SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.16 PM IST

കോടതിക്കുള്ളില്‍ നാടകീയ രംഗങ്ങള്‍; 'മരിച്ച' ഭാര്യ ഹാജരായി, സംസ്‌കാര ചടങ്ങ് ബന്ധുവിന്റേത്

hc

കൊച്ചി: 'തടവിലായ' ഭാര്യയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ ജീന്‍ സിംഗാണ് (63) ഹര്‍ജിക്കാരന്‍. ഗ്വാളിയര്‍ സ്വദേശി ശ്രദ്ധ ലെനിന്‍ (42) ഭാര്യയാണെന്നും മരിച്ചതായി പറയപ്പെടുന്നെന്നും ഹര്‍ജിക്കാരന്‍ അറിയിച്ചിരുന്നു.

കോടതിയില്‍ പൊലീസ് ഹാജരാക്കിയ ശ്രദ്ധ ലെനിന്‍ അത് നിഷേധിച്ചു. ഹര്‍ജിക്കാരനുമായി വിവാഹബന്ധമില്ലെന്നും സൗഹൃദമാണുണ്ടായിരുന്നതെന്നും അത് തുടരാന്‍ താത്പര്യമില്ലെന്നും ശ്രദ്ധ പറഞ്ഞു. ഹര്‍ജിക്കാരനില്‍ നിന്ന് ബ്ലാക് മെയിലിംഗ് ഉണ്ടായതോടെ സൗഹൃദത്തില്‍ നിന്ന് ഒഴിവാകാനായാണ് താന്‍ മരിച്ചെന്ന സന്ദേശവും ശവസംസ്‌കാരത്തിന്റെ ദൃശ്യങ്ങളും വേറെ ഫോണ്‍ നമ്പറുകളില്‍ നിന്ന് അയച്ചുകൊടുത്തതെന്നും വ്യക്തമാക്കി. മാട്രിമോണിയല്‍ പരസ്യത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.

നിയമപരമായ വിവാഹബന്ധം ഉണ്ടായിട്ടില്ലെന്നും പള്ളിയില്‍ വച്ചാണ് താലികെട്ടിയതെന്നും കോടതിയില്‍ ഹാജരായ ഹര്‍ജിക്കാരനും സമ്മതിച്ചു. തന്റെ രണ്ടു കോടി രൂപ യുവതിയും കൂട്ടരും തട്ടിയെടുത്തത് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടു. പണം ഹര്‍ജിക്കാരന്‍ സ്വമേധയാ നല്‍കിയതാണെന്നായിരുന്നു യുവതിയുടെ വാദം. താന്‍ ആരുടെയും തടങ്കലില്‍ അല്ലെന്നും ജീവന് ഭീഷണിയില്ലെന്നും ബോധിപ്പിച്ചു. ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി. കേസിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സാമ്പത്തിക വഞ്ചനയടക്കം നടന്നിട്ടുണ്ടെങ്കില്‍ ഇരുകൂട്ടര്‍ക്കും നിയമപരമായി നീങ്ങാമെന്നും കോടതി വ്യക്തമാക്കി.

സംസ്‌കാര ദൃശ്യങ്ങള്‍ ബന്ധുവിന്റേത്

തൃശൂര്‍ സ്വദേശി കെ.എം. ജോസഫ് സ്റ്റീവനും കൂട്ടാളികളും ഭാര്യയെ തടവിലാക്കിയെന്നായിരുന്നു ജീന്‍ സിംഗിന്റെ ആരോപണം. ഇതിനിടെ ഒരു അഭിഭാഷകന്റെയും കന്യാസ്ത്രീയുടെയും പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വന്നു. ശ്രദ്ധ മരിച്ചെന്ന് അറിയിച്ച ഇവര്‍ സംസ്‌കാര ദൃശ്യങ്ങളും അയച്ചുകൊടുത്തു. ഇത് താന്‍ തന്നെ നടത്തിയ നാടകമായിരുന്നുവെന്നാണ് യുവതി കോടതിയെ അറിയിച്ചത്. സംസ്‌കാര ദൃശ്യങ്ങള്‍ ഒരു ബന്ധുവിന്റേതാണ്. ഹര്‍ജി കഴിഞ്ഞ ദിവസം വാദത്തിനെടുത്തതിനു പിന്നാലെ പൊലീസും പ്രോസിക്യൂഷനും ഫോണ്‍ നമ്പറുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രദ്ധയെ മരടിലെ താമസസ്ഥലത്തു കണ്ടെത്തിയത്.

ജോസഫ് സ്റ്റീവന്‍ എന്ന പേര് ലെനിന്‍ തമ്പി എന്ന് ഹര്‍ജിക്കാരന്‍ മാറ്റിപ്പറഞ്ഞിരുന്നു. പേരിലും വിലാസത്തിലും വ്യക്തതയില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഫാഷന്‍ ഷോകള്‍ സംഘടിപ്പിച്ചിരുന്ന തനിക്ക് ജീന്‍ സിംഗ് സൗഹൃദത്തിന്റെ പേരില്‍ പണം നല്‍കിയതാണെന്നാണ് യുവതി പറയുന്നത്. വഞ്ചനക്കേസ് കൊടുക്കുമെന്നാണ് ഹര്‍ജിക്കാരന്റെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY