
ഒപ്പമുണ്ടായിരുന്ന യുവതി മുങ്ങി ഒരാൾ കസ്റ്റഡിയിൽ
ആലപ്പുഴ: കുട്ടനാട്ടിലെ മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നതായി പരാതി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേലിക്കെട്ടിൽ വീട്ടിൽ കൃഷ്ണമ്മ ആനന്ദനെ (63) അക്രമിച്ച് നാലംഗ സംഘമാണ് മൂന്നരപ്പവൻ സ്വർണം, 36000 രൂപ, മൊബൈൽ ഫോൺ, ഓട്ടുരുളി, നിലവിളക്ക്, എ.ടി.എം കാർഡ് എന്നിവ കവർന്നത്. മോഷ്ടാക്കളെത്തിയപ്പോൾ കൃഷ്ണമ്മയ്ക്കൊപ്പം വീട്ടിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ദീപയെന്ന യുവതിയെ സംഭവത്തിന് ശേഷം കാണാതായി. തിരുവനന്തപുരത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച രാമങ്കരി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം സ്വദേശി രാജേഷിനെ (30) കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ അടുക്കള വാതിൽ വഴിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. വീട്ടിലുണ്ടായിരുന്ന യുവതി മോഷ്ടാക്കൾക്ക് വാതിൽ തുറന്നുനൽകിയതാണോ, ഇവർ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയതാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
കൃഷ്ണമ്മ ഉറങ്ങിക്കിടന്ന മുറിയിലെത്തിയ പ്രതികൾ ലൈറ്റിട്ടതോടെ കൃഷ്ണമ്മ ഉണർന്നു. ഉടൻ ഒരു മോഷ്ടാവ് കൃഷ്ണമ്മയുടെ മുഖത്ത് അടിച്ച ശേഷം താടിയിൽ കുത്തിപ്പിടിച്ച് കട്ടിലിലേക്ക് തള്ളിയിട്ടു. ബോധം മറഞ്ഞ കൃഷ്ണമ്മയുടെ കൈകാലുകൾ തോർത്ത് കൊണ്ട് കട്ടിലിനോട് ചേർത്ത് കെട്ടി. വായിൽ തുണിയും തിരുകി. മുറിയിലെ അലമാര തുറന്ന് രണ്ട് സ്വർണ്ണവളയും, ഒരു മാലയും കമ്മലും, പണവുമടക്കം കവർന്നെടുത്തു. വീടിന് പുറത്ത് നിന്ന് ഒരാൾ 'എന്തിരിനെടാ' എന്ന് വിളിച്ച് ചോദിക്കുന്നത് കേട്ടതായി കൃഷ്ണമ്മ രാമങ്കരി പൊലീസിന് മൊഴി നൽകി. രോഗീപരിചരണത്തിന് പോകാറുള്ള കൃഷ്ണമ്മ ആറ് മാസം മുമ്പ് ഒരു ആശുപത്രിയിൽ വെച്ചാണ് ഹോംനഴ്സായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ദീപയെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടായിരുന്ന ദീപ കഴിഞ്ഞ നാല് ദിവസമായി കൃഷ്ണമ്മയ്ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ഇരുവരും ഒന്നിച്ച് കൃഷ്ണമ്മയുടെ പണയത്തിലിരുന്ന സ്വർണ്ണം തിരിച്ചെടുക്കാനും, പോസ്റ്റ് ഓഫീസിലെ നിക്ഷേപത്തുക പിൻവലിക്കാനും പോയതായി വിവരമുണ്ട്.
പ്രതികൾ സ്ഥല വിട്ടശേഷം ബോധം വീണ്ടെടുത്ത അവശയായ കൃഷ്ണമ്മ വായിലെ തുണി പ്രയാസപ്പെട്ട് നീക്കം ചെയ്ത്, കൈകാലുകളിലെ കെട്ടഴിച്ച് അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ് ടോർച്ച് വാങ്ങി കുടുംബവീട്ടിലെത്തുകയായിരുന്നു. ബന്ധുക്കളാണ് രാമങ്കരി പൊലീസിൽ വിവരമറിയിച്ചത്. മുഖത്തും കണ്ണിനു താഴെയും അടിയേറ്റ പാടുണ്ട്. പല്ലിന് ഇളക്കമുണ്ട്. പുലർച്ചെ ചങ്ങനാശ്ശേരിയിലെ ഗവ ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |