
ചേർത്തല: ഓട്ടിസം ബാധിതനായ യുവാവിനെ സമീപവാസി പട്ടിക കൊണ്ട് മർദ്ദിച്ചതായി പരാതി. ചേർത്തല നഗരസഭ 19ാം വാർഡ് ആഞ്ഞിലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ പരേതനായ അജിയുടെയും മായയുടെയും മകൻ അഭിജിത്താണ് (26) മർദ്ദനത്തിനിരയായത്.
ഞായറാഴ്ച രാവിലെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം. മായ വീട്ടുജോലിക്ക് പോയ സമയത്ത് അഭിജിത്ത് പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സമീപവാസിയാണ് 'ബംഗാളി' എന്ന് പറഞ്ഞുകൊണ്ട് അഭിജിത്തിനെ പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദ്ദിച്ചത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്ന് വ്യക്തമായിട്ടും മർദ്ദിച്ചെന്നും മാതാവ് മായ ആരോപിച്ചു.
മർദ്ദനത്തിൽ ഇടത് കൈക്ക് നീര് വന്നതായും പറയുന്നു.പരിക്കേറ്റ അഭിജിത്തിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചേർത്തല പൊലീസിൽ മായ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |