
വർക്കല: വീട്ടിൽ നിന്ന് പുറത്താക്കി ഇളയമകൾ ഗേറ്റ് പൂട്ടിയ സംഭവത്തിൽ വൃദ്ധമാതാപിതാക്കൾക്ക് ആശ്വാസമായി സബ് കളക്ടർ സംരക്ഷണ ഉത്തരവിറക്കി. അയിരൂർ തൃമ്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനത്തിൽ സുഷമ(72), ക്യാൻസർ രോഗിയായ ഭർത്താവ് സദാശിവൻ (79) എന്നിവർക്കാണ് സബ്കളക്ടർ തുണയായത്.
ഇവർ സബ്‌കളക്ടർക്ക് നൽകിയ പരാതിയുടെയും സംഭവത്തിൽ അയിരൂർ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്. മാതാപിതാക്കൾക്ക് തുടർന്നും ഈ വീട്ടിൽ താമസിക്കാമെന്നും മൂന്ന് മക്കളും ചേർന്ന് നൽകിയിരുന്ന 10,000 രൂപ മുടങ്ങാതെ തുടർന്നും നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. തുക വൃദ്ധദമ്പതികളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
ഭക്ഷണം,വസ്ത്രം,മരുന്ന്,ചികിത്സ എന്നിവയ്ക്കുള്ള ചെലവുകൾ മക്കൾ തുല്യമായി നൽകി മാതാപിതാക്കളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തണം. മാനസികമായോ ശാരീരികമായോ ഇവരെ ഉപദ്രവിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്.
ഇവ പാലിക്കാത്തപക്ഷം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും.ദമ്പതികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് അയിരൂർ എസ്.എച്ച്.ഒയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരവിന്റെ പകർപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തി കൈമാറി.പ്രശ്നം വഷളായതോടെ ബന്ധുക്കളും മറ്റ് മക്കളും ഇടപ്പെട്ട് വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് ശനിയാഴ്ച കൈമാറിയിരുന്നു.സബ് കളക്ടർ നിയമാനനുസൃത സംരക്ഷണം ഉറപ്പുവരുത്തിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.
വൃദ്ധമാതാപിതാക്കൾക്കുണ്ടായ ദുരനുഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ദമ്പതികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറോടും ആർ.ഡി.ഒയോടും മന്ത്രി ഡോ.ആർ.ബിന്ദു ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അന്വേഷണവും നടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |