത്തിച്ചപ്പോൾ ഇയാൾ പൊലീസിനുനേരെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പൊലീസ് തിരികെ നടത്തിയ വെടിവയ്‌പ്പിൽ ഗുർപ്രീതിന് പരിക്കേറ്റു. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം.രണ്ട് പൊലീസുകാർക്കും ഇയാൾ നടത്തിയ വെടിവയ്‌പ്പിൽ പരിക്കേറ്റു. ഒരു സബ് ഇൻസ്‌പെക്‌ടർക്കും ഒരു കോൺസ്റ്റബിളിനുമാണ് വെടിയേറ്റത്. കൈയിലാണ് ഇരുവർക്കും വെടിയേറ്റത്.

മുൻ സൈനികനായ ഗുർപ്രീതിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും ഇയാൾ ആക്രമണകാരിയായിരുന്നെന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പ് നടത്തവെ പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് ഇയാൾ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പൊലീസ് തിരിച്ച് വെടിവച്ചു. നെഞ്ചിലും വയറിലുമാണ് ഇയാൾക്ക് വെടിയേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു,​ അമിതമദ്യപാനത്തെ തുടർന്ന് മാനസിക വിഭ്രാന്തി ബാധിച്ചയാളായിരുന്നു ഗുർപ്രീത് സിംഗ്.

ഞായർ,​ തിങ്കൾ ദിവസങ്ങളിൽ ആണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. പിഡിഡി-താരിഖഡ് പാസഞ്ചറിൽ യാത്രചെയ്യവെ മംഗ്രു (34)​ എന്ന യാത്രക്കാരനെ മേയ് 10ന് ഇയാൾ വെടിവച്ച് കൊന്നു. ഇയാളുടെ മൃതദേഹം ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്‌തു. വെടിയൊച്ച കേട്ട് മറ്റ് യാത്രക്കാർ ഓടിയെത്തിയപ്പോഴേക്കും വേഗം കുറഞ്ഞ ട്രെയിനിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. മേയ്11ന് പുലർച്ചെ രണ്ടോടെ ജമ്മുതാവി എക്‌സ്‌പ്രസിൽ യാത്രചെയ്യവെ മറ്റൊരാളുടെ തലയ്‌ക്ക് വെടിവച്ച് ഇയാൾ കൊലപ്പെടുത്തി. അതേദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ വീരേന്ദ്ര എന്ന വ്യാജ പേരിൽ ഒരു രോഗിയായി ചികിത്സതേടിയ പ്രതി അവിടെ രോഗത്തിന് ചികിത്സ തേടിയ ഒരു സ്‌ത്രീയെയും കൊലപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, MURDERS, EX SERVICE, SHOTDEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY