
ആലപ്പുഴ: ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ട പിടിയിലായി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ചുപറി, ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തി അതിക്രമിച്ചുകയറൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ നെഹ്റുട്രോഫി വാർഡ് നടുച്ചിറ വീട്ടിൽ ശ്യാംലാലാണ് (പുന്നമട ശ്യാം) തടങ്കലിലായത്.
ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് ഷാജി വി.നായറിന്റെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോർത്ത് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഡിവൈ.എസ്.പി ജി.ബി. മുകേഷ്, നോർത്ത് എസ്.എച്ച്.ഒ എം.ജെ അരുൺ, എസ്.ഐ മുഹമ്മദ് നിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജാക്സൺ, വിനയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശ്യാംമിനെ അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചത്. 2024ലെ ലോക്സഭാ ഇലക്ഷനോടനുബന്ധിച്ച് പുന്നമട ശ്യാമിനെ ആറുമാസത്തേയ്ക്ക് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. കൂടുതൽ പേർക്കെതിരെ കരുതൽ തടങ്കൽ സ്വീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ആലപ്പുഴ നോർത്ത് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |