
പൂവാർ: തമിഴ്‌നാട്ടിൽ നിന്ന് കടത്തി കൊണ്ടുവന്ന 55 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ എക്സൈസ് നർക്കോട്ടിക് സ്ക്വാഡ് സാഹസികമായി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡാർക്ക് ആന്റണി എന്ന് വിളിക്കുന്ന ആന്റണി (33), സഹീർ(ഇരുമ്പൻ സഹീർ) എന്നിവരെ പിടികൂടിയത്. കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ തിരുപുറം പുത്തൻകടയ്ക്ക് സമീപം വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിറുത്തി മാരക രാസലഹരിയായ എം.ഡി.എം.എ പിടികൂടിയത്.
എം.ഡി.എം.എ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു.ആന്റിണി വലിയതുറയിൽ 'ഹിറ്റ് കോർട്ട് ജിം' എന്ന സ്ഥാപനം നടത്തുകയാണ്. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ്. സഹീർ ഇതിന് മുമ്പും നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. ഇരുവരും എൻ.ഡി.പി.എസ് കേസുകളിലെയും പ്രതികളാണ്. എക്സൈസ് നാർക്കോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസും പൊലീസും പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.
വാണിജ്യ അളവിൽ ലഹരിമരുന്നുമായി പിടിയിലായ പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കില്ല. 10 ഗ്രാമിൽ കൂടുതൽ കൈവശം വെക്കുന്നത് വാണിജ്യ അളവായി കണക്കാക്കുന്നു. 55 ഗ്രാം പിടിച്ചെടുത്തതിനാൽ പ്രതികൾക്ക് 10 വർഷം വരെ കഠിനതടവും ലക്ഷക്കണക്കിന് രൂപ പിഴയും ശിക്ഷ ലഭിച്ചേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |