ഉദിയൻകുളങ്ങര: സ്ത്രീധനത്തിന്റെ പേരിൽ പൊലീസുകാരൻ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. നെയ്യാറ്റിൻകര സ്റ്റേഷനിലെ ഉദ്യോഗസ്ഥനും മാരായമുട്ടം മണലുവിള സ്വദേശിയുമായ രാഹുൽ ബാബുവാണ് (35) ഭാര്യയെ ആക്രമിച്ചത്. പരിക്കേറ്റ പ്രിയ.ജെ.എസ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വീട്ടിൽവച്ചാണ് സംഭവം. പ്രിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. വെട്ടുന്ന സമയത്ത് കുതറി മാറിയതിനാൽ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ദിവസങ്ങളായി രാഹുൽ അക്രമം നടത്തുന്നതായി പ്രിയ വനിത,ശിശുക്ഷേമ വകുപ്പിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രിയയ്ക്കും രണ്ട് മക്കൾക്കും പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശിച്ചിരുന്നു. പൊലീസുകാർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ആക്രമണമുണ്ടായത്.
സംഭവത്തെ തുടർന്ന് പ്രിയയും ബന്ധുക്കളും നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് പരാതി നൽകി. മാരായമുട്ടം പൊലീസിന് പരാതി കൈമാറിയതിനെ തുടർന്ന് മാരായമുട്ടം സി.ഐ രാഹുലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഹാജരാകാൻ തയ്യാറായില്ല. ഇന്ന് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമെന്നും അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |