
പത്തനംതിട്ട : വൃദ്ധയെ വീട്ടിൽ അതിക്രമിച്ചകയറി ബലാൽസംഗം ചെയ്ത 60കാരന് 15 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോന്നി അരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പെൽ വീട്ടിൽ ശിവദാസനെ (60) ആണ് ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി. പിഴയടച്ചില്ലെങ്കിൽ 6 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും പിഴത്തുക ഇരയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. 2022 മെയ് 10ന് പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി വൃദ്ധയുടെ വീട്ടിൽ കയറി ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അങ്കണവാടിയിലെ ജീവനക്കാരിയോടാണ് സംഭവത്തെപ്പറ്റി വൃദ്ധ ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് കോന്നി പൊലീസിൽ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. അന്നത്തെ പൊലീസ് ഇൻസ്‌പെക്ടർ ജി.അരുൺ ആണ് പ്രതിയെ പിടികൂടിയത്. മാർച്ച് 17 ന് വിചാരണ ആരംഭിച്ച കേസിൽ 12 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിച്ചു എന്ന പ്രത്യേകത ഈ കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എ.എസ്.ഐ ഹസീന പങ്കാളിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |