കണ്ണൂർ:പരിയാരം ചുടലയിൽ വീട് കുത്തിത്തുറന്ന് 58 ഗ്രാം സ്വർണ്ണവും 36,000 രൂപയും കവർച്ച ചെയ്തു. ചുടല സട്രീറ്റ് നമ്പർ ഒൻപതിലെ മാടാളൻ വീട്ടിൽ എം.ഷഫീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കവർച്ച ചെയ്ത സ്വർണത്തിന് 8,65,860 രൂപയുടെ വിപണിമൂല്യം വരും. ദിവസങ്ങളോളം പ്രദേശം നിരീക്ഷിച്ചുവരുന്നവരാണ് കവർച്ച നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഓഗസ്റ്റ് 31ന് രാത്രി 9.30 നും ഇന്നലെ പുലർച്ചെ ഒന്നരക്കും ഇടയിൽ വീട്ടുകാർ നബിദിന ആഘോഷങ്ങൾക്കായി പള്ളിയിൽ പോയ സമയം നോക്കിയാണ് വീട് കുത്തിത്തുറന്നത്. വീടിന്റെ പിൻഭാഗത്ത വെന്റിലേറ്റർ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പ്രദേശത്തുള്ള പലരെയും നിരീക്ഷിച്ചുവരികയാണ്. ഇതിനകം കുറച്ചുപേരെ ചോദ്യം ചെയ്തിട്ടുണ്ട്.
ആളില്ലാത്ത വീടും പരിസരവും നിരീക്ഷിച്ച് കവർച്ച നടത്തുന്ന സംഘങ്ങൾ ജില്ലയിൽ സജീവമാണെന്നാണ് പൊലീസ് നിരീക്ഷണം.പകൽ പ്രദേശം നിരീക്ഷിച്ച് ആളില്ലാത്ത സമയം നോക്കി വീട് കുത്തിത്തുറക്കുന്നതാണ് ഇവരുടെ രീതി.ആക്രിസാധനങ്ങൾ ശേഖരിക്കാനെന്ന പേരിൽ വീടും പരിസരവും മനസ്സിലാക്കി വിവരം കൈമാറുന്നതിൽ സ്ത്രീകൾ അടക്കമുണ്ടെന്നാണ് വിവരം.പിടിക്കപ്പെട്ടാലും വിവിധ മാർഗങ്ങളിലൂടെ രക്ഷപ്പെടാനുള്ള അടവുകളും ഇവരുടെ പക്കലുണ്ട്. ജയിലിൽ അകപ്പെട്ടാൽ സാമ്പത്തിക സഹായം നൽകാനും നിയമസഹായം നൽകാനും ഇവർക്ക് ആളുകളുള്ളതായി പൊലീസ് പറയുന്നു. ഉന്നത ബന്ധം വരെ ഇത്തരം സംഘങ്ങൾക്കുണ്ടെന്നാണ് വിവരം.
വീട് പൂട്ടി ദീർഘദൂര യാത്ര പോകുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള പൊലീസിന്റെ പോൾ ആപ് സേവനം പ്രയോജനപ്പെടുത്താം.ഇതിൽ രജിസ്റ്റർ ചെയ്യുന്ന വീടുകളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.യാത്ര പോകുന്ന തീയതി, വീടിന്റെ ലൊക്കേഷൻ, വീട്ടുപേര്, അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ രേഖപ്പെടുത്തണം.
യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 48 മണിക്കൂർ മുൻപെങ്കിലും രജിസ്റ്റർ ചെയ്യണം.
യാത്രയ്ക്ക് ഏഴ് ദിവസം മുമ്പ് വരെ മുൻകൂട്ടി വിവരം അറിയിക്കാം.
പരമാവധി 14 ദിവസം വരെ പ്രത്യേക നിരീക്ഷണ സേവനം ലഭ്യമാകും.
ഗൂഗിൾ പ്ലേ-സ്റ്റോറിലും ആപ്പിൾ ആപ്പ്-സ്റ്റോറിലും 'പോൾ-ആപ്പ്' ലഭ്യം.
In Kannur's Pariyaram Chudalai, M. Shafeer's house was burgled, with 58 grams of gold worth ₹8,65,860 and ₹36,000 cash stolen. The theft occurred while the family was attending Nabi Din celebrations. Police are investigating, suspecting a well-planned operation by organized gangs active in the district, and have collected evidence from the scene.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |