
വർക്കല: വെട്ടൂരിൽ ഗൃഹനാഥനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പ്രതികളെയും വർക്കല പൊലീസ് പിടികൂടി. ഒന്നാം പ്രതി മേൽവെട്ടൂർ ആശാൻമുക്ക് നൂറാ മൻസിലിൽ ജാസിം (24), രണ്ടാം പ്രതി താഴെവെട്ടൂർ ചിലക്കൂർ പള്ളിക്ക് സമീപം പുതിയവിള വീട്ടിൽ ഹായിസ് (25), മൂന്നാം പ്രതി മേൽവെട്ടൂർ ആശാൻമുക്കിന് സമീപം ജെസീറ മൻസിലിൽ നൂഹ് (23), നാലാം പ്രതി താഴെവെട്ടൂർ കനൽ പുറമ്പോക്ക് കാട്ടുവിളവീട്ടിൽ സെയ്ദലി (30) എന്നിവരാണ് പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയായ ഹാഷിറിനെ സംഭവ ദിവസം രാത്രിയോടെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
സംഭവശേഷം ബസിലും വാടകയ്ക്കെടുത്ത കാറിലും ബൈക്കിലുമായി പലയിടത്ത് സഞ്ചരിച്ച് വരവെയാണ് ശനിയാഴ്ച പ്രതികളെ തിരുവനന്തപുരം തമ്പാനൂരിനും വഞ്ചിയൂരിനും ഇടയിൽ വച്ച് പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ വേഗത്തിൽ പിടികൂടാൻ സഹായിച്ചതെന്നും പ്രദേശത്തെ ലഹരി വില്പനയും ഉപയോഗവും തടയുന്നതിനുള്ള കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വർക്കല ഡിവൈ.എസ്.പി ബി. ഗോപകുമാർ പറഞ്ഞു. മരിച്ച ഷാജഹാൻ സി.പി.എം പ്രവർത്തകനും വെട്ടൂർ പെരുമം ബ്രാഞ്ചംഗവുമാണ്.
25ന് രാത്രിയാണ് വെട്ടൂർ കേന്ദ്ര ജമാഅത്ത് പള്ളിക്ക് സമീപം ലഹരി സംഘത്തിന്റെ ആക്രമണത്തിൽ വെട്ടൂർ ചരുവിള വീട്ടിൽ ഷാജഹാൻ (65)കൊല്ലപ്പെട്ടത്. യുവാക്കളുടെ പരസ്യമദ്യപാനവും ലഹരി ഉപയോഗവും പൊലീസിൽ അറിയിച്ച വിരോധത്തിലാണ് പള്ളിയിൽ നിന്നും സുഹൃത്തിന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്ന ഷാജഹാനെ സംഘം ആക്രമിച്ചത്. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ലെന്ന് വർക്കല എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |