
കഴക്കൂട്ടം:ശാരീരിക ബന്ധത്തിനിടെയാണ് കഠിനംകുളത്ത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പ്രതിയായ ജോൺസൺ ഔസേപ്പിന്റെ മൊഴി. തന്നെ ഒഴിവാക്കാൻ ആതിര ശ്രമിക്കുന്നുവെന്ന് തോന്നിയതിനെ തുടർന്നാണ് കൃത്യം നടത്തിയത്. സംഭവദിവസം രാവിലെ 6.30നാണ് ജോൺസൻ പെരുമാതുറയിലെ ലോഡ്ജിൽ നിന്ന് പുറപ്പെട്ടത്. അതിനുശേഷം ആതിര കുട്ടിയെ സ്കൂളിൽ അയയ്ക്കുന്നതുവരെ ആതിരയുടെ വീടിനു സമീപം ആരും അറിയാതെ നിന്നു. ഇക്കാര്യം അതിരയ്ക്കും അറിയാമായിരുന്നുവെന്നും ജോൺസൺ പറയുന്നു. അപ്പോഴും ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.
കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷമാണ് ജോൺസൻ ആതിരയുടെ വീട്ടിൽ കയറിയത്. കൈയിൽ കത്തിയുമായിട്ടാണ് ഇയാൾ വീട്ടിൽ എത്തിയത്. തുടർന്ന് ആതിര അടുക്കളയിൽ കയറിയ സമയം കത്തി കട്ടിലിലെ മെത്തയിൽ ഒളിപ്പിക്കുകയായിരുന്നു. അതിനുശേഷം ആതിര നൽകിയ ചായ കുടിച്ചു.പിന്നീട് ശാരീരിക ബന്ധത്തിലേർപ്പടുന്നതിനിടെ ഇയാൾ മെത്തയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ആതിരയെ കുത്തി. ആക്രമണത്തിനിടെ ജോൺസന്റെ ഷർട്ടിൽ ചോര പുരണ്ടിരുന്നു. അതിനാൽ ആതിരയുടെ ഭർത്താവിന്റെ ഷർട്ടും ഇട്ടാണ് ഇയാൾ വീട്ടിൽ നിന്ന് രക്ഷപ്പെട്ടത്. ആതിരയുടെ സ്‌കൂട്ടറിലാണ് രക്ഷപ്പെട്ടത്. രാവിലെ 9.30 ഓടുകൂടി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നു രക്ഷപ്പെട്ടു.അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയും തുടർന്ന് കോട്ടയത്തെ വീട്ടിൽ വന്ന് വസ്ത്രങ്ങൾ എടുത്ത് അടുത്ത താവളത്തിലേക്ക് പോകാൻ നിൽക്കവെയാണ് പൊലീസിന്റെ പിടിയിലാകുന്നത്.
പ്രതി ചികിത്സയിൽ
വിഷം കുടിച്ചതിനെ തുടർന്ന് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളുടെ ഉള്ളിൽ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില തൃപ്തികരമാണ്. രണ്ട് ദിവസമെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അതിന് ശേഷമായിരിക്കും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുക. ആശുപത്രിയിലുള്ള പ്രതി പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |