
തൃശൂർ:അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ സ്വർണാഭരണങ്ങളും മൂന്നരലക്ഷം രൂപയും കവർന്നു. കൂർക്കഞ്ചേരി ജുമാമസ്ജിദിന് സമീപം കുറുപ്പത്ത് തോപ്പ് ലൈനിൽ ഉണ്ണിപ്പിള്ളവീട്ടിൽ ഹസൻ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹസൻ അലിയും കുടുംബവും ഒരാഴ്ചയായി എറണാകുളത്തായിരുന്നു. ഇന്നലെ രാവിലെ കൂർക്കഞ്ചേരിയിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഇന്നലെ പുലർച്ചെ 1.30ഓടെ വീടിന്റെ മതിൽ ചാടി ഒരാൾ അകത്തുകടക്കുന്നതിന്റെ ദൃശ്യങ്ങൾ നിരീക്ഷണക്യാമറയിലുണ്ട്. മുൻവശത്തെ വാതിൽ ബലമുള്ള കമ്പി ഉപയോഗിച്ച് പൊളിച്ചനിലയിലാണ്. അകത്തേക്ക് കടന്ന് ആദ്യത്തെ കിടപ്പുമുറിയുടെ വാതിലും പൊളിച്ചു. ഇതിനുള്ളിലൂടെ അടുത്ത കിടപ്പുമുറിയിലേക്കും വാതിലുണ്ട്. ഇത് തുറന്നാണ് അലമാര കുത്തിപ്പൊളിച്ചത്.
അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കറിന്റെ താക്കോൽ ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് തുറന്ന് ആഭരണങ്ങളും പണവും കവരുകയായിരുന്നു. അലമാരയിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചിട്ട നിലയിലാണ്. ഹസൻ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തൃശൂർ എ.സി.പി ടി.ആർ.രാജേഷ്, നെടുപുഴ എസ്.എച്ച്.ഒ പി.സി.സനേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. എ.സി.പിയുടെ നേതൃത്വത്തിൽ സ്‌പെഷൽ ടീം അന്വേഷിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |