
പാട്‌ന: നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ വിറ്റ നാലുപേർ അറസ്റ്റിൽ. ബീഹാറിലെ മുസാഫർപൂരിലുള്ള വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമാണ് പ്രതികൾ ചോദ്യപ്പേപ്പർ വിറ്റത്. ഹർഷ്, അമൻ കുമാർ, കനയ്യ കുമാർ, ഹർഷ് കനോഡിയ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്ന് മൊബൈൽ ഫോണുകളടക്കം പൊലീസ് പിടിച്ചെടുത്തു. ഇവർ ഒരു നെറ്റ്‌വർക്കായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നീറ്റ് അടക്കമുള്ള വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇവർ വിറ്റിരുന്നത്. ജൂൺ രണ്ടിന് ബാലു ഗട്ട് മേഖലയിൽ നിന്ന് മനീഷ് ഝാ എന്നയാളാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് ഇയാളുടെ സഹായികളായ നാലുപേർ പിടിയിലാവുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പണം കൈപ്പറ്റിയതിനുശേഷം പ്രതികൾ മനീഷിന് നൽകുകയാണ് ചെയ്തിരുന്നത്.
അതേസമയം, ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മാറ്റിവച്ച നീറ്റ് യു.ജി പുനഃപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in/ വഴി ഹാൾടിക്കറ്റുകൾ ഡൗൺ ലോഡ് ചെയ്യാം. പരീക്ഷാ കേന്ദ്രം ഉൾപ്പെടെയുള്ള വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹാൾടിക്കറ്റ് ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ലെന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |