തിരുവനന്തപുരം: നഗരത്തെ രണ്ട് മണിക്കൂറോളം മുൾമുനയിൽ നിറുത്തി ഹോട്ടലിന് നേരെ ബോംബാക്രമണ ഭീഷണി. കിഴക്കേക്കോട്ടയിലെ 'ഫോർട്ട് മാനർ" ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മനുഷ്യബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഇംഗ്ളീഷിലുള്ള ഇ-മെയിൽ സന്ദേശം. ഹോട്ടലിലെ ഇ-മെയിലിൽ 9.30ഓടെ എത്തിയ സന്ദേശം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാനേജരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഹോട്ടലിൽ നിന്ന് വിവരമറിയിച്ചതോടെ 12.30ന് ഡി.സി.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം ഹോട്ടലിലേക്ക് പാഞ്ഞെത്തി. സൈറൺ മുഴക്കി ഫയർഫോഴ്സ് യൂണിറ്റുകളും എത്തിയതോടെ ഹോട്ടലിലെയും പരിസരത്തെയും ആളുകൾ ഭീതിയിലായി. പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഉൾപ്പെടുന്ന സംഘം ഓരോ മുറികളും അരിച്ചുപെറുക്കി. ആക്രമണ സാദ്ധ്യത മുന്നിൽക്കണ്ട് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളും ഹോട്ടൽ വളപ്പിൽ സജ്ജരായി നിന്നു. ഹോട്ടലുകളിലെ താമസക്കാരുടെ ലഗേജുകളും വാഹനങ്ങളും പൊലീസ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ഹോട്ടലിൽ കഴിഞ്ഞ ദിവസം താമസിച്ചവരുടെ വിവരങ്ങൾ, സി.സി.ടിവി ദൃശ്യങ്ങൾ എന്നിവയും പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
ഹോട്ടലിൽ ബോംബാക്രമണ ഭീഷണിയും പൊലീസ് തിരച്ചിലും നടക്കുമ്പോൾ ഹോട്ടലിൽ വിവാഹ നിശ്ചയ ചടങ്ങും നടക്കുന്നുണ്ടായിരുന്നു.
മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡിയിൽനിന്ന് വന്ന സന്ദേശത്തിൽ പറയുന്നത് തമിഴ്നാട്ടിലെ അണ്ണാമലൈ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടൽ മാനേജരുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസ് രജിസ്റ്രർ ചെയ്ത് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |