SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

വൃദ്ധയുടെ വീട്ടുവരാന്തയിൽ ഭീഷണിക്കത്ത്

hgy

പയ്യോളി: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് പണമാവശ്യപ്പെട്ട് അജ്ഞാതരുടെ ഭീഷണിക്കത്ത്. പയ്യോളി കണ്ണങ്കുളത്ത് എടോളി ശാന്തയുടെ വീട്ടുവരാന്തയിലാണ് രണ്ട് യുവാക്കൾ ഭീഷണിക്കത്ത് കൊണ്ടിട്ടത്. ഇതുസംബന്ധിച്ച് ശാന്ത പയ്യോളി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കത്തുമായി ശാന്തയുടെ വീട്ടിലെത്തിയ രണ്ടുപേർ കാളിങ്ങ് ബെൽ അടിച്ച് വീട്ടുകാരെ വിളിക്കുകയും വാതിൽ തുറക്കുന്നതിന് മുമ്പ് കൊണ്ടുവന്ന പേപ്പർ വരാന്തയിൽ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ഇന്ന് രാത്രി ഒരു അജ്ഞാതൻ വരുമെന്നും 1.5 ലക്ഷം അയാളുടെ കൈവശം കൊടുക്കണമെന്നുമാണ് കത്തിലെ ആവശ്യം. രാത്രി 1.30നുശേഷം വീടിന് മുന്നിൽനിന്ന് എന്തെങ്കിലും ശബ്ദം കേട്ടാൽ വാതിൽ തുറക്കണമെന്നും വന്നയാൾ ചുവന്ന തൊപ്പി ധരിച്ചയാളാണെന്ന് ഉറപ്പുവരുത്തി പണം കൈമാറണമെന്നുമാണ് നിർദ്ദേശം. പണം നൽകിയില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പുറം ലോകത്തേക്ക് വിപണനം നടത്തുമെന്നും മരണത്തിന്റെ കരങ്ങൾ നിങ്ങളെ തൂക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് കത്ത് അവസാനിക്കുന്നത്. അതേസമയം, മതിൽ ചാടി രണ്ടുപേർ ഓടുന്നത് അയൽവാസി കാണുകയും യുവാക്കളിലൊരാളെ പിടികൂടുകയും ചെയ്തെങ്കിലും പിടിയിൽനിന്ന് കുതറി മാറി രക്ഷപ്പെടുകയായിരുന്നു.

ഇവർ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കിന്റെ നമ്പർ പ്ലേറ്റിന്റെ ചിത്രം നാട്ടുകാർ പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പ്രദേശത്തെ സി.സി.ടി.വി ഫൂട്ടേജുകൾ പരിശോധിച്ചെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY